കോവിഡ് മൂലം ഐസിയുവില്‍ ആയവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷവും ഗുരുതര പ്രത്യാഘാതങ്ങള്‍

covid-test
SHARE

കോവിഡ് ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സിക്കേണ്ടി വന്ന രോഗികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷവും ശാരീരികവും മാനസികവും ധാരണാശേഷി സംബന്ധമായതുമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനം. ഇവരില്‍ ജോലിക്കാരായ പകുതിയിലധികം പേര്‍ക്കും ഒരു വര്‍ഷത്തിന് ശേഷവും തൊഴില്‍ സ്ഥലത്ത് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായും നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മുന്‍പത്തേതിനേക്കാൾ കുറഞ്ഞ സമയം ജോലി ചെയ്യാന്‍ സാധിക്കുക, സിക്ക് ലീവുകള്‍ നിരവധി എടുക്കേണ്ടി വരിക പോലുള്ള പ്രശ്നങ്ങളാണ് ഇവര്‍ക്ക് ഉണ്ടാകുന്നത്. 

നെതര്‍ലന്‍ഡ്സിലെ 11 ആശുപത്രികളായി കോവിഡിന് ഐസിയു പരിചരണം നേടിയ 246 രോഗികളെയാണ് പഠനത്തിന്‍റെ ഭാഗമാക്കിയത്. ഇവരില്‍ 74.3 % പേര്‍ക്ക് ശാരീരിക പ്രശ്നങ്ങളും 26.2 % പേര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളും 16.2 % പേര്‍ക്ക് ധാരണാശേഷി സംബന്ധമായ പ്രശ്നങ്ങളും ഒരു വര്‍ഷത്തിന് ശേഷവും തുടരുന്നു. ഗവേഷണത്തില്‍ പങ്കെടുത്ത രോഗികളുടെ ശരാശരി പ്രായം 61 ആണ്. ഇവരില്‍ 71.5 ശതമാനവും പുരുഷന്മാരുമാണ്. കോവിഡ് മൂലം ഇവര്‍ ശരാശരി 18 ദിവസം ഐസിയുവില്‍ ചെലവഴിച്ചു.

ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും കോവിഡ് ചികിത്സയെ തുടര്‍ന്ന് പുതിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ശരീരം ദുര്‍ബലമായ അവസ്ഥ(38.9 % പേര്‍), സന്ധികള്‍ക്ക് പിരിമുറുക്കം(26.3 % പേര്‍), സന്ധി വേദന(25.5 % പേര്‍), പേശികള്‍ക്ക് ദുര്‍ബലത(24.8 % പേര്‍), പേശിവേദന(21.3 % പേര്‍) തുടങ്ങിയ പ്രശ്നങ്ങളാണ് പലരും ഉന്നയിച്ചത്. മാനസിക പ്രശ്നങ്ങളുടെ കാര്യമെടുത്താല്‍ 17.9 % പേര്‍ ഉത്കണ്ഠയും 18.3 % പേര്‍ വിഷാദരോഗവും 9.8 % പേര്‍ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോഡറും റിപ്പോര്‍ട്ട് ചെയ്തു. 

ദീര്‍ഘകാല പ്രശ്നങ്ങളുണ്ടാകാന്‍ ഉയര്‍ന്ന സാധ്യതയുള്ളവര്‍ കോവിഡിന് ഐസിയുവില്‍ ചികിത്സ തേടുമ്പോൾ  തന്നെ റീഹാബിലിറ്റേഷന്‍ തെറാപ്പി ആരംഭിക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റാഡ്ബൗണ്ട് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററിലെ മേരിക് സെഗേര്‍സ് പറഞ്ഞു. ഇതേ രോഗികളെ രണ്ടും മൂന്നും നാലും അഞ്ചും വര്‍ഷത്തിന് ശേഷം നിരീക്ഷിച്ച് കൊണ്ട് പഠനം തുടരുമെന്നും മേരിക് കൂട്ടിച്ചേര്‍ത്തു.

English Summary : Most COVID ICU Survivors Show Adverse Effects 1 Year Later

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA