ADVERTISEMENT

കോവിഡ് ബാധിതരില്‍ നല്ലൊരു പങ്കും രോഗമുക്തിക്ക് മാസങ്ങള്‍ക്കു ശേഷവും ചില രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്നവരാണ്. ലോങ് കോവിഡ് അഥവാ ദീര്‍ഘകാല കോവിഡ് എന്നറിയപ്പെടുന്ന ഈ അവസ്ഥ നേരിടുന്നവര്‍ക്ക് പൊതുവായി കാണുന്ന ലക്ഷണമാണ് ബ്രെയിന്‍ ഫോഗ്. തലച്ചോറിനും ചിന്തയ്ക്കുമെല്ലാം മൊത്തത്തിലൊരു മന്ദതയും ആശയക്കുഴപ്പവുമെല്ലാം വരുന്നതിനെയാണ് ബ്രെയിന്‍ ഫോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഈ അവസ്ഥയില്‍ തലച്ചോറിന്‍റെ ധാരണശേഷി താത്ക്കാലികമായി തടസ്സപ്പെടും. 

 

നിരവധി കാരണങ്ങള്‍ കൊണ്ട് മനുഷ്യര്‍ക്ക് മുന്‍പും ബ്രെയിന്‍ ഫോഗ് വരാറുണ്ടായിരുന്നെങ്കിലും കോവിഡ് അനന്തരമുള്ള ഒരു ദീര്‍ഘകാല ലക്ഷണമെന്ന നിലയിലാണ് ഇതിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കോവിഡ് ബാധിച്ചവര്‍ക്ക് പോലും  ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷവും ബ്രെയിന്‍ ഫോഗ് ഉണ്ടാകാമെന്ന് ഒക്സ്ഫഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആറ് മുതല്‍ ഒന്‍പത് മാസങ്ങള്‍ക്കകം പല രോഗികള്‍ക്കും ബ്രെയിന്‍ ഫോഗ് മാറിയതായും ഗവേഷണഫലം ചൂണ്ടിക്കാട്ടുന്നു. 

 

ബ്രെയിന്‍ ഫോഗ് എങ്ങനെ കണ്ടെത്താം?

 

ഒരാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ  പെട്ടെന്ന് ആ ചിന്തയുടെ കണ്ണി മുറിയുകയും പിന്നീട് ആ സംഭാഷണം തുടരാന്‍ സാധിക്കാതെ വരികയുമൊക്കെ ചെയ്യുന്നത് ബ്രെയിന്‍ ഫോഗിന്‍റെ പ്രകടമായ ഫലമാണ്. വായിക്കുമ്പോഴോ എഴുതുമ്പോഴോ, വീട്ടിലെ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ അതില്‍ നിന്നും ശ്രദ്ധ വ്യതിചലിച്ച് യാന്ത്രികമായി അത് ചെയ്യുന്നതും ബ്രെയിന്‍ ഫോഗ് മൂലമാകാം. 

 

ചികിത്സ

ചിന്തകള്‍ക്ക് ഒരു മൂര്‍ച്ചയില്ലാതെ ആകപ്പാടെ ഒരു മന്ദത അനുഭവപ്പെട്ടാല്‍ അതിനെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടാതെ ഡോക്ടറെ കാണുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. ശരിയായ സമയത്ത് വൈദ്യസഹായം ലഭിക്കുന്നത് പ്രശ്നം പരിഹരിച്ച് പഴയ പടിയാകാന്‍ സഹായിക്കും. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാതെ വിട്ടാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനും മതി. 

 

പരീക്ഷിക്കാം ഈ കാര്യങ്ങള്‍

ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും എന്തെങ്കിലും തരത്തിലുള്ള എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നന്നായി ഉറങ്ങുന്നതും ഹോള്‍ ഗ്രെയിനുകള്‍, ഒലീവ് ഓയില്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ആഹാരം കഴിക്കുന്നതുമെല്ലാം ബ്രെയിന്‍ ഫോഗിനെ നേരിടാന്‍ സഹായകമാണ്. ഒറ്റയ്ക്കിരിക്കാതെ സമൂഹവുമായി ഇടപെടലുകള്‍ നടത്തുന്നതും തലച്ചോറിനെ സജീവമാക്കും. വായന, പാട്ടു കേള്‍ക്കല്‍, യോഗ, ധ്യാനം തുടങ്ങിയവയും ബ്രെയിന്‍ ഫോഗിനെ മറികടക്കാന്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

English Summary : Post-COVID brain fog; how it feels and how long it lasts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com