ADVERTISEMENT

കോവിഡിന് ആദ്യമായി ഒരു വാക്സീന്‍ കണ്ടെത്തിയപ്പോള്‍ മഹാമാരിയുടെ അന്ത്യത്തിന് തുടക്കമായി എന്ന് കരുതിയവരാണ് നാമെല്ലാവരും. എന്നാല്‍ രണ്ട് വാക്സീന്‍ ഡോസ് എടുത്തവരും രോഗബാധിതരാകാമെന്ന് ഡെല്‍റ്റ വകഭേദം നമുക്ക് കാട്ടിത്തന്നു. വാക്സീന്‍ എടുത്തവരും എടുക്കാത്തവരും കോവിഡ് വന്നവരും വരാത്തവരുമെല്ലാം രോഗബാധിതരാകുന്ന ഒമിക്രോണ്‍ തരംഗത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ് ലോകം. എന്തിന് വെറുതേ ഈ വാക്സീന്‍ എടുക്കുന്നു എന്ന തോന്നല്‍ ചിലര്‍ക്കെങ്കിലും സ്വാഭാവികമായും ഉണ്ടായിട്ടുണ്ടാകാം. ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന അഞ്ചാം പനി വാക്സീനും 20 വര്‍ഷത്തേക്ക് രോഗം വരാതെ കാക്കുന്ന ചിക്കന്‍ പോക്സ് വാക്സീനും ഒക്കെയുള്ള ലോകത്താണ് ഒന്നും രണ്ടും മൂന്നും ഡോസ് എടുത്തിട്ടും കോവിഡ് വാക്സീനുകള്‍ക്ക് രോഗം വരുന്നതിനെ തടയാനാകാത്ത അവസ്ഥ ഉണ്ടാകുന്നത്. 

 

എന്തുകൊണ്ടാണ് കോവിഡ് വാക്സീനുകള്‍ക്ക് ഈ ഗതി വന്നതെന്ന ചോദ്യത്തിന് ഉത്തരമേകുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള വിഗ്യാന്‍ പ്രസാറിലെ ശാസ്ത്രജ്ഞന്‍ ടി. വി. വെങ്കടേശ്വരന്‍. അണുബാധയെ ഒഴിവാക്കാനുള്ള ഒരു വാക്സീന്‍റെ കഴിവ് അതുളവാക്കുന്ന പ്രതിരോധ പ്രതികരണം, ആന്‍റിബോഡികള്‍ ശോഷിക്കുന്നതിന്‍റെ വേഗം, വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലാവധി, വകഭേദങ്ങള്‍ക്ക് പ്രതിരോധശേഷിയെ വെട്ടിച്ച് കടക്കാനുള്ള കഴിവ് തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി ദ ഫെഡറലില്‍ എഴുതിയ ലേഖനത്തില്‍ ടി.വി. വെങ്കടേശ്വരന്‍ ചൂണ്ടിക്കാട്ടി. 

 

ആന്‍റിബോഡിയുടെ ഹാഫ് ലൈഫ് നിര്‍ണായകം

ഒരു വൈറസിനെതിരെ വാക്സീന്‍ മൂലമോ അണുബാധ മൂലമോ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡിയുടെ തോത് പകുതിയാകാന്‍ എടുക്കുന്ന കാലാവധിയാണ് ഹാഫ് ലൈഫ്. ഓരോ വൈറസിനെതിരെയും ഉണ്ടാകുന്ന ആന്‍റിബോഡിയുടെ ഹാഫ് ലൈഫ് വ്യത്യസ്തമായിരിക്കും. ഒറിഗോണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് അഞ്ചാം പനിക്ക് ഇത് 200 വര്‍ഷമാണ്. റൂബെല്ലയ്ക്ക് ഇത് 85 വര്‍ഷവും വാരിസെല്ല-സോസ്റ്റര്‍ വൈറസിന് 50 വര്‍ഷവും ടെറ്റനസിന് 11 വര്‍ഷവും ഡിഫ്തീരിയക്ക് 19 വര്‍ഷവുമാണ്. ഇതിനാലാണ് അഞ്ചാം പനിക്ക്‌  ജീവിതകാലത്ത് ഒരേയൊരു വാക്സീന്‍ എടുക്കേണ്ടി വരുമ്പോൾ  ബൂസ്റ്റര്‍ ടെറ്റനസ് ഷോട്ടുകള്‍ ഓരോ 10 വര്‍ഷവും ആവർത്തിക്കേണ്ടി  വരുന്നതെന്ന് വെങ്കടേശ്വരന്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ കൊറോണ വൈറസിന് ഇത് വെറും 20.4 ദിവസമാണ്. അതായത് കോവിഡ് വന്ന ഒരാളിലും വാക്സീന്‍ എടുത്ത ഒരാളിലും വൈറസിനെതിരെ ഉണ്ടാകുന്ന ആന്‍റിബോഡികള്‍ 20.4 ദിവസത്തിന് ശേഷം പകുതിയായി കുറയും. 

 

ഇന്‍ക്യുബേഷന്‍ കാലാവധി

ഒരു വൈറസ് ശരീരത്തില്‍ കടക്കുന്നതിനും ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതിനും ഇടയിലുള്ള കാലാവധിയാണ് ഇന്‍ക്യുബേഷന്‍ കാലാവധി. വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലാവധിയും അതിനെതിരെ ന്യൂട്രലൈസിങ് ആന്‍റിബോഡികളെ പുറപ്പെടുവിക്കാന്‍ ശരീരം എടുക്കുന്ന സമയവും വാക്സീനുകള്‍ക്ക് വൈറസിനെ നിയന്ത്രിക്കാനാകുമോ എന്നതില്‍ നിര്‍ണായകമാണ്. ഹെപ്പറ്റൈറ്റിസ് ബി വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലാവധി 45 മുതല്‍ 160 വരെ ദിവസമാണെങ്കില്‍ കോവിഡിന് ഇത് വെറും ഒന്ന് മുതല്‍ 14 ദിവസം വരെയാണ്. ശരാശരി അഞ്ച് ദിവസവും. ഇന്‍ക്യുബേഷന്‍ കാലാധി നീണ്ടതാണെങ്കില്‍ ആന്‍റിബോഡികള്‍ക്ക് വൈറസിനെതിരെ അണിനിരക്കാനും സംരക്ഷണം തീര്‍ക്കാനും കൂടുതല്‍ സമയം  ലഭിക്കും. കോവിഡിന്‍റെ കാര്യത്തില്‍ ഇത് വളരെ കുറവാണെന്നതും വാക്സീനുകള്‍ക്ക് വെല്ലുവിളിയാണെന്ന് ടി. വി. വെങ്കടേശ്വരന്‍ ചൂണ്ടിക്കാട്ടി. 

 

മുന്‍ അണുബാധയും വാക്സീനും  മൂലം  നേടിയെടുക്കുന്ന പ്രതിരോധശേഷിയെ വെട്ടിച്ച് രക്ഷപ്പെടാന്‍ കഴിയുന്ന വകഭേദങ്ങള്‍ കൂടി വരുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വാക്സീനുകള്‍ എടുക്കുന്ന കാര്യത്തില്‍ ആരും ഉപേക്ഷ കാണിക്കരുതെന്ന് ലേഖനം ഓര്‍മിപ്പിക്കുന്നു. വൈറസിന്‍റെ തീവ്രത കുറയ്ക്കാന്‍ മാത്രമല്ല ദീര്‍ഘകാല കോവിഡ് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും വാക്സീനുകള്‍ സഹായിക്കുമെന്ന് വെങ്കടേശ്വരന്‍ കൂട്ടിച്ചേര്‍ക്കുന്നു. ബൈക്കോടിക്കുമ്പോൾ  വയ്ക്കുന്ന ഹെല്‍മറ്റ് പോലെ വാക്സീനെ കാണണമെന്നാണ് വിഗ്യാന്‍ പ്രസാറിലെ ഈ ശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിക്കുന്നത്. ഹെല്‍മറ്റ് ധരിച്ചതു കൊണ്ട് അപകടം ഒഴിവായെന്ന് വരില്ല. എന്നാല്‍ അപകടം വരുമ്പോൾ  തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റാതെ ജീവന്‍ രക്ഷിക്കാന്‍ ഹെല്‍മെറ്റിന് സാധിച്ചേക്കാം. ചില അപൂര്‍വം അവസരങ്ങളില്‍ ഹെല്‍മറ്റ് വച്ചാലും മരണം സംഭവിക്കാം. ഇതേ പോലെ തന്നെയാണ് വാക്സീന്‍ നല്‍കുന്ന സുരക്ഷയും. പൂര്‍ണ സംരക്ഷണം രോഗത്തില്‍ നിന്ന് നല്‍കിയില്ലെങ്കിലും രോഗതീവ്രതയുടെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്സീന് സാധിക്കുമെന്ന് ലേഖനം കൂട്ടിച്ചേര്‍ത്തു. 

English Summary : Why COVID vaccines fail to provide lasting immunity?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com