ADVERTISEMENT

വാക്സീനോ മുന്‍ അണുബാധകളോ വഴി ഇപ്പോള്‍ മനുഷ്യശരീരത്തില്‍ ഉണ്ടായിരിക്കുന്ന ആന്‍റിബോഡികള്‍ക്കൊന്നും കോവിഡിന്‍റെ ഒമിക്രോണ്‍ വൈറസിനെ തടുക്കാനാകില്ലെന്ന് പഠനം. ഒമിക്രോണിന് ഉണ്ടായിരിക്കുന്ന നാല്‍പത്തിയാറില്‍ പരം ജനിതക വ്യതിയാനങ്ങളാണ് ആന്‍റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ വൈറസിനെ സഹായിക്കുന്നതെന്നും കൊളംബിയയിലെ മിസോറി സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.   

 

ഗവേഷണത്തില്‍ കണ്ടെത്തിയ 46ല്‍ 30 വ്യതിയാനങ്ങളും ഉണ്ടായിരിക്കുന്നത് വൈറസിന്‍റെ മുന പോലുള്ള സ്പൈക് പ്രോട്ടീനിലാണ്. പല ആന്‍റിബോഡികളും വൈറസിനോട് ഒട്ടിച്ചേര്‍ന്ന് അവയെ നിര്‍വീര്യമാക്കാന്‍ തിരഞ്ഞെടുക്കുന്നതും സ്പൈക് പ്രോട്ടീനിലെ ചില പ്രത്യേക ഇടങ്ങളാണ്. ഇത്തരം ഇടങ്ങളില്‍ ഉണ്ടായിരിക്കുന്ന വ്യതിയാനം ആന്‍റിബോഡികള്‍ക്ക് വൈറസിനോട് ഒട്ടിച്ചേരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്നും ഇത്തരത്തില്‍ വൈറസ് രക്ഷപ്പെടുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ കമലേന്ദ്ര സിങ് പറഞ്ഞു.  

 

ഒമിക്രോണിന്‍റെ 23 വ്യതിയാനങ്ങള്‍ ഈ വകഭേദത്തിന് തനതായി ഉള്ളതാണെന്നും മുന്‍ വകഭേദങ്ങളില്‍ അവ കാണപ്പെട്ടിട്ടില്ലെന്നും ജേണല്‍ ഓഫ് ഓട്ടോ ഇമ്മ്യൂണിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നു. രണ്ട് വ്യതിയാനങ്ങള്‍ ഡെല്‍റ്റയിലും ഡെല്‍റ്റ പ്ലസിലും കാണപ്പെട്ടത് തന്നെയാണ്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ഒമിക്രോണ്‍ സാംപിളുകളിലെ പ്രോട്ടീന്‍ സീക്വന്‍സുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 

 

വൈറസിന്‍റെ പരിണാമത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നത് അതിന്‍റെ ചില പ്രത്യേക ഇടങ്ങളെ ലക്ഷ്യം വച്ചുള്ള ആന്‍റിവൈറല്‍ ചികിത്സകള്‍ വികസിപ്പിക്കാന്‍ സഹായിക്കുമെന്നും കമലേന്ദ്രസിങ്ങ് ചൂണ്ടിക്കാട്ടി.  ഡല്‍ഹി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല വികസിപ്പിച്ച ആയുര്‍വേദ മരുന്നായ കൊറോക്വില്‍-Zn കോവിഡ് രോഗികളിലെ വൈറല്‍ ലോഡ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് നേരത്തെ മിസോറി സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞിരുന്നു. തലച്ചോര്‍, ശ്വാസകോശം, മറ്റ് അവയവങ്ങള്‍ എന്നിവയ്ക്ക് കോവിഡ് അനന്തരം ഈ മരുന്നുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സര്‍വകലാശാല പഠനം നടത്തി വരികയാണ്.

English Summary : Antibodies become ineffective against Omicron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com