ADVERTISEMENT

കോവിഡ്  ഒരു മഹാമാരിയെന്ന നിലവിട്ട് പ്രാദേശികമായി ചിലയിടങ്ങളില്‍ മാത്രം പടരുന്ന പകര്‍ച്ചവ്യാധിയായി മാറുമെന്ന പ്രതീക്ഷയിലാണ് ലോകം. ഒമിക്രോണ്‍ വകഭേദത്തിന്‍റെ തീവ്രത കുറവാണെന്നത് പരിണമിച്ച് പരിണമിച്ച് വീര്യം കുറഞ്ഞ വൈറസായി കൊറോണ മാറുമെന്ന ശുഭാപ്തിവിശ്വാസം ആരോഗ്യവിദഗ്ധരിലടക്കം നല്‍കുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയായത് കൊണ്ട് മാത്രം കോവിഡ് നിര്‍ദ്ദോഷകരമായ രോഗമാകില്ലെന്നും ജീവിതം സാധാരണ മട്ടിലേക്ക് മടങ്ങുമെന്ന് കരുതരുതെന്നും ഓക്സഫഡ് സര്‍വകലാശാലയിലെ വൈറോജിസ്റ്റ് പ്രഫ. അരിസ് ക്യാറ്റ്സൗരാകിസ് പറയുന്നു.

 

കൂടുതല്‍ പേരിലേക്ക് നിയന്ത്രണങ്ങളില്ലാതെ പകരാന്‍ അനുവദിച്ചാല്‍ ഇനിയും അപകടകരമായ വകഭേദങ്ങള്‍ കോവിഡിന് ഉണ്ടാകാമെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് സ്വാഭാവികമായി അങ്ങനെ അങ്ങ് ഇല്ലാതാകുമെന്ന് കരുതുന്നത് മണ്ടത്തരമാകുമെന്നും ഓക്സഫഡില്‍ വൈറല്‍ പരിണാമത്തെയും ജീനോമിക്സിനെയും കുറിച്ച് ഗവേഷണം നടത്തുന്ന പ്രഫ. അരിസ് ചൂണ്ടിക്കാട്ടി. 

 

ബാധിക്കപ്പെടുന്ന ആളുകളുടെ എണ്ണം ഒരാള്‍ എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതിനെ കുറിക്കുന്ന റീപ്രൊഡക്‌ഷന്‍ നമ്പരുമായി ബാലന്‍സ് ചെയ്യപ്പെടുമ്പോഴാണ് ഏതെങ്കിലും രോഗം പകര്‍ച്ചവ്യാധി ആയതായി കരുതുന്നത്. സാധാരണ ജലദോഷ പനി, ലാസ ഫീവര്‍, മലേരിയ, പോളിയോ എന്നിവയെല്ലാം പകര്‍ച്ചവ്യാധികളാണ്. വാക്സീന്‍ കണ്ടെത്തും വരെ സ്മോള്‍ പോക്സും പകര്‍ച്ച വ്യാധിയായിരുന്നു. 

 

എന്നാല്‍ പകര്‍ച്ചവ്യാധിയായിരിക്കുമ്പോഴും ഒരു രോഗത്തിന് മാരകമാകാനും ആളുകളെ കൊന്നൊടുക്കാനും കഴിയുമെന്ന് പ്രഫ. അരിസ് ലേഖനത്തില്‍ പറയുന്നു. 2020ല്‍ മലേരിയ മൂലം ആറു ലക്ഷം പേരും ക്ഷയരോഗം മൂലം 15 ലക്ഷം പേരും ലോകത്ത് മരണമടഞ്ഞതായി അദ്ദേഹം അടിവരയിടുന്നു. പകര്‍ച്ചവ്യാധിയായതു കൊണ്ട് മാത്രം ജനിതക  പരിണാമം ഒരു വൈറസിനെ മെരുക്കിയെന്ന് കരുതാനാകില്ലെന്നും ജീവിതം പഴയ പടിയായെന്ന് കരുതാനാകില്ലെന്നും പ്രഫസര്‍ വ്യക്തമാക്കി. 

 

കോവിഡ് നിയന്ത്രണത്തില്‍ ഒന്നും ചെയ്യാതിരിക്കാനുള്ള ഒരു ഒഴിവ് കഴിവായി ഗവണ്‍മെന്‍റുകളും നയങ്ങള്‍ രൂപപ്പെടുത്തുന്നവരും പകര്‍ച്ചവ്യാധി എന്ന പദത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രഫ. അരിസ് കുറ്റപ്പെടുത്തി. ഈ അലസമായ ശുഭാപ്തിവിശ്വാസം മാറ്റിവച്ചിട്ട് അധികൃതര്‍ പുതു വകഭേദങ്ങള്‍ മൂലം ഉണ്ടാകാനിടയുള്ള മരണങ്ങളെയും വൈകല്യത്തെയും രോഗത്തെയും കുറിച്ച് യാഥാര്‍ത്ഥ്യ ബോധമുള്ള വിലയിരുത്തല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സീനുകള്‍, രോഗനിര്‍ണയ പരിശോധനകള്‍, മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പോലുള്ള കോവിഡ് പ്രോട്ടോകോളുകള്‍ എന്നിവ പിന്തുടരണണെന്നും പ്രഫസര്‍ കൂട്ടിച്ചേര്‍ത്തു.

English Summary : Covid-19: Endemic doesn't mean life can return to normal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com