ADVERTISEMENT

ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും മറ്റു ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നതിനെയാണ് അര്‍ബുദം എന്ന് നാം വിളിക്കുക. അര്‍ബുദം മരണകാരണമാകുന്നത് വളരെ വൈകി അത് നിര്‍ണയിക്കപ്പെടുമ്പോഴാണ്. അര്‍ബുദ ബാധിതനായ രോഗിക്ക് ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കപ്പെടുന്നതാണ് വൈകിയ വേളയിലെ രോഗനിര്‍ണയത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. 

 

അര്‍ബുദത്തിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങളെ കരുതിയിരിക്കുന്നത് നേരത്തെയുള്ള രോഗനിര്‍ണയത്തിന് സഹായകമാകും. ഇത്തരം ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

 

1. വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍

മലത്തില്‍ രക്തം കാണപ്പെടുന്നത്, മലബന്ധം,  വയറിലോ മലദ്വാരത്തിലോ വേദന അനുഭവപ്പെടുന്നത് എന്നിവയെല്ലാം അര്‍ബുദത്തിന്‍റെ പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങളാകാം. 

 

2. വയര്‍ വീര്‍ക്കല്‍

ഗ്യാസ് ട്രബിള്‍ പോലെ പല കാരണങ്ങളാല്‍ വയര്‍ വീര്‍ത്തു വരാം. എന്നാല്‍ മൂന്നാഴ്ചയിലും അധികം ഇത് തുടര്‍ന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. അര്‍ബുദം മൂലവും ഇത് സംഭവിക്കാം.

 

3. സ്തനങ്ങളില്‍ മുഴ

സ്ത്രീകളില്‍ ഏറ്റവുമധികം വരാവുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനങ്ങള്‍ ഇടയ്ക്കിടെ സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. സ്തനത്തില്‍ എന്തെങ്കിലും മുഴ പ്രത്യക്ഷപ്പെടുകയോ മുഴ പെട്ടെന്ന് വലുതാകുകയോ ചെയ്താല്‍ ഉടനടി ഡോക്ടറെ കാണേണ്ടതാണ്. 

 

4. ശ്വാസംമുട്ടല്‍

തുടര്‍ച്ചയായ ചുമ, ശ്വാസംമുട്ടല്‍, നെഞ്ച് വേദന എന്നിവയൊക്കെ അര്‍ബുദ ലക്ഷണമാകാം. ക്ഷയരോഗം, ന്യുമോണിയ തുടങ്ങിയ പല രോഗങ്ങളുടെയും സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നതിനാല്‍ ഡോക്ടറെ കണ്ട് അര്‍ബുദമല്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 

 

5. ഭാരം കുറയല്‍

ഡയറ്റിങ്ങോ, വ്യായാമമോ സമ്മര്‍ദമോ ഒന്നും കൂടാതെ പെട്ടെന്ന് ഏതാനും മാസം കൊണ്ട് ഭാരം കുറ‍ഞ്ഞാല്‍ സൂക്ഷിക്കണം. പ്രമേഹത്തിന്‍റെ മാത്രമല്ല അര്‍ബുദത്തിന്‍റെയും ലക്ഷണമാകാം ഈ ഭാരം നഷ്ടമാകല്‍. 

 

6. രക്തസ്രാവം

കഫത്തിലോ മൂത്രത്തിലോ മലത്തിലോ രക്തം കാണപ്പെടുന്നത് അവണിക്കാന്‍ കഴിയാത്ത അര്‍ബുദ രോഗലക്ഷണമാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ പിന്നെ വൈകരുത്. 

 

7. മറുകിൽ വ്യത്യാസം 

മറുകുകളോ അരിമ്പാറയോ ഒക്കെ വലുതാകാന്‍ തുടങ്ങുകയോ ചൊറിച്ചില്‍ അനുഭവപ്പെടുകയോ അവയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങുകയോ ഒക്കെ ചെയ്യുന്നത് കരുതിയിരിക്കേണ്ട അര്‍ബുദ ലക്ഷണമാണ്.

Content Summary : Early cancer warnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com