ADVERTISEMENT

കോവിഡ് വന്നുപോയവരിൽ പിൽക്കാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു ഡോക്ടർമാർ. കോവിഡ് മുക്തരായി ഒരു വർഷം വരെ ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കൽ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്ന് ഐഎംഎ കൊറോണ വൈറസ് ദൗത്യസംഘം കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. കോവിഡിനു ശേഷം ആരോഗ്യം വീണ്ടെടുക്കാൻ വാശിപിടിച്ചു വ്യായാമം ചെയ്യുന്നതു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

 

കോവിഡ് മൂലം രക്തക്കുഴലിലുണ്ടാകുന്ന നീര് സാധാരണഗതിയിൽ രണ്ടോ, മൂന്നോ മാസത്തിനുള്ളിൽ ഭേദമാകും. എന്നാൽ ഏതെങ്കിലും രോഗങ്ങളുള്ളവർ ഇക്കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കണം. അപൂർവം സാഹചര്യങ്ങളിൽ പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടാകാമെന്ന് ആലുവ ജില്ല കോവിഡ് ആശുപത്രി കൺസൽറ്റന്റ് ഫിസിഷ്യൻ ഡോ. കാർത്തിക് ബാലചന്ദ്രൻ പറഞ്ഞു.

 

കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ രോഗങ്ങൾ, ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, ചലന സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും കോവിഡിനു ശേഷം ഉണ്ടാകാനിടയുണ്ട്. തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിരുന്നവരിൽ ഇതു കൂടിയേക്കാം. 5% പേരിൽ കോവിഡിനു ശേഷം സന്ധിവേദനയും കാണുന്നു.

∙ പതിവു വ്യായാമം ആണെങ്കിലും ഘട്ടം ഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ. കോവിഡ് മാറിയ ഉടൻ ഓടാനും ഷട്ടിൽ ബാഡ്മിന്റൻ കളിക്കാനും ജിമ്മിൽ പോകാനും തുടങ്ങരുത്.

∙ കോവിഡ് ബാധിതരിൽ ശ്വാസകോശത്തിനു തകരാറുകൾ സംഭവിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ പുകവലി പൂർണമായും ഒഴിവാക്കുക.

∙ മറ്റ് അസുഖങ്ങളുണ്ടായിരുന്നവർ ഡോക്ടറെ കണ്ടു തുടർന്നും മരുന്നു കഴിക്കാൻ മറക്കരുത്.

∙ പെട്ടെന്നുള്ള ലക്ഷണങ്ങൾ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളിൽ ആദ്യത്തെ മിനിറ്റുകൾ നിർണായകമാണ്.

∙ കൊളസ്ട്രോൾ കുറയ്ക്കണം. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പഴങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.

Content Summary : Post COVID health issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com