ADVERTISEMENT

ആഗോളതലത്തില്‍ പുരുഷന്മാരുടെ മരണങ്ങളില്‍ 20.3 ശതമാനത്തിന്‍റെയും സ്ത്രീകളുടെ മരണങ്ങളില്‍ 16.9 ശതമാനത്തിന്‍റെയും കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം.  പാശ്ചാത്യ നാടുകളില്‍ ഉള്ളവരെ അപേക്ഷിച്ച് ശരാശരി 10 വര്‍ഷം മുന്‍പെങ്കിലും ഇന്ത്യക്കാരെ ഹൃദ്രോഗം പിടികൂടുന്നതായാണ് കണക്ക്. കോവിഡിനെ തുടര്‍ന്ന് മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവരില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭന കേസുകള്‍ 13 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം ചൂണ്ടിക്കാട്ടുന്നു. 

 

മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ആദ്യത്തെ ആറ് മിനിറ്റിനുള്ളില്‍ കാര്‍ഡിയോപള്‍മിനറി റീസസിറ്റേഷന്‍(സിപിആര്‍) നല്‍കേണ്ടത് രോഗിയെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രാജേഷ് ശര്‍മ ചൂണ്ടിക്കാട്ടുന്നു. ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക, തുടര്‍ന്ന് ശ്വാസംമുട്ടലുണ്ടാകുക എന്നിവയെല്ലാം നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. പെട്ടെന്ന് കുഴഞ്ഞ് വീഴുന്നതും പള്‍സ് ഇല്ലാതാകുന്നതും ബോധം പോകുന്നതുമെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്. 

 

രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ്, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, പ്രമേഹം, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദയസ്തംഭനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ആവശ്യത്തിന് ഉറക്കമില്ലായ്മ, അമിതമായ സമ്മര്‍ദം, അനാരോഗ്യകരമായ ഭക്ഷണശൈലി, ഗര്‍ഭനിരോധന മരുന്നുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം എന്നിവയും  ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം. 

 

സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണക്രമം, നല്ല ഉറക്കം, നിത്യവുമുള്ള വ്യായാമം, മദ്യപാന നിയന്ത്രണം, പുകവലിയും മറ്റ് ലഹരി മരുന്നുകളും ഒഴിവാക്കല്‍ തുടങ്ങിയവയിലൂടെയെല്ലാം ഹൃദ്രോഗ സാധ്യതകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോ. ശര്‍മ ശുപാര്‍ശ ചെയ്യുന്നു. സമ്മര്‍ദം കുറച്ച് മാനസികാരോഗ്യം നിലനിര്‍ത്താന്‍  യോഗയും ധ്യാനവും ഉള്‍പ്പെടെയുള്ളവയും ശീലമാക്കാവുന്നതാണ്.

Content Summary : Steep rise in cases of sudden cardiac arrest post COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com