ADVERTISEMENT

കോവിഡ് കേസുകളും ആശുപത്രിവാസങ്ങളും മരണങ്ങളുമൊക്കെ ആഗോളതലത്തില്‍ തന്നെ കുറഞ്ഞു വരികയാണ്. പല രാജ്യങ്ങളിലെയും ജനങ്ങള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍ കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാക്കിയ ആഘാതം മഹാമാരി കഴിഞ്ഞാലും തുടരുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് ഉണ്ടാക്കിയ സാമൂഹിക ഒറ്റപ്പെടല്‍ മൂലം ആഗോളതലത്തില്‍ തന്നെ വിഷാദരോഗവും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടി.

 

കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തില്‍ വിഷാദരോഗവും ഉത്കണ്ഠയും 25 ശതമാനത്തോളം വര്‍ധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ജനങ്ങളുടെ മാനസികാരോഗ്യത്തില്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലുണ്ടായതെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. 

 

ഏകാന്തത, അണുബാധ മൂലം തങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ മരണമോ രോഗസങ്കീര്‍ണതകളോ ഉണ്ടാകുമോ എന്ന ഭയം, ഉറ്റവരുടെയും ഉടയവരുടെയും മരണം സൃഷ്ടിച്ച ഞെട്ടല്‍, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവയെല്ലാം ഉത്കണ്ഠയേറ്റിയ ഘടകങ്ങളാണ്. ആസ്മ, അര്‍ബുദം, ഹൃദ്രോഗം പോലുള്ള സഹരോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് കോവിഡ് മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലില്ല. അതേ സമയം ഇവര്‍ കോവിഡ് ബാധിതരായി കഴിഞ്ഞാല്‍ രോഗം സങ്കീര്‍ണമാകാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനും മരണപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. യുവാക്കളിലും ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മഹാമാരി ആത്മഹത്യ പ്രവണത വര്‍ധിപ്പിച്ചതായും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു. 

 

കോവിഡ് ഏല്‍പ്പിച്ച മാനിസകാരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ആവശ്യമുള്ളത്ര മാനസികാരോഗ്യ വിദഗ്ധര്‍ ഇന്ന് ലോകത്തിലില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 2020ല്‍ ലോകത്താകമാനമുള്ള ഗവണ്‍മെന്‍റുകള്‍ തങ്ങളുടെ ആരോഗ്യ ബജറ്റിന്‍റെ രണ്ട് ശതമാനം മാത്രമാണ് മാനസികാരോഗ്യത്തിനായി ചെലവഴിച്ചതെന്നും ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടി. കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങളില്‍ ഒരു ലക്ഷം പേര്‍ക്ക് ഒരാളെന്ന നിലയില്‍ മാത്രമാണ് മാനസികാരോഗ്യ പ്രവര്‍ത്തകനുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ മെന്‍റല്‍ ഹെല്‍ത്ത് അറ്റ്ലസ് സര്‍വേ അടിവരയിടുന്നു.

Content Summary : WHO Warns Of A Sharp Increase COVID-Induced Anxiety, Depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com