ADVERTISEMENT

കോവിഡ് രോഗമുക്തിക്ക് ശേഷം പല രോഗികളിലും ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്. സാധാരണ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 വരെയാണ്. ഇതിലും കൂടിയ തോതിലുള്ള ഹൃദയമിടിപ്പിനെ ടക്കികാര്‍ഡിയ എന്ന് വിളിക്കുന്നു. ടക്കികാര്‍ഡിയ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാമെന്ന് ഹൃദ്രോഗവിദഗ്ധര്‍ പറയുന്നു. 

 

ഹൃദയത്തിന്‍റെ താഴത്തെ അറകളായ വെന്‍ട്രിക്കിള്‍സിലോ മുകളിലെ അറയായ അട്രിയയിലോ ഇത് ആരംഭിക്കാം. കോവിഡിനു ശേഷം ചെറിയ എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോൾ  കൂടി ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നതായി രോഗികള്‍ പരാതിപ്പെടുന്നുണ്ട്. പലരിലും ഇത് കുറച്ച് നേരത്തിനു ശേഷം ശരിയാകുമെങ്കിലും ചിലര്‍ക്ക് ഈ ഉയര്‍ന്ന ഹൃദയമിടിപ്പ് തുടരുന്നു. മുന്‍പ് ഹൃദ്രോഗമുണ്ടായിട്ടുള്ളവര്‍ക്ക് ഇത്തരത്തില്‍ ഹൃദയമിടിപ്പ് ഏറുന്നത് വിനാശകാരിയാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു. ഹൃദ്രോഗികള്‍ക്ക് ടക്കികാര്‍‍ഡഡിയ വന്നാല്‍ ഹൃദയമിടിപ്പ്  മിനിറ്റില്‍ 150-200 വരെയൊക്കെ ഉയരാമെന്നും ചികിത്സിച്ചില്ലെങ്കില്‍ ഇത് മരണത്തിലേക്ക് നയിക്കാമെന്നും ബെംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റിയിലെ കണ്‍സല്‍റ്റന്‍റ് ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ പി.സദര്‍മിന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

ഹൃദയമിടിപ്പ് ഉയരുമ്പോൾ  ഹൃദയം പമ്പ്  ചെയ്യുന്ന രക്തത്തിന്‍റെ അളവില്‍ കുറവുണ്ടാവുകയും തലച്ചോറിലേക്ക് അടക്കം ആവശ്യത്തിന് രക്തയോട്ടില്ലാതെ രോഗിക്ക് തലകറക്കം ഉണ്ടാവുകയും ചെയ്യും. കുഴഞ്ഞ് വീണ് രോഗി മരിക്കാനും ഇത് കാരണമാകാം. രോഗിയുടെ മൊത്തത്തിലുളള ആരോഗ്യത്തെയും ഉയരുന്ന ഹൃദയമിടിപ്പ് ബാധിക്കാം. ഉയര്‍ന്ന ഹൃദയമിടിപ്പുള്ളവരില്‍ സാധാരണ നല്ല ഹൃദയാരോഗ്യം കാണപ്പെടാറില്ലെന്ന് അഹമ്മദാബാദ് അപ്പോളോ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. സമീര്‍ ഡാനിയും പറയുന്നു. 

 

ടക്കികാര്‍ഡിയ മാത്രമല്ല ഹൃദയപേശികളുടെ നീര്‍ക്കെട്ടിനും അണുബാധയ്ക്കും കാരണമാകുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയം സ്ഥിതി ചെയ്യുന്ന അറയുടെ നീര്‍ക്കെട്ടിന് കാരണമാകുന്ന പെരികാര്‍ഡൈറ്റിസ് എന്നിവയും കോവിഡിന്‍റെ ഫലമായി പലരിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് നിര്‍ണയത്തിന് ഒരാഴ്ചയ്ക്ക് ശേഷം ആദ്യ ഹൃദയാഘാതത്തിനുള്ള സാധ്യത മൂന്ന് മുതല്‍ എട്ട് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിന് രക്തധമനികളുടെ ഉള്ളിലെ പ്രതലങ്ങളെയും ബാധിച്ച് അവയുടെ നാശത്തിലേക്കും ക്ലോട്ടുകളിലേക്കുമൊക്കെ നയിക്കാന്‍ സാധിക്കുമെന്ന് ജോണ്‍ ഹോപ്കിന്‍സിലെ വിദഗ്ധരും കൂട്ടിച്ചേർക്കുന്നു.  

 

തലകറക്കത്തിന് പുറമേ നെഞ്ച് വേദന, കടുത്ത ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയെല്ലാം കോവിഡാനന്തര ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കോ, ഇസിജി പോലുള്ള പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

Content Summary : Need to watch out for heart rate spikes post COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com