ADVERTISEMENT

സ്തനാർബുദത്തോടു പൊരുതുന്ന അനേകം സ്ത്രീജീവിതങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഇവരിൽ കുറേ പേർ അർബുദത്തെ തോൽപ്പിച്ച് ജീവിതവഴിയിൽ മുന്നേറുമ്പോൾ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, ചേർത്തു നിർത്തേണ്ട സമയത്തു അകറ്റി നിർത്തി ജീവിതം കരുപിടിപ്പിച്ചവരെയും കാണാം.  ലോക വനിതാദിനമായ ഇന്ന് കാൻസർ അതിജീവനം വി ക്യാൻ ഗ്രൂപ്പിൽ സുനിത ലിയോൺസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നതും ഒരു സ്തനാർബുദ പോരാട്ടത്തിലൂടെയാണ്. കുറിപ്പ് വായിക്കാം.

 

മാറിലെ  അർധ ചന്ദ്രൻ 

 ഇതൊരു കഥയല്ല. ജീവിത അനുഭവമാണ്. നേരുള്ള അനുഭവം. പകുതി അറുക്കപ്പെട്ട മുല മുറിവിലൂടെ നെഞ്ചിലേറ്റിയ പ്രണയം ഊർന്നിറങ്ങി പോയ ഒരു ഒറ്റമുലച്ചിയുടെ കഥ.

 ഹേമ... ഹേമ ചേച്ചി.. 

 

അമല കാൻസർ സെന്ററിൽ വച്ചാണ് ഞാൻ ഹേമ ചേച്ചിയെ ആദ്യമായി കാണുന്നത്. ഓരോ  കീമോതെറാപ്പിക്കും മുമ്പ് ഓരോ പ്രാവശ്യവും ഒപി യിൽ ചെന്ന് ഡോക്ടറെ കാണണം. ഓരോ സമയത്തെയും ഡോസ്  വ്യത്യാസം ആയിരിക്കും. ശക്തി കൂട്ടിയും കുറച്ചും പുതിയ മരുന്നുകൾ ചേർത്തും. 24 കീമോയുടെ, ഏതാണ്ട് പകുതി കഴിയുന്ന നാളുകളിലാണ് ഞാൻ ഹേമ ചേച്ചിയെ ശ്രദ്ധിക്കുന്നത്. ഒറ്റനോട്ടത്തിൽ രോഗിയാണെന്ന് മനസ്സിലായി. കിളിർത്തു വരുന്ന മുടി, സ്റ്റിറോയ്ഡുകൾ കാരണമാവും വല്ലാതെതടിച്ചുവീർത്ത് ഇരിക്കുന്നു ആകെ കരിവാളിച്ച ഒരു രൂപം. കൂടെ ഒരു അമ്മയുണ്ട്. മടിയിൽ ഒരു കുഞ്ഞുവാവയും. ഒരു വയസിനടുത്ത് പ്രായം ഉള്ള ഒരു ആൺകുഞ്ഞ്. നല്ല മിടുക്കൻ കുട്ടി. അവൻ എപ്പോഴും ഇങ്ങനെ പാലുകുടിച്ചു കൊണ്ടിരിക്കും. ഇടയ്ക്ക് എങ്ങാനും ഒന്നു മാറ്റിയാലും വല്ലാത്ത കരച്ചിലാണ്.

 

രാവിലെ എത്തിയാലും ഒപിയിൽ  ചിലപ്പോൾ നീണ്ട കാത്തിരിപ്പാണ്. എനിക്ക് അപ്പുറവും ഇപ്പുറവും എന്റെ അപ്പനും അമ്മയും ഇരിക്കുന്നുണ്ടാവും. അമ്മ ഇങ്ങനെ കൊന്ത   ചൊല്ലുന്നുണ്ടാവും. അതൊരു ശോകമൂകമായ ഒരിടമാണ്. ആരും അങ്ങനെ ഒന്നും സംസാരിക്കില്ല. പിന്നെ കണ്ണുകൾ കൊണ്ട് തിരിച്ചറിയാം ആരൊക്കെയാണ് രോഗികൾ  ആരൊക്കെയാണ് ഉടയവർ. ആരും സ്വയം പരിചയപ്പെടുത്താറില്ല. എല്ലാവരുടെയും കണ്ണുകളിൽ ദീനതയാണ്. വിളിക്കുമ്പോൾ ഉഴം അനുസരിച്ച് കയറിപ്പോകും. തിരിച്ചിറങ്ങുമ്പോൾ ചിലപ്പോൾ വലിയ നീണ്ട കടലാസ് ചീട്ട് ഉണ്ടാവും. അടുത്ത ലക്ഷ്യം ആ കടലാസ് ചീട്ടിൽകുറിച്ചിട്ടുണ്ടാവും. ഫാർമസി, കീമോവാർഡ്, റേഡിയേഷൻ മുറി.... അങ്ങനെ ഏതെങ്കിലും.

 

ചിരിക്കുന്ന ഒരു മുഖങ്ങളെ പോലും അവിടെ കണ്ടില്ല, കണ്ടിട്ടില്ല. എന്റെ അമ്മയാണ് ആദ്യം ഹേമ ചേച്ചിയെ പരിചയപ്പെടുന്നത്. പാലക്കാട് അടുത്ത് നിന്നാണ് വരുന്നത്. ചേച്ചിയും അമ്മയും ആ കുഞ്ഞു മോനും. വേറെ ആണുങ്ങൾ ഒന്നുംകൂടെ കാണാറില്ല. 

 ചേച്ചിഎന്നോടും പതിയെ വർത്തമാനം പറഞ്ഞു തുടങ്ങി. രണ്ടു മക്കളുണ്ട്. മൂത്തതും ആൺകുട്ടിയാണ്. നാലു വയസ്സു കഴിഞ്ഞു. അവനെ കൊണ്ടു വരാറില്ല. അനിയത്തി നോക്കിക്കോളും. 

 ഞങ്ങൾ രോഗത്തെക്കുറിച്ച് പരസ്പരം പറഞ്ഞു.... അറിഞ്ഞു..

 

എനിക്ക് ബ്ലഡിൽ ആണ്.ചേച്ചിക്ക് ലിംഫോമാ. കഴുത്തിൽ ആയിരുന്നു തുടക്കം ചെറിയ മുഴകൾ ആയിട്ട്. പിന്നെ ബ്രസ്റ്റിൽ..... ഒരെണ്ണം എടുത്തു കളഞ്ഞു, മുഴുവനായി. കീമോ എല്ലാം കഴിഞ്ഞു. റേഡിയേഷൻ ഉണ്ട്. കുറച്ചു ചെയ്തപ്പോൾ ഓപ്പറേഷൻ ചെയ്ത മാറിലെ മുറിവ് പഴുക്കുന്നു. അത് ഡ്രസ്സ് ചെയ്യാനാണ് വരുന്നത്. റേഡിയേഷൻ ഇനിയും പൂർത്തിയാക്കാനുണ്ട്. ചേച്ചി അത്രയും ഒക്കെ പറഞ്ഞുള്ളൂ. ഡോക്ടറെ കണ്ടു കഴിയുമ്പോൾ ഞാൻ കീമോവാർഡിലേക്ക് പോകും. കുറച്ച് സമയം ഞങ്ങൾ സംസാരിക്കും. ചേച്ചിയുടെ സ്വന്തം അമ്മയാണ് കൂടെ. രണ്ട് അമ്മമാരും മാറിയിരുന്നു സംസാരിക്കും. എന്റെ അമ്മയും കരയും... കൂട്ടത്തിൽ ആ അമ്മയും... എന്റെ അപ്പൻ അപ്പോൾ ന്യൂസ് പേപ്പറിൽ മുഖം താഴ്ത്തി ഇരിക്കും. ഒരുപക്ഷേ ഉള്ളിൽ കരയുന്നുണ്ടാവും.

 

എന്റെ അമ്മയിൽ നിന്നാണ് ചേച്ചിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിഞ്ഞത്. നേരിട്ട് പറഞ്ഞതല്ല അപ്പനോട് പറയുന്നത് കേട്ടതാണ്. ഹേമ ചേച്ചിയുടേത് പ്രേമ വിവാഹം ആയിരുന്നു. ചേച്ചിയെക്കാൾ ഉയർന്ന ജാതിയിൽ നിന്നും. രണ്ടാമത്തെ തവണ ഗർഭിണിയായപ്പോഴാണ് അസുഖം ബാധിച്ചത്. മാസം തികയും മുമ്പേ കുട്ടിയെ  ഓപ്പറേഷൻ ചെയ്തു പുറത്തെടുത്തു. കുഞ്ഞിന് ആറു മാസം ആകുന്നതിനു മുമ്പേ മാറിലും  അസുഖം ബാധിച്ചു. ഒരെണ്ണം മുറിച്ചുമാറ്റി. അതോടുകൂടി ഭർത്താവിന്റെ പ്രണയവും തീർന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപുതന്നെ അയാൾ അപ്രത്യക്ഷനായി. വലിയ സാമ്പത്തികം ഒന്നുമില്ല ചേച്ചിയുടെ വീട്ടിൽ. അച്ഛൻ നേരത്തെ മരിച്ചു. രണ്ടു പെൺമക്കൾ മാത്രം. അമ്മയുടെ ആങ്ങളമാരാണ് ചികിത്സാചെലവ് വഹിക്കുന്നത്. അയാളെ പിന്നെയും പോയി ഇവർ കണ്ടു. മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ.... മക്കളെയും വേണ്ട........ അയാൾ പിന്നെ ഒരിക്കലും അവരെ തേടി വന്നില്ല...

 

കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി. ഞാനും കരുതി ഒരു ഒരു മുല ഇല്ലെങ്കിലെന്താ സ്നേഹിച്ചു വിവാഹം കഴിച്ചതല്ലേ... ഇങ്ങനെ ഉപേക്ഷിക്കാമോ..... ഞാൻ അന്നാളിൽ വിവാഹം കഴിക്കാത്ത ചെറിയപെൺകുട്ടി.... വെറും 19 വയസ്സ്. രോഗത്തെയും മരണത്തെയും എനിക്കൊട്ടും പേടിയില്ലായിരുന്നു. ചേർത്തു പിടിക്കാൻ അപ്പന്റെ വിരിഞ്ഞ നെഞ്ചും പ്രാർത്ഥനയും നോമ്പുമായി നിഴൽപോലെ അമ്മയും. ഒരു പേടിയും തോന്നിയില്ല.

 

ചിലപ്പോഴൊക്കെ ഹേമ ചേച്ചി കണ്ണേട്ടന്നെ കുറിച്ച് പറയുമായിരുന്നു. കണ്ണൻ എന്നാണ് അയാളുടെ വിളിപ്പേര്. ഉപേക്ഷിച്ചു പോയി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജോലിത്തിരക്ക് കാരണം വരുന്നില്ല എന്നാണ് പറയാറുള്ളത്. നല്ല ഭംഗിയുള്ള കണ്ണുകൾ ആയിരുന്നു ചേച്ചിയുടെത്. നിറയെ പീലികൾ തിങ്ങി വെള്ളപ്പളുങ്കു പാത്രത്തിൽ നടുവിലൊരു കറുത്ത മുന്തിരി പോലെ. പിടയുന്ന കണ്ണുകൾ നിറയുമ്പോൾ തുളുമ്പുന്ന സമുദ്രം മാതിരി... ഒരിക്കൽ എപ്പോഴോ  പഴയ ഫോട്ടോ കാണിച്ചു. നല്ല സുന്ദരിയായിരുന്നു. നിറയെ മുടിയുള്ള മെലിഞ്ഞ സുന്ദരി. പിന്നെ കല്യാണ ഫോട്ടോ കാണിച്ചു. അയാളും സുന്ദരൻ.

 അവിടെ കീമോ വാർഡിൽ ചെറുപ്പക്കാരായ രോഗികൾ എല്ലാവരും തന്നെ ബാഗിലോ പേഴ്സിലോ  പഴയ ഫോട്ടോകൾ സൂക്ഷിച്ചു വയ്ക്കും. കാരണം രൂപമാറ്റം അതിഭയങ്കരം ആയിരിക്കും. പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു എന്ന് ഒരുറപ്പുവരുത്തൽ. ആരെയെങ്കിലും ഒന്ന് കാണിച്ച് ഒന്ന് ആശ്വസിക്കാൻ. ഞാനും സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ. ചേച്ചിയെ ഞാനും കാണിച്ചു ഫോട്ടോ.... നീ നല്ല സുന്ദരിക്കുട്ടി ആയിരുന്നല്ലോ.... ചേച്ചി എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

 

അമ്മ ഇടയ്ക്കൊക്കെ വീട്ടിൽ വച്ച് ചേച്ചിയെ കുറിച്ച് അപ്പനോട് പറയും. എന്നിട്ട് ഇങ്ങനെ പറഞ്ഞ് ആശ്വസിക്കും, ആ അമ്മയുടെ അവസ്ഥ എന്താല്ലേ.. നമ്മുടെ മോളും ഇതുപോലെ കല്യാണം കഴിഞ്ഞിരുന്നെങ്കിൽ ഉപേക്ഷിക്കപ്പെട്ടേനെ. ഇതിപ്പോ നമ്മൾ ഉണ്ടല്ലോ അവൾക്ക്. ആരും കെട്ടിക്കൊണ്ടു പോയില്ലേലും നമ്മൾ ഉണ്ടാവുമല്ലോ കൂടെ...

 

ഉപേക്ഷിക്കപ്പെടുന്നതിന്റെയും  അവഗണിക്കപ്പെടുന്നതിന്റെയും വേദന എനിക്കന്ന് അറിയില്ലായിരുന്നു. നെഞ്ചിൽ നിന്ന് ഒരിത്തിരി മാംസം അടർന്നു  പോയപ്പോൾ..... കൂടെ അടർന്നു പോയത് ചിലരുടെയൊക്കെ പ്രണയം ആവാം... ജീവിതം ആവാം.... ഇതൊന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് എനിക്ക് അന്ന് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ  ചേച്ചിയുടെ കണ്ണുകളിൽ  ഇരമ്പുന്ന ദുഃഖം ഞാനും അറിയാതെ പോയി....

 

ശരീരങ്ങൾക്കുമപ്പുറം പ്രണയ സാക്ഷാത്കാരം ഉണ്ടെന്ന് മനസ്സിലാകാത്ത ഏതോ മൂഢൻ ആയിരിക്കും അയാൾ. പെണ്ണിന്റെ നെഞ്ചിലെ മാംസ പാളികൾക്കിടയിൽ ആണ് സ്നേഹം എന്നും ദാമ്പത്യം എന്നും കരുതിയ ഏതോ വിഡ്ഢി..... അയാളെതന്നെ വാർത്തു വച്ചാൽ എന്ന പോലെയുള്ള രണ്ടു പൊടി കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വേറെ ഏതോ പെണ്ണിന്റെ മാർ ച്ചൂട് തേടി പോയി കാണും. ഹേമ ചേച്ചിയുടെ കണ്ണുകളിൽ ആ സങ്കട കടലിനപ്പുറം കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങ് പാറി നടന്നിരുന്നു. അന്ന് അത്എനിക്ക് മനസ്സിലായില്ല എങ്കിലും ഇന്ന് ഞാൻ എന്റെ ഉൾക്കണ്ണിൽ കാണുന്നു ആ കണ്ണീരിൽ ഉലഞ്ഞു പോകുന്ന ഒരു കുഞ്ഞു വെട്ടം. 

 

ഇന്നും ഒരുപാട് ഒറ്റ മുലച്ചികൾ നമുക്ക് ചുറ്റുമുണ്ട്, അവരെയൊക്കെ പ്രണയത്തോടെ ചേർത്തുപിടിക്കുന്ന കൈകളും ഉണ്ട്, അച്ഛൻ ആകാം... ഭർത്താവ് ആകാം.... കാമുകനോ.... കൂട്ടുകാരനോ..... സഹോദരനോ.... ആരുമാകട്ടെ.... നിങ്ങൾ അറിയുക.... മുല മുറിക്കപ്പെട്ടവർ പ്രണയം, ജീവിതം, ആഗ്രഹങ്ങൾ..... ഇവയൊക്കെ നിഷേധിക്കപ്പെട്ടവർ അല്ല. തുണി അഴിക്കുമ്പോൾ ഒക്കെ കാമംമാത്രം  ജനിപ്പിക്കുന്ന രൂപമല്ല സ്ത്രീ. ഒരു ഭാഗം മുറിഞ്ഞു പോയാലും അറ്റു പോയാലും നിന്റെ ഒരിത്തിരി പ്രണയം മതി അവൾ വീണ്ടും പൂത്തുതളിർത്തുകൊള്ളും. 

 

ഹേമചേച്ചിയെ ഞാൻ കണ്ടില്ല, കുറേനാൾ.  പിന്നീട് 3 വർഷം കഴിഞ്ഞപ്പോൾ പതിവ്ചെക്കപ്പുകൾ നടത്താനായി ഞാൻ വീണ്ടും ചെന്നപ്പോൾ  ഒരിക്കൽ കൂടി കണ്ടു. എന്നെ പോലെ അവരും വന്നതാണ്. അന്നും കണ്ണേട്ടൻ  ഇല്ല. ഇത്തവണ അനിയത്തിയാണ് കൂടെ.കുഞ്ഞുമോൻ മിടുക്കനായി വലുതായി നഴ്സറിയിൽ പോകുന്നുണ്ട്. അന്ന് എന്റെ  വിവാഹം കഴിഞ്ഞിരുന്നു. ചേച്ചിയുടെ കരിവാളിപ്പ് ഒക്കെ മാറി നിറം ഒക്കെ വച്ചു എങ്കിലും  കണ്ണുകളിൽ ആ പ്രതീക്ഷ കണ്ടില്ല. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. അന്ന് യാത്ര പറഞ്ഞു പിരിഞ്ഞു പിന്നെ കണ്ടിട്ടില്ല. ഇപ്പോൾ എവിടെയാണാവോ. ഒരു ഫോൺ നമ്പർ പോലുമില്ല.

 സമർപ്പണം.... നെഞ്ചുപിളർന്ന പെണ്ണുങ്ങൾക്ക് വേണ്ടി....

Content Summary : Braest cancer survivor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com