ADVERTISEMENT

പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം, ഫാറ്റിലിവര്‍ എന്നിങ്ങനെ പല രോഗങ്ങളെ കുറിച്ചെല്ലാം നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാത്തതും നാം കേട്ടിട്ടു കൂടി ഇല്ലാത്തതുമായ പല വിചിത്രവും അപൂര്‍വവുമായ രോഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം

 

പ്രൊഗേരിയ

ഹച്ചിന്‍സണ്‍-ഗില്‍ഫോര്‍ഡ് സിന്‍ഡ്രോം എന്ന് കൂടി അറിയപ്പെടുന്ന പ്രൊഗേരിയ ഒരു ജനിതക തകരാറാണ്. ഗര്‍ഭസ്ഥ ശിശുവിന് തകരാര്‍ ഉണ്ടാക്കുന്ന ഈ രോഗം കാലമെത്തും മുന്‍പുള്ള വാര്‍ധക്യം കുട്ടിക്ക് സമ്മാനിക്കും. 13 വയസ്സ് വരെയൊക്കെ മാത്രമേ പ്രൊഗേരിയ ബാധിച്ച കുട്ടികള്‍ക്ക് ആയുസ്സ് ഉണ്ടാവുകയുള്ളൂ. 

 

കുരു അഥവാ ചിരി മരണം 

പാപ്പുവ ന്യൂ ഗിനിയയിലെ ഫോര്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അപൂര്‍വ നാഡീരോഗമാണ് കുരു. കുരു എന്ന പേരിനര്‍ഥം ഭയന്ന് വിറയ്ക്കുക എന്നാണ്. നടക്കാന്‍ ബുദ്ധിമുട്ട്, ശരീരഭാഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുക, കഴിക്കാനുള്ള ബുദ്ധിമുട്ട്, അസ്പഷ്ടമായ സംസാരം, പെരുമാറ്റ വൈകല്യങ്ങള്‍, സ്മൃതിനാശം, പേശികളുടെ കോച്ചിപിടുത്തം, വിറയല്‍, എന്തെങ്കിലും പിടിക്കാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള തുടര്‍ച്ചയായ ചിരി, കരച്ചില്‍ എന്നിവയെല്ലാം ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. പ്രിയോണ്‍സ് എന്ന പ്രോട്ടീനാണ് തലച്ചോറില്‍ പെരുകി സെറിബെല്ലത്തെ ബാധിച്ച് കുരുവിന് കാരണമാകുന്നത്. മരണപ്പെട്ട ബന്ധുക്കളുടെ തലച്ചോര്‍ തിന്നുന്ന ഒരാചാരം ഫോര്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയിലുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇവരില്‍ ഈ രോഗം പ്രത്യക്ഷമായത്. 

 

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം

ഈ അപൂര്‍വ നാഡീരോഗം ബാധിക്കപ്പെട്ട് കഴിഞ്ഞാല്‍ കാണുന്ന കാഴ്ചകളെല്ലാം സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു വസ്തുവിന്‍റെ സാധാരണ വലുപ്പത്തില്‍ നിന്ന് വളരെ ചെറുതായിട്ടാകും ഈ രോഗം ബാധിക്കപ്പെട്ടവര്‍ക്ക് അവ കാണാനാകുന്നത്. മൈക്രോപ്സിയ, ലില്ലിപുട്ട് സൈറ്റ് എന്നും ഈ രോഗത്തിന് പേരുണ്ട്. 

 

വോണ്‍-ഹിപ്പല്‍ ലിന്‍ഡോ

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുഴകളും ദ്രാവകം നിറഞ്ഞ ചെറു സഞ്ചികളും ഉണ്ടാക്കുന്ന പാരമ്പര്യമായി പകരുന്ന രോഗമാണ് വോണ്‍ ഹിപ്പല്‍-ലിന്‍ഡോ. 

 

ഹാര്‍ലെക്വിന്‍-ടൈപ്പ് ഇക്തയോസിസ്

ഇതൊരു അപൂര്‍വ ജനിതക ത്വക്ക് രോഗമാണ്. ഈ രോഗവുമായ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും പരുപരുത്ത കട്ടിയുള്ള ചര്‍മം മൂടിക്കളയും. 

 

എഫ്ഒപി

എല്ലുകള്‍ സാധാരണ ഇല്ലാത്ത ഭാഗങ്ങളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഈ അപൂര്‍വ രോഗത്തിന്‍റെ പൂര്‍ണ നാമം ഫൈബ്രോഡിസ്പ്ലേസിയ ഒസ്സിഫിക്കന്‍സ് പ്രോഗ്രസീവ് എന്നാണ്. 

 

ഫോറിന്‍ ആക്സന്‍റ് സിന്‍ഡ്രോം

ചുറ്റുമുള്ളവര്‍ സംസാരിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരാളെ സംസാരിപ്പിക്കുന്ന  സംസാര വൈകല്യമാണ് ഫോറിന്‍ ആക്സന്‍റ് സിന്‍ഡ്രോം. ഈ രോഗം ബാധിച്ചവരുടെ സംസാരം കേട്ടാല്‍ അവരേതോ വിദേശ ഉച്ചാരണരീതിയില്‍ സംസാരിക്കുകയാണെന്ന് തോന്നും. പക്ഷാഘാതമോ, തലച്ചോറിന് എന്തെങ്കിലും ക്ഷതമോ നേരിടുന്നതിന്‍റെ ഭാഗമായാണ് ഫോറിന്‍ ആക്സന്‍റ് സിന്‍ഡ്രോം ബാധിക്കപ്പെടുന്നത്.

Content Summary : Rare mysterious diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com