ADVERTISEMENT

 

‘നമ്മുടെ വായയെക്കുറിച്ച് അഭിമാനം കൊള്ളുക’ –  ഈ വർഷത്തെ വദനാരോഗ്യദിനത്തിന്റെ സന്ദേശം ഇതാണ്. വായയെക്കുറിച്ച് അഭിമാനം കൊള്ളണമെങ്കിൽ മോണരോഗങ്ങളിൽ നിന്ന് നമ്മൾ അകലെയായിരിക്കണം. പ്രായമായി എന്നു കരുതി വായ സംരക്ഷണം വേണ്ടെന്നു വയ്ക്കണ്ട...

 

മോണരോഗങ്ങൾ

കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും മോണരോഗം ഒരു ചെറിയ കക്ഷിയല്ല. നാം സാധാരണയായി മോണ എന്ന് പറയുന്നത് പിങ്ക് നിറത്തിലുള്ള പല്ലിന്റെയും അസ്ഥിയുടെയും ഇടയിലെ അസ്ഥി ബന്ധത്തെയാണ്. പല്ലിന്റെ വേരിനെ ആവരണം ചെയ്യുന്ന കലയുമൊക്കെ ചേർന്നൊരു കല സഞ്ചയമാണ് മോണ. ഇവയിൽ വരുന്ന വ്യതിയാനങ്ങൾ മോണരോഗത്തിലേക്കു നയിക്കുന്നു.

 

മോണരോഗം എത്ര തരം?

മോണരോഗം പ്രധാനമായും രണ്ടു തരമുണ്ട്. ആദ്യത്തെ അവസ്ഥയാണ് മോണ വീക്കം. പിന്നീടുള്ള തീവ്രമായ അവസ്ഥയെ മോണപഴുപ്പ് എന്നു പറയുന്നു. മോണയിൽ നിന്നു രക്തസ്രാവം, കടും ചുവപ്പ് നിറം, മോണയിൽ നീര് വന്ന് വീർക്കുക, വായ്നാറ്റം തുടങ്ങിയവയൊക്കെ ഈ മോണവീക്കത്തിന്റെ ലക്ഷണങ്ങളാണ്. മോണപഴുപ്പ് എത്തുമ്പോൾ അസ്ഥിക്കു കൂടി ഭ്രംശം സംഭവിച്ച് പല്ലുകൾക്ക് ഇളക്കം സംഭവിക്കുന്നു. മോണരോഗത്തിന്റെ പ്രധാന കാരണം പല്ലിൽ അടിയുന്ന അഴുക്ക് അഥവാ ഡെന്റൽ പ്ലാക്ക് ആണ്. ഇത് കാലാന്തരത്തിൽ ഘനീഭവിച്ച് ഡെന്റൽ കാൽക്കുലസ് അഥവാ കക്കയായി രൂപം പ്രാപിക്കുന്നു.

 

വലി നിർത്തിക്കോ...

പുകവലിക്കുന്നവരിൽ മോണരോഗത്തിന്റെ തോത് മൂന്നു മുതൽ നാലു മടങ്ങു വരെ കൂടുതലാണ്. പക്ഷേ പുക കലകൾക്കുള്ളിലെ ജീവവായുവിന്റെ അളവ് കുറയ്ക്കുന്നതിനാൽ രക്തസ്രാവവും ചുവപ്പ് നിറവും ഇവരിൽ കാണാറില്ല. അതിനാൽ പല്ലുകൾക്ക് ഇളക്കം വരുമ്പോഴാണ് പുകവലിക്കാർ പലപ്പോഴും മോണരോഗം തിരിച്ചറിയുന്നത്.

നിയന്ത്രണ വിധേയമല്ലാത്ത മോണരോഗം പ്രമേഹം, ഭാരം കുറഞ്ഞതും പ്രായം തെറ്റിയുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം, ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ, ഹൃദയധമനികളുടെ വ്യാസം കുറയ്ക്കുന്ന അതെറോസ്ക്ലീറോസിസ്, പക്ഷാഘാതം തുടങ്ങി ഒട്ടേറെ അവസ്ഥകളിലേക്കു വഴി തെളിക്കുന്നു എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മോണരോഗവും പ്രമേഹവും തമ്മിൽ ബന്ധമുണ്ട്. മോണരോഗം നിയന്ത്രിച്ചാൽ ഒരു പരിധി വരെ പ്രമേഹം നിയന്ത്രിക്കാനും തിരിച്ച് പ്രമേഹം നിയന്ത്രണ വിധേയമാക്കിയാൽ ഒരു പരിധി വരെ മോണരോഗം തടയാനും കഴിയും.

 

എങ്ങനെ നിയന്ത്രിക്കാം?

ദിവസവും രണ്ടു നേരം മൂന്ന് മിനിറ്റ് വീതം ബ്രഷ് ചെയ്യുക. മീഡിയം ബ്രഷ്, ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് എന്നിവയാണ് അഭികാമ്യം. ജെൽ രൂപത്തിലെ പേസ്റ്റും ഹാർഡ് ടൂത്ത് ബ്രഷും തേയ്മാനം വർധിപ്പിച്ച് പല്ലിൽ പുളിപ്പ് അനുഭവപ്പെടാൻ കാരണമാവും. പല്ലിനിടയിൽ കയറുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഡെന്റൽ ഫ്ലോസോ അല്ലെങ്കിൽ ഇന്റർഡെന്റൽ ബ്രഷ് ഉപയോഗിച്ചോ നീക്കം ചെയ്യണം. ആറു മാസത്തിൽ ഒരിക്കൽ മോണരോഗ വിദഗ്ധനെ കണ്ട് പരിശോധിക്കേണ്ടതും അഴുക്ക് അടിഞ്ഞിട്ടുണ്ടെങ്കിൽ സ്കെയിലിങ് അഥവാ പല്ല് അൾട്രാ സോണിക് ഉപകരണം കൊണ്ട് ക്ലീൻ ചെയ്ത് വൃത്തിയാക്കേണ്ടതുമാണ്.

 

ചികിത്സ എങ്ങനെ?

മോണയ്ക്കും അസ്ഥിക്കും ഇടയിൽ വിടവ് അഥവാ കീശ പോലെ രൂപപ്പെടുമ്പോൾ ഇതിനെ പീരിയോഡെന്റൽ പോക്കറ്റ് എന്ന് പറയുന്നു. ഇതിന്റെ അളവ് നിർണയിക്കാൻ പീരിയോ ഡെന്റൽ പ്രോബ് എന്ന ഉപകരണം ഉപയോഗിക്കുന്നു. ആഴമേറിയ പോക്കറ്റുകൾ മോണ തുറന്നുള്ള ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടി വരും. ഈ പ്രക്രിയയെ ഫ്ലാപ് സർജറി എന്ന് പറയുന്നു. അസ്ഥി ഭ്രംശം വന്ന ഭാഗത്ത് പുനരുജ്ജീവനം നടത്താനായി ബോൺ ഗ്രാഫ്റ്റ് എന്ന പദാർഥം ഉപയോഗിക്കാറുണ്ട്. എല്ലിലെ അപാകതകൾ രാകി മിനുസപ്പെടുത്താനായി അസ്ഥി ഛേദന ശസ്ത്രക്രിയകളും ചിലപ്പോൾ ചെയ്യേണ്ടി വരും.

 

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജി. ആർ മണികണ്ഠൻ, 

ഗവ. അർബൻ ഡെന്റൽ ക്ലിനിക്, 

തിരുവനന്തപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com