ADVERTISEMENT

മൂന്നു ദിവസം കൊണ്ട് ജീവിതകാലം മുഴുവന്‍ നീളുന്ന സംരക്ഷണം നിപ്പ വൈറസിനെതിരെ നല്‍കുന്ന വാക്സീന്‍ ടെക്സസ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. കുരങ്ങുകളില്‍ നടത്തിയ വാക്സീന്‍ പരീക്ഷണം വിജയകരമായിരുന്നതായി സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു. മനുഷ്യരില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നിപ്പ വാക്സീന്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ലെങ്കിലും ടെക്സസ്, ഓക്സ്ഫഡ് സര്‍വകലാശാലകളുടേത് ഉള്‍പ്പെടെ എട്ടോളം വാക്സീനുകള്‍ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 

 

മറ്റ് പല വാക്സീനുകളിലും പ്രതിരോധ ശേഷി വളരാന്‍ ഒന്നു മുതല്‍ ഒന്നരയാഴ്ച എടുക്കുമ്പോൾ  ടെക്സസ് സര്‍വകലാശാലയുടെ വാക്സീന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഫലപ്രദമാകുമെന്നതാണ് പ്രത്യേകത. നിര്‍വീര്യമാക്കിയ വൈറസ് ഉപയോഗിച്ചാണ് നിപ്പ പ്രോട്ടീന്‍ ഘടകങ്ങള്‍ കോശങ്ങള്‍ക്കുള്ളിലേക്ക് കടത്തുന്നതെന്ന് ടെക്സസ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇവ പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തി നിപ്പ വൈറസിനെതിരെയുള്ള ആന്‍റിബോഡികളുടെയും ടി കോശങ്ങളുടെയും നിര്‍മാണത്തിലേക്ക് നയിക്കുന്നു. 

 

12 കുരങ്ങന്മാരിലാണ് പരീക്ഷണ വാക്സീന്‍ കുത്തിവച്ചത്. മറ്റൊരു ആറ് കുരങ്ങന്മാരുടെ സംഘത്തെ കണ്‍ട്രോള്‍ ഗ്രൂപ്പായും വിനിയോഗിച്ചു. 12ല്‍ പാതി പേര്‍ക്ക് വൈറസ് ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന് ഏഴ് ദിവസം മുന്‍പും ശേഷിക്കുന്ന ആറ് പേര്‍ക്ക് മൂന്ന് ദിവസം മുന്‍പും വാക്സീന്‍ നല്‍കി. വാക്സീന്‍ ലഭിക്കാത്ത കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട കുരങ്ങന്മാര്‍ എല്ലാവരും വൈറസിന് കീഴടങ്ങിയപ്പോള്‍ ഏഴ് ദിവസം മുന്‍പ് വാക്സീന്‍ ലഭിച്ച എല്ലാവരും രക്ഷപ്പെടുകയും യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതിരിക്കുകയും ചെയ്തു. മൂന്ന് ദിവസം മുന്‍പ് വാക്സീന്‍ ലഭിച്ചവരില്‍ 67 ശതമാനം പേര്‍ രക്ഷപ്പെട്ടെങ്കിലും പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

 

1999ല്‍ മലേഷ്യയിലാണ് നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത്. ഇതിനുശേഷം ആഗോള വ്യാപകമായി എഴുന്നൂറോളം നിപ്പ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കംബോഡിയ, ഘാന, ഇന്തോനീഷ്യ, മഡഗാസ്കര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ്പ വൈറസിന്‍റെ സാന്നിധ്യം ഉണ്ടെന്ന് കരുതപ്പെടുന്നു. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടര്‍ന്ന് ഒരു മഹാമാരിയായി മാറാനുള്ള സാധ്യത അധികമാണ്. 75 ശതമാനം കേസുകളിലും മരണത്തിന് കാരണമാകുന്നതിനാല്‍ കോവിഡിനേക്കാളും മാരകമാണ് നിപ്പയെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു.

Content Summary : Scientists develop Nipah virus vaccine 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com