ADVERTISEMENT

കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ സ്കൂള്‍ കുട്ടികള്‍ക്കെല്ലാം ക്ലാസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിച്ചിരിക്കുകയാണ്. എന്നാല്‍ കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങിയതിന് പിന്നാലെ പല വിധത്തിലുള്ള നേത്ര പ്രശ്നങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മങ്ങിയ കാഴ്ച, കണ്ണിന് അസ്വസ്ഥത, അധിക നേരം ബ്ലാക്ക്ബോര്‍ഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയ്യാത്ത അവസ്ഥ, കണ്ണുകള്‍ക്ക് പിങ്ക് നിറം, വരണ്ട കണ്ണുകൾ  പോലുള്ള പ്രശ്നങ്ങളാണ് പലരിലും ഉണ്ടാകുന്നത്.

 

ആറ് മാസം മുന്‍പുള്ളതിനെ അപേക്ഷിച്ച് ഇരട്ടിയോളം കുട്ടികള്‍ക്ക് കണ്ണടകള്‍ നിര്‍ദ്ദേശിക്കേണ്ടി വരുന്നതായി ഡല്‍ഹി, മുംബൈ, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ നേത്രരോഗവിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ആശുപത്രിയായ ഡല്‍ഹി എയിംസിലും സമാനമായ ട്രെന്‍ഡ് കുട്ടികളിലെ നേത്ര പ്രശ്നങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്.

 

ഹ്രസ്വദൃഷ്ടിയുണ്ടാകുന്ന കേസുകള്‍ ഏഴ് ശതമാനത്തില്‍ നിന്ന് 13 ശതമാനമായി വര്‍ധിച്ചതായി എയിംസിലെ നേത്രരോഗ ചികിത്സ വിഭാഗം നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. കംപ്യൂട്ടറിന്‍റെയും മൊബൈല്‍ ഫോണിന്‍റെയുമെല്ലാം ദീര്‍ഘനേരമുള്ള ഉപയോഗവും ലോക്ഡൗണ്‍ മൂലം പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതിരുന്നതുമാകാം ഇതിന് കാരണമെന്ന് എയിംസിലെ കമ്മ്യൂണിറ്റി ഒഫ്താല്‍മോളജി പ്രഫസര്‍ ഡോ. പ്രവീണ്‍ വസിഷ്ഠ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുട്ടികളിലെ ഹ്രസ്വദൃഷ്ടി പ്രശ്നങ്ങള്‍ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഒന്നര മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും ഡോ. പ്രവീണ്‍ ചൂണ്ടിക്കാട്ടി. 

 

കോവിഡിന് ശേഷം കുട്ടികളില്‍ ഹ്രസ്വദൃഷ്ടി വര്‍ധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഒരു ലക്ഷത്തോളം സ്കൂള്‍ കുട്ടികളുടെ നേത്രപരിശോധന നടത്താന്‍ ഒരുങ്ങുകയാണ് എയിംസ് നേത്രരോഗ വിഭാഗം. സ്വകാര്യ ആശുപത്രികളിലെ നേത്രരോഗ വിദഗ്ധരും സമാനമായ ആശങ്കകള്‍ പങ്കുവയ്ക്കുന്നു. ഇപ്പോള്‍ ഒപിയില്‍ ചികിത്സ തേടിയെത്തുന്ന 20 കുട്ടികളില്‍ ഏതാണ്ട് 14 പേര്‍ക്കും കാഴ്ചപ്രശ്നങ്ങള്‍ മൂലം കണ്ണട ആവശ്യമായി വരുന്നതായി മുംബൈ എസ്ആര്‍സിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ് ഡോ. നീപ ഡേവ് തക്കര്‍ പറയുന്നു.ആറ് മാസം മുന്‍പ് ഇത് ഏതാണ്ട് ഏഴോളം കുട്ടികള്‍ ആയിരുന്നു. ഒന്ന് മുതല്‍ ഒന്നര വരെ പവര്‍ ആവശ്യമുള്ള കണ്ണടകള്‍ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ഭൂരിപക്ഷം കുട്ടികള്‍ക്കും നിര്‍ദ്ദേശിക്കേണ്ടി വരുന്നതായും ഡോ. നീപ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കണ്ണട ഉപയോഗിച്ചിരുന്ന പല കുട്ടികള്‍ക്കും 0.50 മുതല്‍ 0.75 വരെ അധിക പവറുള്ള കണ്ണടകള്‍ വേണ്ടി വരുന്നതായും  ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

 

ദീര്‍ഘനേരം കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും ദൃഷ്ടിയുറപ്പിച്ച് ഇരിക്കുമ്പോൾ  കണ്ണുകള്‍ നീളുകയും ചൂടാകുകയും ചെയ്യും. ഇത് ഹ്രസ്വദൃഷ്ടിയിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സൂര്യപ്രകാശം അധികം ഏല്‍ക്കാത്തത് വൈറ്റമിന്‍ ഡിയുടെ അഭാവം ഉണ്ടാക്കുന്നതും നേത്രപ്രശ്നത്തിന് പിന്നിലെ കാരണമാണ്. കുട്ടികള്‍ പുറത്തിറങ്ങി കളിക്കുമ്പോഴാണ് ശരീരം വൈറ്റമിന്‍ ഡി, ഡോപ്പമിന്‍ പോലുള്ള പല കെമിക്കലുകൾ  ഉത്പാദിപ്പിക്കുന്നതെന്ന് ഗുരുഗ്രാം മാക്സ് ഹെല്‍ത്ത് കെയറിലെ ഒഫ്താല്‍മോളജിസ്റ്റ് ഡോ. അപര്‍ണ ഗുപ്തയും പറയുന്നു. കുറഞ്ഞത് 2 മണിക്കൂര്‍ പുറത്തിറങ്ങി സൂര്യപ്രകാശം ഏല്‍ക്കുന്നതും സ്ക്രീന്‍ ടൈം കുറയ്ക്കുന്നതും ഹ്രസ്വദൃഷ്ടി അധികരിക്കാതിരിക്കാന്‍ സഹായകമാണെന്നും ഡോ. അപര്‍ണ കൂട്ടിച്ചേര്‍ത്തു. 

 

പഠിക്കുമ്പോഴോ , ടിവിയോ ലാപ്ടോപോ മൊബൈല്‍ ഫോണോ കാണുമ്പോഴോ  ഓരോ 15-20 മിനിറ്റിനുള്ളിലും കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കണമെന്നും ആറടിയില്‍ അധികം ദൂരത്തുള്ള വസ്തുക്കളിലേക്കോ പുറത്തെ പച്ചപ്പിലേക്കൊ ഒക്കെ നോക്കണമെന്നും ഉദയ്പൂര്‍ പരസ് ജെകെ ആശുപത്രിയിലെ ഒഫ്താല്‍മോളജി അസോഷ്യേറ്റ് കണ്‍സല്‍റ്റന്‍റ് ഡോ. രചന ജെയിന്‍ നിര്‍ദ്ദേശിക്കുന്നു. എല്ലാ കുട്ടികളും അഞ്ച് വയസ്സാകുമ്പോൾ  നേത്ര പരിശോധന നടത്തണമെന്നും ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നു. ലാപ്ടോപ് സ്ക്രീന്‍ ഒരു കൈയകലത്തില്‍ വയ്ക്കേണ്ടതും സ്ക്രീന്‍ ബ്രൈറ്റ്നസ്സ് 60-70 ശതമാനമാക്കി അഡ്ജസ്റ്റ് ചെയ്ത് വയ്ക്കേണ്ടതുമാണ്. കുട്ടികള്‍ മൊബൈല്‍ ഫോണോ ലാപ്ടോപോ ഉപയോഗിക്കുമ്പോൾ  ബ്ലൂ ഫില്‍റ്റര്‍ സ്ക്രീനോ കണ്ണടകളോ ഉപയോഗിക്കുന്നതും നന്നാകുമെന്ന് നേത്രരോഗ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Content Summary : More Cases of Blurry Vision, Pink Eyes Reported Among Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com