ADVERTISEMENT

യുവത്വം, ചിട്ടയായ ജീവിതം എന്നിട്ടും ! അപ്രതീക്ഷിതമായി നമ്മെ വിട്ടു പോകുന്ന ചെറുപ്പക്കാരുടെ എണ്ണം ഏറുകയാണോ? ദുശീലങ്ങളില്ലാതെ, ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടായിട്ടും പലരെയും മരണം കവർന്നെടുക്കുന്നു. ‘സഡൻ കാർഡിയാക് അറസ്റ്റ്’ എന്ന ഹൃദയ സ്തംഭനമാണ് പലപ്പോഴും കാരണമെന്ന് ഡോക്ടർമാർ. ഇവരിൽ ചിലരെ വ്യായാമ വേളയിലും അതിനു ശേഷവും മരണം തേടിയെത്തുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകൻ പ്രഫ. വിപിൻ ചെറിയാനും(41) നമ്മെ വിട്ടുപിരിഞ്ഞു. 

ചെറുപ്പക്കാരെ മരണം തേടിയെത്തുന്നത് എന്തുകൊണ്ടാകാം. ശരീര പ്രകൃതിയും ജനിതക പ്രശ്നങ്ങളും മുതൽ ശീലങ്ങൾ വരെയുള്ള കാരണങ്ങൾ വിദഗ്ധ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. 

 

exercise

കോവിഡിനു ശേഷം കടുത്ത വ്യായാമം വേണ്ട

 

Photo Credit : pnarongkul / Shutterstock.com
Photo Credit : pnarongkul / Shutterstock.com

കോവിഡിനു ശേഷം  കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കി പടിപടിയായി  വ്യായാമത്തിന്റെ ഗ്രേഡ് ഉയർത്തുകയാണു വേണ്ടത്. കോവി‍ഡിന് ശേഷം ജനറൽ ചെക്കപ്പ് ചെയ്തതിനു ശേഷം കടുത്ത വ്യായാമങ്ങളിലേക്കു കടക്കുന്നതാകും ഉചിതം.

 

heart attack

കൂടുതൽ ശ്രദ്ധ വേണം 

മൂന്നു മാസത്തേക്കെങ്കിലും കഠിനമായ  വ്യായാമങ്ങൾ പൂർണമായും ഒഴിവാക്കാം. വലിയ കയറ്റങ്ങൾ കയറുക, ഭാരമുള്ള വസ്തുക്കൾ എടുത്ത് ഉയർത്തുക എന്നിവയെല്ലാം പൂർണമായും ഒഴിവാക്കണം. കോവിഡ് എല്ലാ അവയവങ്ങളെയും ബാധിക്കാം. കഠിന വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ ഹൃദയം ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ സമ്മർദം കൂടുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം. പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കോവിഡ് മുക്തരായ ചെറുപ്പക്കാരും പ്രത്യേക ശ്രദ്ധ പുലർത്തണം.

heart-attack

 

സൂക്ഷിക്കുക, ഹൃദയാഘാതം

cold

10 വർഷത്തിനിടെ ഹൃദയാഘാതം കാരണമുള്ള മരണം 30 ശതമാനം കൂടി. പ്രമേഹം, രക്തസമ്മർദം, മാനസിക സമ്മർദം എന്നിവയാണ് ഹൃദ്രോഗങ്ങൾക്കു പ്രധാന കാരണം. ഇന്ത്യക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതലാണ്. കായികതാരങ്ങളിൽ ഹൃദയപേശിക്കു കട്ടി കൂടാനുള്ള സാധ്യത കാണുന്നുണ്ട്. ഇതു ഹൃദയ സ്തംഭന സാധ്യത കൂട്ടും. അമിതമായ ക്ഷീണം, വിയർപ്പ്, നെഞ്ചുവേദന, ഗ്യാസിനു സമാനമായ ലക്ഷണങ്ങൾ തുടങ്ങിയവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ.  ചികിത്സ തേടണം. ജീവിത ശൈലി മാറ്റണം. 

 

പ്രായമൊരു കാരണമല്ല

heart disease

പ്രായഭേദമന്യേ ഹൃദയാഘാതം ആർക്കും സംഭവിക്കാം. കാരണങ്ങൾ പലതാണ്. ചിലരിൽ ജനിതകപരമായി ഹൃദയാഘാത സാധ്യത കൂടുതലാണ്. ജീവിത ശൈലി മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. ചിട്ടയായ ജീവിതത്തിനൊപ്പം ഹൃദയപരിശോധനയും നടത്തുക.

 

Photo credit : Prostock-studio / Shutterstock.com
Photo credit : Prostock-studio / Shutterstock.com

കോവിഡ് എന്നാൽ ജലദോഷം അല്ല

കോവിഡ് ജലദോഷ വൈറസല്ലെന്ന് ആദ്യമേ മനസ്സിലാക്കണം. മൂക്കിലൂടെയും വായിലൂടെയുമാണ് കൊറോണവൈറസ് ബാധിക്കുന്നത്. എങ്കിലും ശരീരം മുഴുവൻ ബാധിക്കാൻ കോവിഡിന് കഴിയും. രക്തക്കുഴലുകളുടെ ഉൾഭിത്തിയെ ബാധിക്കാൻ കഴിവുള്ളവയാണ് ഇത്തരം വൈറസുകൾ. അടുത്തിടെ നേച്ചർ ജേർണലിൽ കോവിഡ് വന്നവരെയും വരാത്തവരെയും താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ കോവിഡ് വന്നു പോയവരിൽ അടുത്ത ഒരു വർഷം വരെ രക്തക്കുഴലുകളിലെ നീർക്കെട്ടുമായി ബന്ധപ്പെട്ട ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലെന്നു കണ്ടെത്തിയിട്ടുണ്ട്. 

Photo credit :  NDAB Creativity / Shutterstock.com
Photo credit : NDAB Creativity / Shutterstock.com

കോവിഡിന് ശേഷം ശരീരം പൂർവസ്ഥിതിയിൽ എത്താൻ ആഴ്ചകളോളം സമയമെടുക്കും. ഈ സമയം കഠിനമായ വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നതാണു നല്ലത്. ഉദാഹരണത്തിന്, വാശിയോടെയുള്ള ഷട്ടിൽ, ഫുട്ബോൾ കളികൾ, കഠിനമായ ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. എന്നാൽ ഇതു  വെറുതെയിരിക്കാനുള്ള ലൈസൻസും അല്ല. ദൈനംദിന പ്രവൃത്തികളും നടപ്പ് ഉൾപ്പെടെ വ്യായാമങ്ങളും ആരോഗ്യ സംരക്ഷണത്തിനായി തുടരാം. 

 

Representational image. Reuters
Representational image. Reuters

ചെറുപ്പക്കാരിൽ പ്രശ്നം ‘പാരമ്പര്യം’

ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിനു പ്രധാന കാരണം ജനിതക പ്രശ്നമാണ്. മാതാപിതാക്കളിൽ ആരെങ്കിലും ഹൃദ്രോഗിയാണെങ്കിൽ ഉറപ്പായും പരിശോധന നടത്തേണ്ടതുണ്ട്. പുകവലി, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവയും ഹൃദയാഘാതത്തിനു കാരണമാകും. എന്നാൽ ഇവയോടൊപ്പം ജീവിത ശൈലിയും രോഗത്തിനു കാരണമാകുന്നു. ഒരിടത്ത് ഇരുന്നുള്ള ജോലിയും മാനസിക സമ്മർദവും ഹൃദ്രോഗിയാക്കി മാറ്റും. ജങ്ക് ഫുഡ് മറ്റൊരു കാരണമാണ്. യുവാക്കളിൽ ചെറിയ രീതിയിൽ ഹൃദയാഘാതം ഉണ്ടായാലും അതു തിരിച്ചറിയപ്പെടുകയോ ചികിത്സിക്കുകയോ ചെയ്യാത്തതാണ് കൂടുതൽ പ്രശ്നമാക്കുന്നത്.

i-m-vijayan

 

വേണം വ്യായാമം; അധികമാകരുത്

സ്ഥിരമായ വ്യായാമത്തിന്റെ കുറവു തന്നെയാണ് പലരിലും ഹൃദയാഘാതത്തിനു കാരണം. ശ്വാസംമുട്ടൽ, നെഞ്ചുവേദന, സാധാരണയിൽ കവിഞ്ഞ കിതപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സഹായം തേടണം. പെട്ടെന്നൊരു ദിവസം കട്ടിയേറിയ വ്യായാമം ചെയ്താൽ ഹൃദയത്തിനു ചെറിയ താളവ്യത്യാസമുള്ളവരിൽ പോലും ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. കുറച്ചു കാലം വ്യായാമം ചെയ്യാതിരുന്നവർ പെട്ടെന്ന് ഒരുപാട് വ്യായാമം ചെയ്യുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടും. വേഗത്തിലുള്ള ചലനങ്ങൾ കഴിവതും ഒഴിവാക്കണം. 

 

കൊഴുപ്പിനോട് കളിക്കരുത് 

വ്യായാമം ചെയ്യുമ്പോഴും കായിക പ്രവൃത്തിയിലേർപ്പെടുമ്പോഴും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കൊഴുപ്പ് അടിയുന്ന പ്രശ്നം നമുക്ക് മുൻപുതന്നെയുണ്ടാകാം. പെട്ടെന്നു കായിക പ്രവർത്തനത്തിലേർപ്പെടുമ്പോൾ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ധമനിയിൽ തടസ്സമുണ്ടാക്കും. ഹൃദയാഘാതം സംഭവിക്കും. കോവിഡ് ഈ സാധ്യത കൂട്ടി. പെട്ടെന്ന് ഒരു ദിവസം കളിക്കാൻ ഇറങ്ങിയാൽ പേശിവേദനയുണ്ടാകും. കുറച്ചു ദിവസം വിശ്രമിച്ചാൽ ഈ വേദന മാറും. ഇത്തരത്തിൽ വേദന വരുന്നത് ഒഴിവാക്കാൻ പേശികൾ വലിഞ്ഞുള്ള വ്യായാമങ്ങൾ ചെയ്യണം.  40 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായും കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയ ശേഷമേ കളികളിലേക്ക് ഇറങ്ങാവൂ. ആരോഗ്യപ്രശ്നങ്ങളുള്ള 30–40 വയസ്സുള്ളവരും ഡോക്ടറെ കാണണം.

 

ചിട്ടയോടെ വേണം ഷട്ടിൽകളി 

വ്യായാമത്തിനായി പലരും കളിക്കുന്ന ഒരു ഗെയിമാണ് ഷട്ടിൽ. എന്നാൽ ഇത് അതിന്റെ ചിട്ടവട്ടത്തോടെ കളിക്കാത്തതാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ശരീരത്തിന് മുഴുവൻ ഒരേപോലെ വ്യായാമം നൽകുന്നതാണ് ഷട്ടിൽ കളി. ശ്വാസകോശം, ഹൃദയം എന്നിവയ്ക്കെല്ലാം വർക്ക് കൊടുക്കുന്നുണ്ട് ഈ ഗെയിം. അതു കൊണ്ടു തന്നെ വളരെ നല്ലതുമാണ്. പക്ഷെ ശരിയായ വാം അപ്പില്ലാതെ കളിക്കാൻ ഇറങ്ങരുത്. 20 മിനിറ്റ് എങ്കിലും  ജോഗിങ്, സ്ട്രെച്ചിങ് തുടങ്ങി വാം അപ്പുകൾ ചെയ്ത ശേഷമേ കളിക്കാൻ ഇറങ്ങാവൂ. എതിരാളി ശക്തനാണെങ്കിൽ തോൽപിക്കാനായി അധികമായി കളിക്കരുത്. നമ്മൾ കളിക്കാൻ ഇറങ്ങുന്നത് നമ്മുടെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കണം. 

 

എന്റെ വ്യായാമം എങ്ങനെ ? ‌‌

രാവിലെ ആറിന് പൊലീസ്  ടീം അംഗങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ എത്തി പ്രാക്ടിസ് ചെയ്യും. രാവിലെയും വൈകിട്ടും ഒന്നോ ഒന്നരയോ മണിക്കൂർ. അതിൽ കൂടുതൽ ചെയ്യില്ല. അധികമായി വർക്കൗട്ട്  ചെയ്ത് ശരീരത്തിന് ഭാരം നൽകില്ല. ഒരു കായിക താരവും ഗ്രൗണ്ടിൽ എത്തി വാംഅപ്പ് ഇല്ലാതെ ഗെയിമിലേക്ക് കടക്കില്ല. പതുക്കെ ജോഗ് ചെയ്ത് കുറച്ചു വെള്ളമൊക്കെ കുടിച്ച് സെറ്റ് ആകും. ശരീരം ഒന്ന് ചൂടാകാതെ സ്പ്രിന്റിലേക്ക് കടക്കില്ല. ഏതു കായിക മത്സരത്തിന് മുൻപും വാം അപ്പ് ചെയ്യുന്നത് ശരീരത്തെ തയാറാക്കാൻ വേണ്ടിയാണ്. വ്യായാമം ചെയ്യാൻ ഇറങ്ങുന്ന പലരും ഗ്രൗണ്ടിലോ ടർഫിലോ കോർട്ടിലോ ജിമ്മിലോ എത്തി ആദ്യം തന്നെ കഠിനമായത് ചെയ്തു കണ്ടിട്ടുണ്ട്. വന്നിറങ്ങി പെട്ടെന്ന് ഓടുക, ഏറ്റവും വലിയ ഭാരം ഉയർത്തുക തുടങ്ങിയവ. ഇതു ചെയ്യരുത്. നമ്മുടെ ശരീരത്തെ അറിഞ്ഞുമാത്രമേ ചെയ്യാവൂ. കൂടെ നിൽക്കുന്നയാളുടെ ശരീരത്തിന്റെ ഘടനയാകില്ല നമുക്ക്. അതറിഞ്ഞ് പെരുമാറുക. 

 

ഡോ. പി. സുകുമാരൻ

പ്രഫസർ, പൾമനറി മെ‍ഡിസിൻ

പുഷ്പഗിരി മെ‍‍ഡിക്കൽ കോളജ്

 

ഡോ. ആർ.എൻ. ശർമ

പ്രഫസർ എമരിറ്റിസ്, ജനറൽ മെഡിസിൻ

പുഷ്പഗിരി മെ‍ഡിക്കൽ കോളജ്

 

ഡോ. വി.എൽ. ജയപ്രകാശ്,

കാർഡിയോളജി വിഭാഗം മേധാവി

കോട്ടയം മെ‍‍ഡിക്കൽ കോളജ്

 

ഡോ. ടി.കെ. ജയകുമാർ 

കാർഡിയോ തൊറാസിക് വിഭാഗം മേധാവി

കോട്ടയം മെഡിക്കൽ കോളജ് 

 

ഡോ. രാജീവ് ജയദേവൻ

കോ ചെയർമാൻ, ദേശീയ ഐഎംഎ കോവിഡ് ടാസ്ക് ഫോഴ്സ്.

 

ഡോ. ദീപക് ഡേവിഡ്സൺ,

ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി

 

ഡോ. ബിബി ചാക്കോ,

സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്,

മാർ സ്ലീവ മെഡിസിറ്റി, പാലാ

 

 

ഡോ. ആനന്ദ് കുമരോത്ത്

സീനിയർ കൺസൽറ്റന്റ്

സ്പോർട്സ് ഇൻജറി ആൻഡ് അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്റർ, കാരിത്താസ്

 

ഒളിംപ്യൻ വി. ഡിജു ഷട്ടിൽ–ബാഡ്മിന്റൻ താരം. 

 

ഐ.എം. വിജയൻ 

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ

ഡയറക്ടർ, കേരള പൊലീസ് ഫുട്ബോൾ അക്കാദമി

Content Summary : Sudden cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com