ADVERTISEMENT

നമ്മുടെ ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വയര്‍ വേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. 

 

മലബന്ധത്തോട് കൂടിയത്, വയറിളക്കത്തോട് കൂടിയത്, ഇവ രണ്ടും ചേര്‍ന്നത് എന്നിങ്ങനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം പല തരത്തിലുണ്ട്. ഇതിന്റെ കാരണങ്ങള്‍ ഇനി പറയുന്നവയാകാമെന്ന് എച്ച്ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രീഷനിസ്റ്റും സര്‍ട്ടിഫൈഡ് ഡയബറ്റീസ് എജ്യുക്കേറ്ററുമായ മാധവി കര്‍മോകര്‍ ശര്‍മ പറയുന്നു. 

 

1. തലച്ചോറും കുടലുകളും തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറുന്ന നാഡീവ്യൂഹങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലം ശരീരം ചിലപ്പോള്‍ ദഹനപ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങളോട് അമിതമായി പ്രതികരിക്കും. ഇത് അതിസാരത്തിലേക്കും മലബന്ധത്തിലേക്കും ഗ്യാസ് കെട്ടലിലേക്കും നയിക്കാം. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്‌ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം. കുടലില്‍ ബാക്ടീരിയയുടെ അമിതവളര്‍ച്ചയാകാം മറ്റൊരു കാരണം. 

 

2. വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതത്തിലുണ്ടാകുന്ന അമിതമായ സമ്മര്‍ദം ഐബിഎസിലേക്ക് നയിക്കാറുണ്ട്. 

 

3. വയറില്‍ മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകള്‍ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം. 

 

4. ഗോതമ്പ്, പാല്‍, സിട്രസ് പഴങ്ങള്‍, ബീന്‍സ്, കാബേജ്, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍ എന്നിവയോടുള്ള ശരീരത്തിന്റെ പ്രതികരണവും ചിലപ്പോള്‍ ഐബിഎസിന് കാരണമാകാം. പഞ്ചസാരയോ എണ്ണയോ എരിവോ കൂടുതല്‍ അടങ്ങിയ ഭക്ഷണവും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ വഷളാക്കാം. 

 

ഐബിഎസിനുള്ള ചികിത്സ എല്ലാവര്‍ക്കും ഒരേ രീതിയില്‍ ആകണമെന്നില്ലെന്ന് സ്റ്റെഡ്ഫാസ്റ്റ് ന്യൂട്രീഷന്‍ സ്ഥാപകന്‍ അമന്‍ പുരി ചൂണ്ടിക്കാട്ടുന്നു. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും നട്‌സും അടങ്ങിയ വിഭവങ്ങള്‍ വഴി ഭക്ഷണത്തിലെ ഫൈബര്‍ തോത് പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വലിയ അളവില്‍ ഭക്ഷണം ഒരു നേരം കഴിക്കാതെ ലഘു ഭക്ഷണങ്ങളായി ചെറിയ ഇടവേളകളില്‍ കഴിക്കുന്നതും പ്രയോജനം ചെയ്യും. പ്രോബയോട്ടിക്കുകള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുമെന്നും അമന്‍ പുരി കൂട്ടിച്ചേര്‍ത്തു. 

 

ചായ, കാപ്പി, ഗ്യാസ് ചേര്‍ന്ന മധുരപാനീയങ്ങല്‍, സോഡ എന്നിവയുടെ ഉപയോഗം പരിതമിപ്പെടുത്തുന്നതും ഗുണം ചെയ്യും. ഐബിഎസ് ബാധിതരില്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് പതിവായതിനാല്‍ പാലുത്പന്നങ്ങളും മിതമായ തോതില്‍ മാത്രം കഴിക്കേണ്ടതാണ്. സോയബീന്‍, ആല്‍മണ്ട്, ചീര, എള്ള് എന്നീ ബദല്‍ ഭക്ഷണ സ്രോതസ്സുകളിലൂടെ ആവശ്യത്തിന് കാല്‍സ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അലസമായ ജീവിതശൈലി ഐബിഎസിന്റെ ആധിക്യം വര്‍ധിപ്പിക്കുമെന്നതിനാല്‍ പതിവായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കുന്നതും പ്രാണായാമം, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദം ലഘൂകരിക്കുന്നതും ഐബിഎസ് ആഘാതം കുറയ്ക്കുമെന്നും ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Content Summary : Irritable bowel syndrome: Causes, Treatment and symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com