ADVERTISEMENT

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരുമുണ്ടാകില്ല. നിത്യജീവിതത്തിലെ പല തലവേദനകളും ഒന്നുറങ്ങിയാലോ ആവശ്യത്തിന് വിശ്രമിച്ചാലോ ഒരു ഗുളിക കഴിച്ചാലോ ഒക്കെ തീരുന്നതാണ്. എന്നാല്‍ ചില തലവേദനകള്‍ വൈദ്യസഹായം ആവശ്യപ്പെടുന്നവയാണ്. തലയിലെ ട്യൂമര്‍ മുതല്‍ പക്ഷാഘാതം വരെ പല പ്രധാനപ്പെട്ട രോഗങ്ങളുടെ കൂടി ലക്ഷണമാകാം തലവേദന. 

 

100ല്‍ 10 കേസുകളില്‍ തലവേദന ഗൗരവമുള്ളതാകുമെന്നും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ അവ ബാധിച്ച് തുടങ്ങിയാല്‍ ഡോക്ടറെ കാണാന്‍ വൈകരുതെന്നും ബെംഗളൂരു ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശീല ചക്രവര്‍ത്തി  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരട്ടക്കാഴ്ച, മനംമറിച്ചില്‍, തുടര്‍ച്ചയായി ഛര്‍ദ്ദി, കൈകാല്‍ മരവിപ്പ്, സംസാരത്തിലെ അവ്യക്തത, പനി, ഭാരക്കുറവ് എന്നിവയോടൊപ്പം തലവേദന ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അവഗണിക്കരുതെന്നും ഡോ. ശീല ചൂണ്ടിക്കാട്ടി. ഉറക്കം തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതും വേദനസംഹാരികള്‍ കഴിച്ചിട്ടും മാറാത്ത തരത്തിലുള്ളവതുമായ തലവേദനകളെ കരുതിയിരിക്കണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

ഉത്കണ്ഠ, മൈഗ്രേൻ, വിശപ്പ്, ടെന്‍ഷന്‍, ഉറക്കമില്ലായ്മ, അമിതമായ ഉറക്കം, തീക്ഷ്ണതയേറിയ വെളിച്ചം തുടങ്ങിയവ തലയുടെ ഒരു പാതിയില്‍ വരുന്ന വേദനകള്‍ക്ക് കാരണമാകാം. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്ത് നിശ്ചിത ഇടവേളകളില്‍ വരുന്ന തരം ക്ലസ്റ്റര്‍ തലവേദനകള്‍ പലപ്പോഴും സെനസ് മൂലമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കണ്ണുകള്‍ നിറയുന്നതും ചുവക്കുന്നതും മൂക്കൊലിക്കുന്നതും വിയര്‍ക്കുന്നതും ക്ലസ്റ്റര്‍ തലവേദനയുടെ അനുബന്ധ ലക്ഷണങ്ങളാണ്. ഇടിവെട്ട് പോലെ പെട്ടെന്നു വന്ന് 60 സെക്കന്‍ഡില്‍ വേദനയുടെ പാരമ്യത്തിലെത്തുന്ന തണ്ടര്‍ക്ലാപ് തലവേദനകളുമുണ്ട്. 

 

തലച്ചോറിന് പുറത്ത് രക്തം കെട്ടികിടന്ന് പ്രായമായവരില്‍ പോസ്റ്റ് ട്രോമാറ്റിക് തലവേദനകള്‍ ഉണ്ടാകാറുണ്ട്. വീഴ്ചകളിലൂടെയാണ് ഇത് പലപ്പോഴും സംഭവിക്കുക. പക്ഷാഘാതം, തലച്ചോറിലെ മുഴകള്‍, അണുബാധകള്‍, കോര്‍ട്ടിക്കല്‍ വെയ്ന്‍ ത്രോംബോസിസ്,  ഹൈപ്പര്‍ടെന്‍ഷന്‍, ഗ്ലൂക്കോമ എന്നിവയും തലവേദനയുടെ കാരണങ്ങളാകാം. 72 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന തരത്തില്‍ ഇടയ്ക്കിടെ വന്നു പോകുന്ന തീവ്രമായ തലവേദന ശ്രദ്ധയില്‍പ്പെട്ടാല്‍  വൈദ്യസഹായം തേടേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലവേദനയുടെ രീതിയും സ്വഭാവവും നിരീക്ഷിക്കുന്നത് ഇതിന്‍റെ കാരണം കണ്ടെത്താന്‍ സഹായകമാകും. പിന്നീട് ഗുരുതരമായ രോഗസങ്കീര്‍ണതകളിലേക്ക് നയിക്കാതിരിക്കാന്‍ തലവേദനകളെ നിസ്സാരമായി  എടുക്കാതെ ഇടയ്ക്ക് പരിശോധനകളും ചികിത്സയും തേടണമെന്നും ഡോ. ശീല ചക്രവര്‍ത്തി മുന്നറിയിപ്പ് നല്‍കി.

Content Summary: How to know if your headache is dangerous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com