ADVERTISEMENT

നമ്മുടെ ശരീരത്തിലെ അഞ്ഞൂറിലധികം വരുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക പങ്ക് വഹിക്കുന്ന സുപ്രധാനമായ അവയവമാണ് കരള്‍. പ്രതിരോധശേഷി, ദഹനസംവിധാനം, രക്തം കട്ടപിടിക്കല്‍ എന്നിങ്ങനെ പല കാര്യങ്ങളിലും കരള്‍ മുഖ്യസ്ഥാനം വഹിക്കുന്നു. ശരീരത്തെ വിഷമുക്തമാക്കുകയാണ് കരളിന്‍റെ പ്രധാനപ്പെട്ട മറ്റൊരു ജോലി. എന്നാല്‍ ചിലപ്പോഴൊക്കെ നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി മൂലവും വിഷവസ്തുക്കളുടെ അതിപ്രസരം കാരണവും കരളിന് ഓവര്‍ടൈം പണിയെടുക്കേണ്ടി വരുന്നു. 

 

ഇത്തരത്തില്‍ പണിയെടുത്ത് ക്ഷീണിതനായ കരളിനെ പിടികൂടാനെത്തുന്ന ഫാറ്റി ലിവര്‍ മുതല്‍ കരള്‍ വീക്കം വരെ നീളുന്ന പല രോഗങ്ങളുമുണ്ട്. മുതിര്‍ന്നവരില്‍ നാലില്‍ ഒരാള്‍ക്കെന്ന തോതില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുണ്ടാകാമെന്ന് കണക്കാക്കപ്പെടുന്നു. കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്ന ഈ രോഗം പലപ്പോഴും അവസാന ഘട്ടങ്ങളിലാണ് തിരിച്ചറിയപ്പെടുക. എന്നാല്‍ രോഗാതുരമായി കൊണ്ടിരിക്കുന്ന കരള്‍ ഇത് സംബന്ധിച്ച് ചില സൂചനകള്‍  ശരീരത്തിന് നല്‍കാറുണ്ട്. ഇത് അവഗണിക്കാതെ വേഗം വൈദ്യസഹായം തേടുകയും ആവശ്യമായ ചികിത്സകള്‍ നടത്തുകയും  ചെയ്താല്‍ കരളിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്. 

കരളിന് അടിയന്തര സഹായം ആവശ്യമാണെന്ന് അറിയിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ

 

ശരീരത്തിലെ വിഷാംശങ്ങള്‍ക്കൊപ്പം പഴകിയതും ആവശ്യത്തിലധികം ഉള്ളതുമായ ഹോര്‍മോണുകളെയും വിഘടിപ്പിക്കുന്ന ജോലി കരളിനാണ്. കരള്‍ ക്ഷീണിതമാകുമ്പോൾ  ഈ ഹോര്‍മോണുകള്‍ ശരീരത്തിന്‍റെ രക്തചംക്രമണവ്യവസ്ഥയിലേക്ക് വലിച്ചെടുക്കപ്പെട്ട് ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടും.

 

 

2. ചര്‍മ പ്രശ്നങ്ങള്‍

ശരീരത്തിലെ വിഷാംശങ്ങള്‍ ശരിക്കും നീക്കാനുള്ള കഴിവ് കരളിന് കൈമോശം വന്നാല്‍  അവ രക്തപ്രവാഹത്തിലും ലിംഫാറ്റിക് സംവിധാനത്തിലും കറങ്ങി നടക്കും. ഇത് തൊലിപ്പുറത്ത് ചൊറിച്ചിലും അണുബാധയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. 

 

3. അമിതമായ ശരീരഭാരം

പ്രായമാകും തോറും ശരീരത്തിന്‍റെ ഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് പലരും പരാതിപ്പെടാറുണ്ട്. ഇത് പ്രായമാകുന്നതിന്‍റെയല്ല മറിച്ച് കരളിന്‍റെ കാര്യക്ഷമത കുറയുന്നതിന്റെ പ്രശ്നമാണ്. കരള്‍ ശരിക്കും പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ ശരീരത്തിന് നാം കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിച്ച് കാര്യക്ഷമമായ തോതില്‍ ഊര്‍ജ്ജോത്പാദനം നടത്താന്‍ സാധിക്കാതെ വരും. ചയാപചയ സംവിധാനം ദുര്‍ബലമാകുന്നതോടെ കൊഴുപ്പ് ശരീരത്തില്‍ പല ഭാഗങ്ങളിലായി അടിഞ്ഞു കൂടാന്‍ തുടങ്ങും. 

 

4. ഉറക്ക പ്രശ്നം

നമ്മുടെ ശരീരത്തിലെ പ്രകൃതിദത്ത ക്ലോക്കായ സിര്‍കാഡിയന്‍ റിഥം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കരള്‍ നാം ഉറങ്ങുന്ന സമയത്താണ്  വിഷാംശങ്ങള്‍ നീക്കുന്ന പ്രക്രിയ നടത്തുന്നത്. കരളിന് പ്രശ്നങ്ങളുള്ള വ്യക്തികളില്‍ ഈ സിര്‍കാഡിയന്‍ റിഥം തകരാറിലാകുന്നതിന്‍റെ ഭാഗമായി അര്‍ധരാത്രി ഒന്നിനും മൂന്നിനും ഇടയില്‍ വ്യക്തി ഉറക്കമുണരാം. പിന്നീട് തിരിച്ച് ഉറങ്ങാനും സാധിക്കാതെ വരും. സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിനെ നീക്കം ചെയ്യാന്‍ കരളിന് സാധിക്കാതെ വരുന്നതും ഉറക്കമില്ലായ്മയിലേക്ക് നയിക്കാം. 

 

5. ദഹന പ്രശ്നം

കൊഴുപ്പ് കത്തിച്ചു കളയുന്നതിലും കരളിന് സുപ്രധാന പങ്കുണ്ട്. കരളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബൈല്‍ ആണ് ഇതിന് സഹായിക്കുന്നത്. കരളിന്റെ കാര്യക്ഷമത കുറയുമ്പോൾ  ബൈല്‍ ഉത്പാദനം പരിമിതപ്പെടുകയും  കൊഴുപ്പ് ശരിയായി വിഘടിക്കാതെ ഇരിക്കുകയും ചെയ്യും. ഇത് ഗ്യാസ് ഉള്‍പ്പെടെയുള്ള ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.

Content Summary : 5 Signs Your Liver Needs Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com