കൃത്രിമ മധുരം അര്‍ബുദ സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

cancer-cells
SHARE

മധുരത്തിനു പകരം പ്രമേഹ രോഗികളടക്കം ഉപയോഗിക്കുന്നതാണ് കാലറി തീരെയില്ലാത്ത കൃത്രിമ മധുര വസ്തുക്കള്‍. എന്നാല്‍ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പല പഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവയ്ക്കൊക്കെ കൃത്രിമ മധുരങ്ങള്‍ കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ അര്‍ബുദത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതായി പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. 

ഒരു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ കൃത്രിമ മധുരത്തിന്റെ അമിതമായ ഉപയോഗം ചിലതരം അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത നേരിയ തോതില്‍ വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. പഠനത്തില്‍ പങ്കെടുത്തവരോട്, കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഒരു ഫുഡ് ഡയറിയില്‍ കുറിച്ച് സൂക്ഷിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. ഇവരില്‍ പകുതിയോളം പേരെ എട്ട് വര്‍ഷത്തിലധികം നിരീക്ഷണ വിധേയമാക്കി. 

ചില കൃത്രിമ മധുരങ്ങളുടെ ഉപയോഗം സ്തനാര്‍ബുദം, മലാശയ അര്‍ബുദം, പ്രോസ്‌ട്രേറ്റ് അര്‍ബുദം, വയറിലെ അര്‍ബുദം തുടങ്ങിയവയ്ക്കു വഴിതെളിക്കാമെന്നു ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇവ ഒഴിവാക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

അസ്പാര്‍ടേം എന്ന കൃത്രിമമധുരം ശരീരത്തിലെത്തി ദഹിച്ച് കഴിഞ്ഞാല്‍ അര്‍ബുദകാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡായി മാറുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇവ കോശങ്ങളില്‍ അടിഞ്ഞ് അവയെ അര്‍ബുദ കോശങ്ങളാക്കി മാറ്റുന്നു. അര്‍ബുദകോശങ്ങളായി മാറിയാല്‍ സ്വയം നശിപ്പിക്കാന്‍ പ്രാപ്തിയുള്ളതാണ് മനുഷ്യശരീരത്തിലെ കോശങ്ങള്‍. എന്നാല്‍ കോശങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കുന്ന ജീനുകളെ അസ്പാര്‍ടേം നിര്‍വീര്യമാക്കുന്നു. സൂക്രലോസ്, സാക്കറിന്‍ പോലുള്ള കൃത്രിമ മധുരപദാര്‍ഥങ്ങളും ഡിഎന്‍എയ്ക്ക് നാശമുണ്ടാക്കി അര്‍ബുദത്തിലേക്ക് നയിക്കാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

വയറ്റിൽ കഴിയുന്ന, ശരീരത്തിന് ഉപകാരമുള്ള ഗട്ട് ബാക്ടീരിയകളെയും കൃത്രിമ മധുരങ്ങള്‍ നശിപ്പിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും അര്‍ബുദ കോശങ്ങള്‍ തിരിച്ചറിയാനുള്ള അതിന്റെ കഴിവ് കൈമോശം വരികയും ചെയ്യാം. എന്നാല്‍ ഫുഡ് ഡയറിയെ അടിസ്ഥാനമാക്കി നടത്തുന്ന പഠനം എത്ര മാത്രം വിശ്വാസയോഗ്യമാണെന്നതിൽ തർക്കങ്ങളും ഉയരുന്നുണ്ട്. ഫുഡ് ഡയറിയില്‍ തങ്ങള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും സത്യസന്ധമായി ആളുകള്‍ എഴുതിയേക്കില്ലെന്നാണ് പ്രധാന വാദം. 

Content Summary : Artificial sweeteners can increase chances of getting cancer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA