ADVERTISEMENT

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ അഥവാ ഹെപാറ്റിക് സ്റ്റിയറ്റോസിസ്. കുറച്ച് കൊഴുപ്പൊക്കെ കരളില്‍ ആകാമെങ്കിലും കരൾ ഭാരത്തിന്‍റെ 5-10 ശതമാനത്തിനും മുകളിലേക്ക് ഇത് വര്‍ധിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങുന്നു. മദ്യപിക്കുന്നവര്‍ക്ക് മാത്രം വരുന്ന ഒന്നാണ് ഫാറ്റി ലിവര്‍ എന്ന തെറ്റിദ്ധാരണ പൊതുവേ സമൂഹത്തിലുണ്ട്. എന്നാല്‍ മദ്യപാനം മൂലമല്ലാതെ വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും ഇന്ന് വളരെ വ്യാപകമാണ്. ഇന്ത്യക്കാരില്‍ 9 മുതല്‍ 32 ശതമാനം വരെയാളുകള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി നാഷനല്‍ ഹെല്‍ത്ത് പോര്‍ട്ടല്‍ ഓഫ് ഇന്ത്യ  ചൂണ്ടിക്കാണിക്കുന്നു. 

 

അമിതഭാരം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് എന്നിങ്ങനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്‍റെ കാരണങ്ങള്‍ പലതാണെന്ന്  ഗുരുഗ്രാം മണിപ്പാല്‍ ആശുപത്രിയിലെ ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ് സീനിയര്‍ കണ്‍സല്‍റ്റന്‍റ് ഡോ. അങ്കുര്‍ ജെയിന്‍ ദ ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

നാലു ഘട്ടങ്ങളിലൂടെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പുരോഗമിക്കുന്നത്. ആദ്യത്തെ ഘട്ടമായ സിംപിള്‍ ഫാറ്റി ലിവര്‍ രോഗത്തില്‍ കൊഴുപ്പ് അടിഞ്ഞു തുടങ്ങുമെങ്കിലും കരളിന് അണുബാധയേല്‍ക്കാന്‍ ആരംഭിച്ചിട്ടുണ്ടാകില്ല. രണ്ടാമത്തെ ഘട്ടത്തില്‍ കൊഴുപ്പ് അടിയുന്നതിനൊപ്പം കരളിന് അണുബാധയും നീര്‍ക്കെട്ടും ആരംഭിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ കരളിനും അവിടേക്കുള്ള രക്തധമനികള്‍ക്കും ചുറ്റും സ്കാര്‍ കോശങ്ങള്‍ രൂപപ്പെട്ട് തുടങ്ങും. ഫൈബ്രോസിസ്, സ്കാറിങ് എന്നെല്ലാം ഇത് അറിയപ്പെടുന്നു. കരളിന് സ്ഥിരമായ നാശമുണ്ടാക്കുന്ന കരള്‍വീക്കമാണ് അവസാന ഘട്ടം. 

 

നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുകയും ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ പൂര്‍ണാരോഗ്യത്തിലേക്ക് കരളിനെ തിരികെ കൊണ്ടു വരാന്‍ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. മദ്യപാനം കുറയ്ക്കുക

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിച്ചവരുടെ ചികിത്സ ആരംഭിക്കുന്നത് മദ്യപാനം നിര്‍ത്തിക്കൊണ്ടാണ്. ഇത് നശിച്ച് തുടങ്ങുന്ന കരളിനെ തിരികെയെത്തിക്കാനുള്ള ആദ്യ പടിയാണ്. രോഗം ഇനിയും പിടിപെടാത്തവരെ സംബന്ധിച്ചാണെങ്കില്‍ മദ്യപാനം ഒഴിവാക്കുന്നതും അത് പരിമിതപ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു. 

 

2.   ഭക്ഷണക്രമം നിയന്ത്രിച്ച് ഭാരം കുറയ്ക്കുക

ഹോള്‍ ഗ്രെയ്നുകള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തെയും അത് വഴി ഉണ്ടാകാവുന്ന കരളിന്‍റെ സങ്കീര്‍ണതകളെയും ഒഴിവാക്കാന്‍ സഹായിക്കും. അമിതവണ്ണമുള്ളവര്‍ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ കൂടുതല്‍ രൂക്ഷമാക്കാം. ഇതിനാല്‍ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും പടിപടിയായി വണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. 

 

3. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക

 

നിത്യവുമുള്ള വ്യായാമം ഫാറ്റി ലിവറിനെ മാത്രമല്ല ഒരു വിധം രോഗങ്ങളെയൊക്കെ നിങ്ങളുടെ പടിക്ക് പുറത്ത് നിര്‍ത്തും. 

 

4. സഹരോഗാവസ്ഥകള്‍ നിയന്ത്രിക്കുക

പ്രമേഹം പോലുള്ള സഹരോഗാവസ്ഥകള്‍ ഫാറ്റി ലിവര്‍ രൂക്ഷമാക്കാമെന്നതിനാല്‍ ഇവയുടെ കാര്യത്തില്‍ കരുതല്‍ വേണം. പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ഹോര്‍മോണ്‍ അനുബന്ധ പ്രശ്നങ്ങള്‍ എന്നിവയുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം.

Content Summary: Non alcoholic fatty liver disease risk and signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com