ADVERTISEMENT

ഹൃദയതാളം മണിക്കൂറുകളോളം തുടർച്ചയായി നിരീക്ഷിക്കാനും വ്യതിയാനങ്ങളുണ്ടെങ്കിൽ കണ്ടെത്താനുമായി നടത്തുന്നതാണല്ലോ ഹോൾട്ടർ ടെസ്റ്റ്. ഹൃദയസംബന്ധമായ അസുഖം സംശയിക്കുന്നവരിലും സ്ട്രോക്ക് ബാധിച്ചവരിലും മറ്റും 24 മണിക്കൂർ നീളുന്ന ഈ പരിശോധനയ്ക്കു ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ആശുപത്രിയിൽ അഡ്മിറ്റായോ ഹോൾട്ടർ മെഷീൻ ഘടിപ്പിച്ചു വീട്ടിലേക്ക് അയച്ചുകൊണ്ടോ ടെസ്റ്റ് നടത്തുന്ന രീതി പലർക്കും പരിചിതവുമാണ്. 

കയ്യിലൊതുങ്ങുന്നത്ര ചെറുതും ദൈനംദിന ജീവിതത്തിന് ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാൻ പറ്റുന്നതുമായ ഡിസ്പോസബിൾ ഹോൾട്ടറിനെ കൂടി നമുക്കു പരിചയപ്പെടാം. ശരീരം അധികം അനങ്ങരുത്, കുളിക്കരുത് തുടങ്ങി സാധാരണ രീതിയിലുള്ള പരിശോധനയ്ക്ക് പല നിബന്ധനകളുമുണ്ട്. ഇത്തരം കർശന നിയന്ത്രണങ്ങളില്ലെന്നതാണ് ഡിസ്പോസബിൾ ഹോൾട്ടറിന്റെ മെച്ചം. 

2 ബാൻഡ് എയ്ഡിന്റെ വലുപ്പം മാത്രമുള്ള ഇത് നെഞ്ചിൽ ഒട്ടിച്ചുവയ്ക്കാം. വസ്ത്രത്തിനടിയിൽ ഒതുങ്ങിയിരിക്കും എന്നുള്ളതുകൊണ്ട്  തന്നെ ദിവസേനയുള്ള ജീവിതചര്യകൾ ചെയ്യുന്നതിനോ സഞ്ചരിക്കുന്നതിനോ തടസ്സമില്ല. എംആർഐ സ്കാനും അമിതമായി ആയാസപ്പെട്ടുള്ള പ്രവർത്തികളും കളികളും ഒഴിവാക്കണമെന്നു മാത്രം. 

സാധാരണ ഹോൾട്ടർ ഒരു ദിവസത്തേക്ക് ഉപയോഗിക്കുമ്പോൾ ഡിസ്പോസബിൾ ഹോൾട്ടർ 3 മുതൽ 7 ദിവസം വരെ  തുടർച്ചയായി ഇസിജി റിക്കോർഡ് ചെയ്യും. മൊബൈൽ ഫോണിലെ പ്രത്യേക ആപ്ലിക്കേഷൻ വഴി ഇസിജി സെർവറിലേക്ക് എത്തുകയും ടെക്നിഷ്യന്മാർ വിശകലനം ചെയ്ത് റിപ്പോർട്ട് ഡോക്ടർക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണു പ്രവർത്തന രീതിയെന്ന് വെബ്കാർഡിയോ എന്ന ഡിസ്പോസബിൾ ഹോൾട്ടറിന്റെ പിന്നിൽ പ്രവർത്തിച്ച ഗാഡ്ജിയോൺ മെഡിക്കൽ സിസ്റ്റംസ് സിഇഒ അരവിന്ദ് രവികുമാർ പറയുന്നു. സാധാരണ ഹോൾട്ടർ ടെസ്റ്റിന്റെ നിരക്കും അതിനായുള്ള ആശുപത്രി സന്ദർശനങ്ങളും കാത്തിരിപ്പു സമയവും കണക്കുകൂട്ടിയാൽ ചെലവും കുറവാണ്.  

2017ൽ തൃശൂർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയ ശേഷം വിപണിയിലെത്തിയ വെബ് കാർഡിയോ ഇപ്പോൾ ഇന്ത്യയ്ക്കു പുറമേ  ബംഗ്ലദേശ്, മാലദ്വീപ് എന്നിവിടങ്ങളിലുമുണ്ട്. 

Content Summary : Heart rate monitoring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com