ADVERTISEMENT

ഹൃദയാഘാതം, പക്ഷാഘാതം, അര്‍ബുദം എന്നിവയെല്ലാം നമ്മെ ഭയപ്പെടുത്തുന്ന രോഗങ്ങളാണ്. എന്നാല്‍ ഇത്രയും ശ്രദ്ധ പലര്‍ക്കും രക്തസമ്മര്‍ദം അഥവാ ബിപിയുടെ കാര്യത്തില്‍ ഉണ്ടാകാറില്ല. പക്ഷേ  അത്രയെളുപ്പം അവഗണിക്കാവുന്ന ഒന്നല്ല രക്തസമ്മര്‍ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍; പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. പല രോഗങ്ങളിലേക്കും നയിക്കാവുന്ന നിശ്ശബ്ദ കൊലയാളിയാണ് ഈ ഉയര്‍ന്ന രക്തസമ്മര്‍ദം. 

 

120/80 mmHg ആണ് സാധാരണ തോതിലുള്ള രക്തസമ്മര്‍ദം. ഇത് 140/90 mmHg എത്തുമ്പോൾ  ഉയര്‍ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നു. രക്തസമ്മര്‍ദം 180/120 mmHg എത്തുന്നതോടെ സ്ഥിതി രൂക്ഷമാകുന്നു. എപ്പോള്‍ പരിശോധിച്ചാലും രക്തസമ്മര്‍ദം ഉയര്‍ന്ന് നില്‍ക്കുന്നവര്‍ പരിഗണിക്കേണ്ട ചില മറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. ഉപ്പിന്‍റെ ഒളിഞ്ഞിരിക്കുന്ന ഉറവിടങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദവും ഭക്ഷണത്തിലെ ഉയര്‍ന്ന സോഡിയം തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ തോത് കുറച്ചിട്ടും രക്തസമ്മര്‍ദം കുറയുന്നില്ലെങ്കില്‍ ഉപ്പ് ഒളിഞ്ഞിരിക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയാകാം ചിലപ്പോള്‍ വില്ലനാകുന്നത്. ഉപ്പിന്‍റെ അംശവും കാലറിയും സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ്ഫാറ്റും പഞ്ചസാരയും ഉയര്‍ന്നിരിക്കുന്ന ഭക്ഷണക്രമം രക്തസമ്മര്‍ദ സാധ്യത ഗണ്യമായി ഉയര്‍ത്തുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. 

 

2. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നില്ല

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ അഭിപ്രായത്തില്‍ സോഡിയത്തെ പ്രതിരോധിക്കുന്ന ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം എത്രയധികം കഴിക്കുന്നോ അത്രയധികം സോഡിയം നമ്മുടെ മൂത്രത്തിലൂടെ പുറത്ത് പോകും. രക്തധമനികളിലെ സമ്മര്‍ദം കുറയ്ക്കാനും പൊട്ടാസ്യം സഹായകമാണ്. ചീര, ബ്രക്കോളി, അവക്കാഡോ, പഴം, ഓറഞ്ച്, തക്കാളി, ഇളനീര് എന്നിവയെല്ലാം പൊട്ടാസ്യത്തിന്‍റെ സമ്പന്ന  സ്രോതസ്സുകളാണ്. 

 

3. മാനസിക സമ്മര്‍ദം

മാനസികമായി അമിത സമ്മര്‍ദം അനുഭവിക്കുമ്പോൾ  പലരുടെയും ബിപി വല്ലാതെ ഉയരാം. മനസ്സിന് വിശ്രമം നല്‍കാനും ടെന്‍ഷന്‍ കുറയ്ക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇത്തരക്കാര്‍ നടത്തേണ്ടതാണ്. അലസമായ ജീവിതശൈലി, മോശം ആഹാരം, പുകവലി തുടങ്ങിയ ശീലങ്ങളും രക്തസമ്മര്‍ദത്തെ പ്രതികൂലമായി ബാധിക്കാം. 

 

4. ആവശ്യത്തിന് ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കമില്ലാത്തവര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത 48 ശതമാനം അധികമാണെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഹൈപ്പര്‍ടെന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. 

 

5. മദ്യപാനം പരിധി വിടുന്നു

അമിതമായ മദ്യപാനം രക്തസമ്മര്‍ദ തോത് പരിധി വിട്ട് ഉയര്‍ത്തുന്നതാണ്. ഇത് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

 

6. ഉയര്‍ന്ന കൊളസ്ട്രോള്‍

സ്ഥിരം രക്തസമ്മര്‍ദം ഉയര്‍ന്നിരിക്കുന്നവര്‍ക്ക് ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കൊളസ്ട്രോള്‍ രക്തധമനികളില്‍ കെട്ടിക്കിടന്ന് രക്തത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇതും രക്ത സമ്മർദ തോത് ഉയർത്തും.

Content Summary : Why is your blood pressure always high?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com