ADVERTISEMENT

ആസ്മയ്ക്കും അലര്‍ജിക്കുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന മാൻഡലുകാസ്റ്റ്  എന്ന മരുന്നിന് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. വൈറസ് പെരുകുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനിനെ ബ്ലോക്ക് ചെയ്യുന്നത് വഴിയാണ് മാൻഡലുകാസ്റ്റ് ശരീരത്തിലെ കോവിഡ് വ്യാപനത്തിന് തടയിടുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ ഗവേഷണം പറയുന്നു. 

 

വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ആസ്മയും അലര്‍ജികളും മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുണ്ടാകുന്ന ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് മാൻഡലുകാസ്റ്റ് ഉപയോഗിക്കുന്നതെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു. ടാബ്‌ലറ്റായും കുട്ടികള്‍ക്ക് സിറപ്പായുമെല്ലാം ഈ മരുന്ന് ഇന്ത്യയിലും ഡോക്ടര്‍മാര്‍ കുറിക്കാറുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഐഐഎസ് സിയിലെ അസിസ്റ്റന്‍റ് പ്രഫസര്‍ തന്‍വീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ആസ്മ രോഗികളില്‍ ശ്വാസമെടുപ്പ് എളുപ്പമാക്കുമെന്നതിനാല്‍ ചില ഡോക്ടര്‍മാര്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്‍റെ ആന്‍റിവൈറല്‍ ഗുണങ്ങള്‍ ഇപ്പോള്‍ മാത്രമാണ് വെളിപ്പെട്ടത്. 

 

മനുഷ്യകോശങ്ങളെ ബാധിക്കുമ്പോൾ  കൊറോണ വൈറസ് എന്‍എസ്പി1 എന്നൊരു പ്രോട്ടീന്‍ പുറപ്പെടുവിക്കും. വൈറസ് പെരുകുന്നതില്‍ ഈ പ്രോട്ടീന്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ വൈറല്‍ പ്രോട്ടീന്‍ കോശത്തിലെ പ്രോട്ടീന്‍ ഉത്പാദന സംവിധാനമായ റൈബോസോമുമായി ഒട്ടിപ്പിടിച്ച് അവയെ ബ്ലോക്ക് ചെയ്യുന്നു. ഇതിന്‍റെ ഫലമായി കോശത്തിന് വൈറല്‍ അണുബാധയോട് പോരാടാനുള്ള പ്രോട്ടീനുകളെ നിര്‍മിക്കാന്‍ സാധിക്കാതെ വരുന്നു. ഇത്തരത്തിലാണ് വൈറസ് പെരുകി കോശത്തിനുള്ളില്‍ അണുബാധ പടരുന്നത്. 

 

കോശത്തിന് വൈറസ് ഉണ്ടാക്കുന്ന നാശത്തെ തടയാന്‍ എന്‍എസ്പി1 വൈറല്‍ പ്രോട്ടീനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ഈ ദൗത്യമാണ് മാൻഡലുകാസ്റ്റ് നിര്‍വഹിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്‍എസ്പി1 ന്‍റെ ജനിതക പരിവര്‍ത്തന നിരക്ക് കുറവായതിനാല്‍ കൊറോണ വൈറസിന്‍റെ ഏത് വകഭേദം വന്നാലും എന്‍എസ്പി1 ന് വലിയ മാറ്റമുണ്ടാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ മാൻഡലുകാസ്റ്റ് ഉപയോഗിച്ചുള്ള ചികിത്സ ഏത് വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇലൈഫ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. 

Content Summary: Asthma drug blocks protein crucial to replication of coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com