ADVERTISEMENT

ആശങ്കയും ഉത്കണ്ഠയും പിരിമുറുക്കവും സ‍ൃഷ്ടിക്കുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്ക് പൊതുവായി അനുഭവപ്പെട്ട ചില കാര്യങ്ങളുണ്ട്. ശ്വാസംമുട്ടല്‍, അമിത വിയര്‍പ്പ്, നെഞ്ചു വേദന, വിറയല്‍, മരവിപ്പ്, തലകറക്കം, മനംമറിച്ചില്‍, ഛര്‍ദ്ദി, ബോധക്ഷയം എന്നിങ്ങനെ പല പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടായെന്നു വരാം. ഇതെല്ലാം കൂടി വന്ന് ഇപ്പോള്‍ മരിച്ചു പോകുമെന്ന തോന്നലില്‍ അടിയന്തര ചികിത്സ തേടിയവരും നിരവധി. 

 

ഉത്കണ്ഠ ഉണ്ടാകുമ്പോൾ  ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ചില സമ്മര്‍ദ ഹോര്‍മോണുകളാണ് ഇതിനു പിന്നില്‍.  കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, എപ്പിനെഫ്രിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിങ്ങനെയുള്ള ഈ ഹോര്‍മോണുകള്‍ ശരീരം ഒരു അപകട ഘട്ടത്തിലാണെന്ന തോന്നല്‍ വരുമ്പോൾ തലച്ചോറിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. മനുഷ്യരുടെ പരിണാമപ്രക്രിയയുടെ തുടര്‍ച്ചയായി നമ്മളില്‍ ഉണ്ടായതാണ് ഇത്തരത്തിലുള്ള പ്രതികരണം. 

 

മൃഗങ്ങളില്‍ നിന്നോ ശത്രുക്കളില്‍ നിന്നോ ഭീഷണി നേരിടുന്ന ആദിമ മനുഷ്യന് പോരാടാനോ ഓടി രക്ഷപ്പെടാനോ ഉള്ള കരുത്ത് നല്‍കിയിരുന്നത് ശരീരത്തിന്‍റെ ഇത്തരം ഹോര്‍മോണ്‍ പ്രതികരണമായിരുന്നു. ഈ സമയങ്ങളില്‍ നെഞ്ചിടിപ്പും രക്തസമ്മര്‍ദവും ഉയരുകയും പേശികളിലേക്ക് കൂടുതല്‍ രക്തമെത്തുകയും ചെയ്യും. കാലത്തിനൊപ്പം മനുഷ്യര്‍ നേരിടുന്ന അപകട സാഹചര്യങ്ങളും മാറിയെങ്കിലും നമ്മുടെ ശരീരത്തിന്‍റെ അടിസ്ഥാനപരമായ പ്രതികരണ സംവിധാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു അപകടത്തെ പറ്റിയുള്ള ചിന്ത പോലും സമ്മര്‍ദ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് വഴി വയ്ക്കാം. 

 

എന്നാല്‍ ജീവിതത്തില്‍ നിരന്തരം ഇത്തരത്തിലുള്ള ഉത്കണ്ഠയും ആശങ്കയും പേറിക്കൊണ്ട് ടെന്‍ഷനടിച്ച് നടന്നാല്‍ ഇത് രക്താതിസമ്മര്‍ദം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. ധമനികളുടെ ഭിത്തികളില്‍ രക്തം ഏല്‍പ്പിക്കുന്ന സമ്മര്‍ദം അതിര് കടക്കുമ്പോൾ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യയേറുന്നു.  മാനസികാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത് ഇത്തരം രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ സഹായിക്കും. 

 

മാനസിക സമ്മര്‍ദത്തിന് പുറമേ അമിതവണ്ണം, പുകവലി, അലസമായ ജീവിതശൈലി, പോഷണക്കുറവ് തുടങ്ങിയ ഘടകങ്ങളും ഹൈപ്പര്‍ടെന്‍ഷന് കാരണമാകാറുണ്ട്. നിത്യവുമുള്ള വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, നല്ല ഉറക്കം, ടെന്‍ഷനുകളും സമ്മര്‍ദവും ഒഴിവാക്കിയ ജീവിതം തുടങ്ങിയവയിലൂടെ ഹൈപ്പര്‍ടെന്‍ഷനെയും ഹൃദ്രോഗങ്ങളെയും പടിക്ക് പുറത്ത് നിര്‍ത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

Content Summary: Anxiety, stress and blood pressure: do you know this relationship?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com