കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ കൂടാതെ, കൈയിലേക്കുള്ള രക്തകുഴലിലൂടെ ഹൃദയവാൽവ് വിജയകരമായി മാറ്റിവച്ച് കൊച്ചി രാജഗിരി ആശുപത്രി. അയോർട്ടിക് വാൽവ് സ്റ്റിനോസിസ് രോഗം ബാധിച്ച കോട്ടയം സ്വദേശിയായ 74 കാരനിലാണ് ഈ രീതിയിൽ ഹൃദയവാൽവ് മാറ്റിവച്ചത്.
ശ്വാസകോശത്തിന്റെയും വൃക്കകളുടെയും പ്രവർത്തനവും തകരാറിലായി കഠിനമായ ശ്വാസതടസ്സത്തേയും ഹൃദ്രോഗത്തേയും തുടർന്ന് അവശനിലയിലാണ് രോഗി കഴിഞ്ഞ ഏപ്രിൽ 18ന് ആശുപത്രിയിലെത്തുന്നത്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതംതന്നെ ഒരു ചോദ്യചിഹ്നം ആയ അവസ്ഥയിലായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗിയുടെ ഹൃദയത്തിലെ അയോർട്ടിക് വാൽവ് ചുരുങ്ങുന്ന അയോർട്ടിക് വാൽവ് സ്റ്റിനോസിസ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്.
വാൽവ് പൂർണമായി തുറക്കാതിരിക്കുന്നതു മൂലം ഹൃദയത്തിൽ നിന്ന് പ്രധാന ധമനിയായ അയോർട്ടയിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും തത്ഫലമായി ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് രക്തം എത്തിപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അയോർട്ടിക് വാൽവ് മാറ്റി വയ്ക്കുക എന്നതായിരുന്നു ജീവിതത്തിലേക്കു തിരിച്ച് കൊണ്ടുവരാനുള്ള ഏക മാർഗം. എന്നാൽ മുൻപ് ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള രോഗിയുടെ ആരോഗ്യാവസ്ഥ മോശമായതും അനിയന്ത്രിതമായ പ്രമേഹവും വീണ്ടും സങ്കീർണമായ ശസ്ത്രക്രിയയ്ക്കുള്ള സാധ്യത ഇല്ലാതാക്കി.
രാജഗിരി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാംദാസ് നായക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ കൂടാതെയുള്ള നൂതന ചികിത്സാ രീതിയായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) പ്രക്രിയയിലൂടെ രോഗിയുടെ ഹൃദയവാൽവ് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനും ഡോക്ടർമാർക്ക് മുന്നിൽ ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. സാധാരണ നിലയിൽ തുടയിൽ നിന്നുള്ള രക്തകുഴലിലൂടെ കത്തീറ്റർ ഹൃദയത്തിലേക്ക് കടത്തിവിട്ടാണ് ടാവി പൂർത്തിയാക്കാറുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ തുടയിലേക്കുള്ള രക്തകുഴലുകളും അടഞ്ഞിരുന്നതിനാൽ ആ രീതിയിൽ വാൽവ് മാറ്റിവയ്ക്കാൻ സാധ്യമായിരുന്നില്ല. തുടർന്ന് കൈയിലേക്കുള്ള പ്രധാന രക്തകുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് രോഗിയുടെ ഹൃദയവാൽവ് വിജയകരമായി മാറ്റിവയ്ക്കുകയായിരുന്നു. അവശനിലയിൽ എത്തിയ രോഗി ടാവിയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു.
സാധാരണ രീതിയെ അപേക്ഷിച്ച് രോഗിക്ക് അപകടസാധ്യത കൂടുതലായിരുന്നിട്ടും കൈയിലേക്കുള്ള രക്തകുഴലിലൂടെ നടത്തിയ ടാവി വിജയകരമായി പൂർത്തിയാക്കാനായത് രാജ്യത്തെതന്നെ മികച്ച ഹൃദ്രോഗ ചികിത്സാ വിഭാഗം രാജഗിരിയിൽ ഉള്ളതുകൊണ്ടാണെന്ന് മെഡിക്കൽ ഡയറക്ടറും കാർഡിയോതൊറാസിക് സർജനുമായ ഡോ. ശിവ്. കെ. നായർ പറഞ്ഞു.
കാർഡിയോളജി വിഭാഗം ഡോ. രാംദാസ് നായക്, ഡോ. ജേക്കബ് ജോർജ്, ഡോ. സുരേഷ് ഡേവിസ്, ഡോ. ആന്റണി പാത്താടൻ, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം ഡോ. ശിവ്. കെ.നായർ, ഡോ. റിനറ്റ് സെബാസ്റ്റ്യൻ, ഡോ. അജ്മൽ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ. മനീഷ ജോഷി, കാർഡിയാക് അനസ്തീസിയ വിഭാഗം ഡോ. മേരി സ്മിത തോമസ്, ഡോ. ദിപിൻ എന്നിവർ ചികിത്സയിൽ പങ്കാളികളായി.
Content Summary : Heart valve transplantation