ADVERTISEMENT

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് അര്‍ബുദം. ഒരാളുടെ പ്രായം, ജനിതകമായ പ്രത്യേകതകള്‍, ജീവിതശൈലി എന്നിവ അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ മരണങ്ങളുടെ രണ്ടാമത്തെ വലിയ കാരണമാണ് അര്‍ബുദം. സ്തനാര്‍ബുദം, കോളോറെക്ടല്‍ അര്‍ബുദം, ശ്വാസകോശാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം, തൈറോയ്ഡ് അര്‍ബുദം എന്നിവയാണ് സ്ത്രീകളില്‍ പൊതുവേ കാണപ്പെടുന്ന അര്‍ബുദങ്ങളെങ്കില്‍ പ്രോസ്റ്റേറ്റ് അര്‍ബുദം, ശ്വാസകോശാര്‍ബുദം, കോളോറെക്ടല്‍ അര്‍ബുദം, ഉദരത്തെയും കരളിനെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവയാണ് പുരുഷന്മാരില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

അര്‍ബുദത്തിന്‍റെ പല ലക്ഷണങ്ങള്‍ക്കും മറ്റു രോഗങ്ങളോട് സമാനതയുള്ളതിനാല്‍ ഇവ അവഗണിക്കപ്പെടാനും രോഗനിര്‍ണയം വൈകാനും സാധ്യതയുണ്ട്. പുരുഷന്മാര്‍ ഒരിക്കലും അവഗണിക്കരുതാത്ത ചില അര്‍ബുദലക്ഷണങ്ങള്‍ അറിയാം.

 

1. വൃഷണങ്ങളിലെ മാറ്റം

സ്തനാര്‍ബുദ നിര്‍ണയത്തിനായി സ്ത്രീകള്‍ ഇടയ്ക്കിടെ സ്തനങ്ങള്‍ പരിശോധിക്കുന്നതുപോലെ പുരുഷന്മാരും അവരുടെ വൃഷണസഞ്ചികള്‍ പരിശോധിക്കേണ്ടതാണ്. അവയുടെ വലുപ്പത്തിനോ നിറത്തിനോ മാറ്റം വരുകയോ മുഴകള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. 

 

2. ചര്‍മത്തില്‍ മാറ്റങ്ങള്‍

ചര്‍മത്തിലെ അര്‍ബുദം സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. ഈ അര്‍ബുദം ബാധിച്ചുള്ള മരണനിരക്ക് സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി അസോസിയേഷനും പറയുന്നു. ചര്‍മത്തില്‍ നിന്ന് രക്തസ്രാവമോ, ചെതുമ്പലുകള്‍ പ്രത്യക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ അവയെ കരുതിയിരിക്കേണ്ടതാണ്. 

 

3. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും അതിനൊപ്പം മൂത്രത്തിലോ ശുക്ലത്തിലോ രക്തം പ്രത്യക്ഷപ്പെടുകയോ ചെയ്താലും സൂക്ഷിക്കണം. വേദന, അസ്വസ്ഥത, ഉദ്ധാരണപ്രശ്നം എന്നിവയും അനുഭവപ്പെട്ടാല്‍ അവ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. 

 

4. തുടര്‍ച്ചയായ ചുമ

ജലദോഷമോ അലര്‍ജി പ്രശ്നങ്ങളോ ഒന്നുമില്ലാതെ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണണം. അതൊരു പക്ഷേ ശ്വാസകോശാര്‍ബുദമാകാം. വലിവ്, ശ്വസംമുട്ടല്‍, കഫത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ച് വരാം. 

 

5. വായില്‍ പുണ്ണ്

വായില്‍ ഇടയ്ക്ക് മുറിവുകളും കുരുക്കളുമൊക്കെ വരുന്നത് സാധാരണയാണ്. അവയൊക്കെ പ്രത്യേകിച്ച് ചികിത്സയില്ലാതെ തനിയെ ഭേദമാകാറുമുണ്ട്. എന്നാല്‍ വായ്ക്കുള്ളില്‍ ഉണങ്ങാത്ത തരത്തിലുള്ള മുറിവ്, വേദന, നീര്‍ക്കെട്ട്, മരവിപ്പ് എന്നിവ അനുഭവപ്പെട്ടാല്‍ അവ വായ്ക്കുള്ളിലെ അര്‍ബുദത്തിന്‍റെ കൂടി ലക്ഷണമാകാം. മുറുക്കാന്‍ ചവയ്ക്കുന്നവരും പുകവലിക്കുന്നവരും ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 

 

6. വിഴുങ്ങാന്‍ ബുദ്ധിമുട്ട്

കോവിഡ് ഉള്‍പ്പെടെ പല വൈറസുകളും ആദ്യം ആക്രമിക്കുന്നത്  തൊണ്ടയെയാണ്. തൊണ്ട വേദന ഇതിനാല്‍തന്നെ പല രോഗങ്ങളുടെ മുന്നറിയിപ്പാകാം. എന്നാല്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടു നില്‍ക്കുന്ന തൊണ്ട വേദനയും ഇതു മൂലം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. കാരണം ഇവ തൊണ്ടയുടെയോ വയറിന്‍റെയോ ശ്വാസകോശത്തിന്‍റെയോ അര്‍ബുദം മൂലമാകാം. 

 

7. മലത്തില്‍ രക്തം

മലത്തില്‍ രക്തം പ്രത്യക്ഷമാകുന്നത് മലദ്വാരത്തിലെ പൊട്ടലോ മുറിവുകളോ ഒക്കെ മൂലമാണെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. എന്നാല്‍ ഈ ലക്ഷണത്തിനൊപ്പം കുടലില്‍ നീണ്ടു നില്‍ക്കുന്ന അസ്വസ്ഥത, വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ക്രമത്തില്‍ മാറ്റങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ കൊളോണ്‍ അര്‍ബുദത്തിന്‍റെ സാധ്യത പരിഗണിക്കണം. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വൈകരുത്. 

 

8. വിശദീകരിക്കാനാവാത്ത ഭാരനഷ്ടം

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെ തന്നെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ അത് ഭയപ്പെടേണ്ട ലക്ഷണമാണ്. പ്രമേഹം, അമിതമായി ഉത്തേജിപ്പിക്കപ്പെട്ട തൈറോയ്ഡ്, ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗം എന്നിവയ്ക്കൊപ്പം പല തരം അര്‍ബുദങ്ങളുടെയും  ലക്ഷണമാണ് ഇത്. 

 

9. നിരന്തരമായ ക്ഷീണം

ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ക്ഷീണമോ പെട്ടെന്നുള്ള ശ്വാസംമുട്ടലോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. ലുക്കീമിയ, ലിംഫോമ തുടങ്ങിയ അര്‍ബുദങ്ങളുടെ ലക്ഷണമാകാം അത്.

Content Summary : Signs of cancer men may ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com