ADVERTISEMENT

ഭക്ഷണത്തിലെ ഉപ്പിന്‍റെ അളവ് കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് പൊതുധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് പല ആരോഗ്യ സംഘടനകളുടെയും പോഷണത്തെ സംബന്ധിച്ച മാര്‍ഗരേഖകളും തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഉപ്പിന്‍റെ അംശം ഭക്ഷണത്തില്‍ തീരെ കുറഞ്ഞ് പോകുന്നത് പ്രമേഹ രോഗികളില്‍ അടക്കം ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

 

ഉപ്പിന്‍റെ അംശം തീരെ കുറയുന്നത് കൊളസ്ട്രോളും ഇന്‍സുലിന്‍ പ്രതിരോധവും വര്‍ധിപ്പിക്കുമെന്നാണ് പുതിയ നിരീക്ഷണപഠനങ്ങളിലെ കണ്ടെത്തല്‍. ആരോഗ്യവാന്മാരായ വ്യക്തികളില്‍ കുറഞ്ഞ സോഡിയം തോത് 2.5 മുതല്‍ 4.6 ശതമാനം വരെ ചീത്ത കൊളസ്ട്രോള്‍(എല്‍ഡിഎല്‍) തോതും 5.9 മുതല്‍ ഏഴ് ശതമാനം വരെ ട്രൈഗ്ലിസറൈഡ് തോതും വര്‍ധിപ്പിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും പല മടങ്ങ് വര്‍ധിപ്പിക്കുന്നു. പ്രതിദിനം 3000 മില്ലിഗ്രാമില്‍ താഴെ സോഡിയം ഉപയോഗിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി മറ്റു ചില പഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നതായി  ഷാലിമാര്‍ ബാഗ് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. നിത്യാനന്ദ് ത്രിപാഠി  ദഹെല്‍ത്ത്സൈറ്റ്.കോമില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

 

സോഡിയത്തിന്‍റെ ഉപയോഗവും ടൈപ്പ് 1, 2 പ്രമേഹങ്ങളും മൂലമുള്ള മരണത്തെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പല ഗവേഷണ റിപ്പോര്‍ട്ടുകളും നിലവിലുണ്ടെന്നും ഡോ. നിത്യാനന്ദ് ചൂണ്ടിക്കാണിക്കുന്നു. പല മാര്‍ഗരേഖകളും പ്രമേഹ രോഗികള്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കണമെന്ന് നിർദേശിക്കുമ്പോൾ  ചില പഠനങ്ങള്‍ പ്രകാരം കുറഞ്ഞ സോഡിയം തോത് 

പ്രമേഹ രോഗികളിലെ മരണസാധ്യത വര്‍ധിപ്പിക്കുന്നു. 

 

സോഡിയത്തിന്‍റെ തോത് വളരെയധികം താഴ്ന്നു പോകുന്നത് ക്ഷീണവും ദുര്‍ബലതയും ഉണ്ടാക്കും. ചില കേസുകളില്‍ തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും തുടര്‍ന്ന് തലവേദന, ചുഴലി, കോമ, മരണം എന്നിവ സംഭവിക്കുകയും ചെയ്യാം. മുതിര്‍ന്നവരില്‍ സോഡിയം താഴ്ന്ന് പോകുന്നത് പല സങ്കീര്‍ണതകളിലേക്കും നയിക്കാമെന്നതിനാല്‍ ഇവരിലെ ഉപ്പിന്‍റെ ഉപയോഗം സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Content Summary : A Low Sodium Diet Can Lead To Heart Failure  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com