ADVERTISEMENT

ഇന്ത്യയില്‍ കോവിഡിന്‍റെ നാലാം തരംഗം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രവചിച്ചത് ഐഐടി കാൻപൂരിലെ ഗവേഷക സംഘമാണ്. കോവിഡ് രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഈ ഗവേഷകരെ ഇതിനായി സഹായിച്ചത് സൂത്ര എന്ന ഗണിതശാസ്ത്ര മോഡലാണ്. ഓഗസ്റ്റ് മാസത്തോടെ നാലാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും സെപ്റ്റംബറിലും കേസുകള്‍ ഉയരുമെന്നുമായിരുന്നു ഈ ഗണിതശാസ്ത്ര മോഡലിന്‍റെ അടിസ്ഥാനത്തില്‍ ഐഐടി ഗവേഷകരുടെ പ്രവചനം. എന്നാല്‍ സൂത്ര ഗണിതശാസ്ത്ര മോഡല്‍ വികസിപ്പിച്ച ഐഐടി പ്രഫസര്‍ മനീന്ദര്‍ അഗര്‍വാളിന്‍റെ മറ്റൊരു പ്രവചനമാണ് ഇപ്പോള്‍ ഏവരെയും അമ്പരിപ്പിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രഫ. അഗര്‍വാള്‍ ഇപ്പോള്‍ പറയുന്നത്. 

 

ഇതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു. ഇന്ത്യയില്‍ കോവിഡ് രോഗബാധയെ തുടര്‍ന്നുണ്ടായ സ്വാഭാവിക പ്രതിരോധശേഷിയാണ് ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന നിഗമനത്തിലേക്ക് പ്രഫ. അഗര്‍വാളിനെ എത്തിച്ചത്. സൂത്ര മോഡല്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് കോവിഡിനെതിരെ പ്രകൃതിദത്ത പ്രതിരോധശേഷി ഇതിനകം കൈവന്നു കഴിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വേകളും ഇത് ശരിവയ്ക്കുന്നു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ 30 മടങ്ങ് അധികം പേര്‍ക്ക് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ചിരിക്കാമെന്നും പ്രഫ. അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. 

 

ഏതെങ്കിലും പുതിയതും ശക്തമായതുമായ കോവിഡ് വകഭേദം ആവിര്‍ഭവിക്കാത്ത പക്ഷം ഇനിയൊരു തരംഗത്തിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നും പ്രഫസര്‍ കൂട്ടിച്ചേര്‍ക്കുന്നു. കോവി‍ഡ് രോഗികളില്‍ നിന്ന് സ്വീകരിച്ച സാംപിളുകളുടെ ജനിതക സീക്വന്‍സിങ് അനുസരിച്ച് സുപ്രധാനമായ പുതിയ വകഭേദങ്ങളൊന്നും രാജ്യത്ത് ഇത് വരെ ഉണ്ടായിട്ടില്ല. ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളായ ബിഎ.2, ബിഎ.2.9, ബിഎ 2.10, ബിഎ. 2.12 എന്നിവയാണ് ഇപ്പോഴും രാജ്യത്തുള്ളത്. ഒമിക്രോണിനെതിരെ ജനങ്ങള്‍ ആര്‍ജ്ജിച്ച പ്രതിരോധശേഷി ഇവയെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമാണെന്നും പ്രഫ. അഗര്‍വാള്‍ നിരീക്ഷിക്കുന്നു. 

 

എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഇപ്പോള്‍ ഉയരുന്നതിന് കാരണം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണെന്ന് പ്രഫസര്‍ പറയുന്നു. ഒമിക്രോണിന്‍റെ പുതുവകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണെന്നതും മുഖ്യ പങ്ക് വഹിച്ചിരിക്കാം. കോവിഡില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ എല്ലാവരും വാക്സീന്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. മാസ്ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ കോവിഡ് സുരക്ഷ  മാര്‍ഗരേഖകളും ജനങ്ങള്‍ പിന്തുടരേണ്ടതാണെന്ന് പ്രഫസര്‍ കൂട്ടിച്ചേര്‍ത്തു.

Content Summary : COVID19 fourth wave in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com