കുത്തിവയ്ക്കാവുന്ന വാക്സീനു പകരം ഗുളികയായി കഴിക്കാവുന്ന കോവിഡ്19 വാക്സീന് വികസിപ്പിച്ച് അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍. അഡെനോവൈറസ് വെക്ടറായി ഉപയോഗിച്ച് കൊണ്ടുള്ള ഗുളികയാണ് സര്‍വകലാശാലയിലെ ഇമ്മ്യൂണോളജിസ്റ്റ് ഡോ. സ്റ്റെഫാനി ലാങ്കലിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം പരീക്ഷണാര്‍ഥം വികസിപ്പിച്ചത്.
ഗുളികയും മൂക്കിലൂടെ നല്കാവുന്ന കോവിഡ് വാക്സീനും വികസിപ്പിച്ച ഗവേഷകര്‍ എലികളില്‍ അവ പരീക്ഷിച്ചു. വാക്സീന് സമാനമായ പ്രതിരോധ പ്രതികരണം എലികളുടെ ശരീരത്തില്‍ കോവിഡിനെതിരെ ഉണ്ടാക്കാന്‍ ഗുളികയ്ക്കും സാധിക്കുന്നതായി ഇവര്‍ നിരീക്ഷിച്ചു. തുടര്‍ന്ന് ആരോഗ്യവാന്മാരായ 35 മനുഷ്യരിലും ഗുളിക പരീക്ഷിക്കപ്പെട്ടു. ശക്തമായ ആന്റിബോഡി പ്രതികരണം മനുഷ്യരിലും ദൃശ്യമായതായി ഡോ. ലാങ്കല് പറയുന്നു.
കോവിഡിന്റെ ആദ്യ വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനങ്ങള്‍. ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ കോവിഡ് ഗുളിക ഫലപ്രദമാണോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഡോ. ലാങ്കല് കൂട്ടിച്ചേര്‍ത്തു.
സയന്‍സ് ട്രാൻസ്ലേഷണല്‍ മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 2021 ഡിസംബറില്‍ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഫൈസറിന്റെ പാക്സ് ലോവിഡ് ഗുളികകള്‍ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയ്ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കിയിരുന്നു. തീവ്രമല്ലാത്ത കോവിഡ് കേസുകളില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.
മറ്റൊരു ആന്റി വൈറല്‍ ഗുളികയായ മോള്നുപിറവിറും കോവിഡ് ചികിത്സകള്‍ക്കായി വ്യാപകമായി ഉപയോഗപ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും വാക്സീന് പകരമാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ബയോടെക് കമ്പനിയായ വാക്സാര്ട്ടും ഗുളിക രൂപത്തിലുള്ള കോവിഡ് വാക്സീന്റെ രണ്ടാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
Content Summary : Researchers develop COVID-19 vaccine pill