കോവിഡ് മുക്തരില്‍ പകുതിയിലധികം പേര്‍ക്കും രണ്ട് വര്‍ഷത്തിനു ശേഷവും മാറാത്ത ഒരു രോഗലക്ഷണം

study-shows-long-covid-affects-women-more-than-men
Photo Credit : Syda Productions / Shutterstock.com
SHARE

കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 50 ശതമാനത്തിലധികം പേര്‍ക്കും രോഗം മാറി രണ്ട് വര്‍ഷത്തിനു ശേഷവും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും തുടരുന്നതായി പഠനം. ചൈനയിലെ ചൈന-ജപ്പാന്‍ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഫോളോ അപ്പ് പഠനത്തിലാണ് ഈ കണ്ടെത്തല്‍. മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ രോഗബാധിതരായ 1192 പേരെയാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തിനു മേല്‍ പിന്തുടര്‍ന്ന് ഗവേഷണം നടത്തിയത്. 

കോവിഡ് ഗുരുതരമായതിനെ തുടർന്ന്  2020 ജനുവരി ഏഴിനും മെയ് 29നും ഇടയില്‍ വുഹാനിലെ ജിന്‍ യിന്‍-ടാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഗവേഷണത്തില്‍ പങ്കെടുത്ത 1192 പേരും. ഇവരുടെ ആരോഗ്യ സ്ഥിതി ആറ് മാസം, ഒരു വര്‍ഷം, രണ്ട് വര്‍ഷം എന്നിങ്ങനെയുള്ള കാലയലളവില്‍ വിലയിരുത്തി. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള നടത്തം, ലാബ് പരിശോധനകള്‍, ലക്ഷണങ്ങളെ പറ്റിയുള്ള ചോദ്യോത്തരങ്ങള്‍, മാനസികാരോഗ്യം, ആരോഗ്യപരമായ ജീവിത നിലവാരം, ജോലിക്ക് തിരികെ പ്രവേശിച്ചോ, ഡിസ്ചാര്‍ജിന് ശേഷം ആരോഗ്യ പരിചരണം ആവശ്യമായി വന്നോ എന്ന് തുടങ്ങിയ കാര്യങ്ങളാണ് വിലയിരുത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 57 ആയിരുന്നു. ഇതില്‍ 54 ശതമാനവും പുരുഷന്മാരാണ്. 

ക്ഷീണം, ശ്വാസംമുട്ടല്‍, ഉറക്കപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇവരില്‍ പകുതിയിലധികം പേര്‍ക്കും രണ്ട് വര്‍ഷത്തിനു ശേഷവും തുടരുന്നു. ആദ്യത്തെ ആറ് മാസത്തിന് ശേഷം 68 ശതമാനം പേര്‍ക്കും ഏതെങ്കിലും ഒരു ദീര്‍ഘകാല കോവിഡ് ലക്ഷണം ഉണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു. രണ്ട് വര്‍ഷത്തിനു ശേഷം ഇത് 55 ശതമാനമായി കുറഞ്ഞു. ക്ഷീണവും പേശീവേദനയുമാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗലക്ഷണങ്ങള്‍. ആറ് മാസത്തിന് ശേഷം 52 ശതമാനം പേര്‍ ഈ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇത് 30 ശതമാനമായി കുറഞ്ഞു. 

രോഗലക്ഷണങ്ങളുടെ ഏറ്റക്കുറച്ചിലിനിടയിലും 89 ശതമാനം പേരും രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ ജോലികള്‍ പുനരാരംഭിച്ചതായും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇവരുടെ ആരോഗ്യ സ്ഥിതിയും ജീവിതനിലവാരവും അല്‍പം മോശമാണെന്ന് ഗവേഷകര്‍ വിലയിരുത്തി. 31 ശതമാനം പേരും ഉറക്ക പ്രശ്നങ്ങള്‍ രണ്ട് വര്‍ഷത്തിനിപ്പുറവും അനുഭവിക്കുന്നു. സന്ധിവേദന, തലകറക്കം, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും കോവിഡ് രോഗികള്‍ മാസങ്ങള്‍ക്ക് ശേഷവും റിപ്പോര്‍ട്ട് ചെയ്യുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

മാനസികാരോഗ്യത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 35 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 19 ശതമാനം പേര്‍ ഉത്കണ്ഠയോ  വിഷാദരോഗമോ അനുഭവപ്പെടുന്നതായി രേഖപ്പെടുത്തി. ദീര്‍ഘകാല കോവിഡ് ഒരു യാഥാര്‍ഥ്യമാണെന്നും കോവിഡ് രോഗമുക്തര്‍ക്ക് തുടര്‍ ചികിത്സയും പരിചരണങ്ങളും അത്യാവശ്യമാണെന്നും  ഗവേഷണ റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു.

Content Summary : Over 50% Covid survivors show one symptom even two years after infection

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA