ADVERTISEMENT

മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയമായതോടെയാണ് കൂടുതല്‍ മെഡിക്കല്‍ കോളജുകളിലേക്ക് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

 

ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 23 തവണയാണ് വീണാ ജോര്‍ജ് നേരിട്ട് സന്ദര്‍ശിച്ചത്. 14 തവണ ദീര്‍ഘങ്ങളായ വിവിധ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. മെഡിക്കല്‍ കോളജിന്റെ പ്രശ്നപരിഹാരത്തിന് ദൈനംദിന നടത്തിപ്പ് സമിതിയും രൂപീകരിച്ചു. സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചു. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികളും സ്വീകരിച്ചു. 

 

ചികിത്സാരംഗത്തും അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം.

 

അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി റെഡ്, ഗ്രീന്‍, യെല്ലോ സോണുകളായി തിരിച്ചിട്ടുണ്ട്. മാത്രമല്ല ഇവര്‍ക്ക് രോഗതീവ്രതയനുസരിച്ച് ടാഗുകളും നല്‍കുന്നു. അതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിക്കും ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തില്‍ ഏകോപിപ്പിച്ച് നല്‍കുന്നു. സ്ട്രോക്ക് യൂണിറ്റും സ്ട്രോക്ക് കാത്‌ലാബും പ്രവര്‍ത്തനസജ്ജമായി വരുന്നു. സമയം ഒട്ടും പാഴാക്കാതെ ജീവന്‍ രക്ഷിക്കുകയും ചികിത്സാ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ഈ യജ്ഞത്തിന് പിന്നില്‍.

Content Summary : TVM Medical college with new face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com