ADVERTISEMENT

ഗര്‍ഭിണികളില്‍ പരക്കെ കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. നാലില്‍ ഒരാളെന്ന കണക്കില്‍ ഗര്‍ഭകാലത്ത് തൈറോയ്ഡ് പ്രശ്നമുണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഉത്തേജിപ്പിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍തൈറോയ്ഡിസമെന്നും തൈറോയ്ഡ് ഗ്രന്ഥികള്‍ ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയ്ക്ക് ഹൈപോതൈറോയ്ഡിസമെന്നും പറയുന്നു. ഇതില്‍ ഹൈപ്പര്‍തൈറോയ്ഡിസമുള്ള രോഗികളില്‍ എല്ലുകളുടെ കട്ടി വളരെ വേഗം നഷ്ടപ്പെട്ട് ഓസ്റ്റിയോപോറോസിസിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കുന്നത്. 

 

പ്രസവത്തിന് ശേഷവും സ്ത്രീകളില്‍ എല്ലുകളുടെ നിര്‍മാണ പ്രക്രിയയുടെ വേഗം 50 ശതമാനം കുറയ്ക്കാന്‍ തൈറോയ്ഡ് അസന്തുലിതാവസ്ഥയ്ക്ക് സാധിക്കുമെന്ന് ദ്വാരക മണിപ്പാല്‍ ആശുപത്രിയിലെ സ്പൈന്‍ സര്‍ജറി കണ്‍സല്‍റ്റന്‍റ് ഡോ. സൗരഭ് വര്‍മ ദ ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രസവത്തോട് അനുബന്ധിച്ച് സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. പ്രസവകാലത്തും അതിനു ശേഷവും സ്ത്രീകളുടെ ശരീരഭാരം ഗണ്യമായി ഉയരുന്നതും നട്ടെല്ലിന് സമ്മര്‍ദമേറ്റി പുറംവേദന അടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. 

 

കൊഴുപ്പ് കുറഞ്ഞതും ഹോള്‍ ഗ്രെയ്നുകളും പച്ചക്കറികളും പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയതുമായ പോഷകസമ്പുഷ്ടമായ ഭക്ഷണം എല്ലുകള്‍ക്കും നട്ടെല്ലിനും കരുത്തേകുമെന്നും ഡോ. സൗരഭ് ചൂണ്ടിക്കാട്ടി. ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സ്ത്രീകള്‍ ശ്രമിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും വഴി അമിതവണ്ണത്തിന്‍റെ പ്രശ്നം ഒഴിവാക്കാന്‍ സാധിക്കും. ഇത് അമിതമായ സമ്മര്‍ദം നട്ടെല്ലിന് നല്‍കാതിരിക്കാനും നട്ടെല്ലുമായി ബന്ധപ്പെട്ട പരുക്കുകള്‍ വരാതെ കാക്കാനും സഹായിക്കും. 

 

ഓസ്റ്റിയോപോറോസിസും നട്ടെല്ലിന്‍റെ പ്രശ്നങ്ങളും വരാതിരിക്കാന്‍ തൈറോയ്ഡ് പ്രവര്‍ത്തനം ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണെന്നും ഡോ.  സൗരഭ് നിര്‍ദ്ദേശിച്ചു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് ചരിത്രമുള്ള സ്ത്രീകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Summary: Thyroid and Osteoporosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com