ADVERTISEMENT

സ്‌കീസോഫ്രീനിയ ഒരു തരം ഉന്മാദരോഗമാണ്. ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന മാനസിക ദൗർബല്യമാണിത്. ഒരേ സമയം പരാക്രമിയാവുകയും ചിലപ്പോള്‍ നിശ്ബദനായി മാറുകയും ചെയ്യുന്ന ദ്വിമുഖ ഭാവമാണിതിനുള്ളത്. മേയ് 24 ലോക സ്‌കീസോഫ്രീനിയ ദിനം (World Schizophrenia Day) ആണ്. 

 

സ്‌കീസോഫ്രീനിയ എന്ന അസുഖത്തെ പലരും ഒരു യഥാര്‍ഥ രോഗമായി കണക്കാക്കുന്നില്ല. മറിച്ച് ന്യൂനതകളോടെ വളര്‍ത്തിയതിന്റെയോ മറ്റു സാമൂഹിക പ്രശ്‌നങ്ങളോടെയോ ഫലമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഈ രോഗത്തിന് ഏതെങ്കിലും ഗ്രഹദോഷമോ, ദൈവശാപമോ, അമാനുഷിക ശക്തികളോ കാരണമല്ല. മറിച്ച് ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയില്‍ മസ്തിഷ്‌ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകളാണ്. ഇന്ത്യയില്‍ ഒരു കോടിയിലധികം ജനങ്ങള്‍ക്ക് ഈ അസുഖമുണ്ട്. സ്‌കീസോഫ്രീനിയ ഒരു വിരളമായ രോഗമല്ല. സമൂഹത്തില്‍ തികച്ചും സാധാരണമായ ഈ രോഗം നൂറുപേരില്‍ ഒരാളെവീതം ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് ഈ രോഗമുണ്ട്. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് വയസ്സുള്ള യുവതീയുവാക്കളെ ഈ രോഗം ഒരുപോലെ ബാധിക്കുന്നു. 

 

കാരണങ്ങള്‍

ജീവശാസ്ത്രപരമായ ഘടകങ്ങള്‍, പ്രധാനമായും മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന പദാര്‍ഥത്തിന്റെ അളവുകൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. ഇതുകൂടാതെ പാരമ്പര്യത്തിനുള്ള സാധ്യതയും ഈ അസുഖത്തിന് കൂടുതലാണ്. മനഃശാസ്ത്രപരമായ വസ്തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കം കൂട്ടുന്നു.

 

ലക്ഷണങ്ങള്‍

സ്‌കീസോഫ്രീനിയ ഒരാളുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയെയും ബാധിക്കുന്നു. സ്‌കീസോഫ്രീനിയ തുടങ്ങുന്നത് പെട്ടെന്നല്ല. ക്രമേണയാണ്. അസുഖത്തിന് ഒരായിരം മുഖങ്ങളുണ്ട്.

1. ഒന്നിനും താല്‍പര്യമില്ലായ്മ - മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്‍പര്യക്കുറവും.

2. സംശയ സ്വഭാവം - തന്നെ ആക്രമിക്കാന്‍ മറ്റാരോ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകള്‍.

3. മിഥ്യാനുഭവങ്ങള്‍ - മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക.

4. വൈകാരിക മാറ്റങ്ങള്‍ - ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.

5. അദൃശ്യവ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അര്‍ഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്ടകള്‍ കാണിക്കുക, ആത്മഹത്യാപ്രവണത.

 

ചികിത്സാ രീതികള്‍

ആരംഭദശയില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്‌കീസോഫ്രീനിയക്ക് ഔഷധ ചികിത്സ, മനഃശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തില്‍ പൂർണമായ ചികിത്സയ്ക്ക് സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് നഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപേഷണല്‍ തെറപിസ്റ്റ് എന്നിവരുടെ പരസ്പര ധാരണയോടുകൂടിയ കൂട്ടായ ചികിത്സയാണ് അഭികാമ്യം.

 

ഔഷധ ചികിത്സ

ആന്റി സൈക്കോട്ടിക് ഔഷധങ്ങള്‍ മസ്തിഷ്‌ക കോശങ്ങളിലെ രാസമാറ്റങ്ങളെ സാധാരണ രീതിയിലാക്കുന്നു. പഴയകാല ഔഷധങ്ങളായ ക്ലോര്‍പ്രോമസിന്‍, ട്രൈഫ്ലുപെറാസിന്‍, ഹാലോപെരിഡോള്‍ എന്നിവയ്ക്കു പുറമെ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ റിസ്‌പെരിഡോണ്‍, പാലിപ്പെതിഡോണ്‍, ഒലാന്‍സിപൈന്‍, ക്വാറ്റിയാപ്പിന്‍, അരിപിപ്രസോള്‍, ക്ലോസപ്പിന്‍, അമിസള്‍പ്രൈഡ് എന്നിവ ഇന്ന് ലഭ്യമാണ്. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതും മാസത്തിലൊരിക്കല്‍ ഇന്‍ജക്‌ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.

 

സൈക്കോതെറപ്പി 

 

സൈക്യാട്രിസ്റ്റോ, സൈക്കോളജിസ്റ്റോ ആയി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ലേശങ്ങള്‍ക്കും മ്ലാനതയ്ക്കും ഗണ്യമായ പരിഹാരം നല്‍കുന്നു. രോഗിക്ക് സമൂഹത്തിലെ മറ്റുള്ളവരുമായി ആരോഗ്യകരമായി എങ്ങനെ ബന്ധപ്പെടാം എന്നത് ഇത്തരം തെറാപ്പി കാണിച്ചുകൊടുക്കുന്നു.

 

പുനരധിവാസ ചികിത്സ (Rehabilitation)

രോഗിക്ക് സാധാരണ ജോലികള്‍ ചെയ്തു തുടങ്ങുന്നതിനും, സമൂഹത്തില്‍ പ്രയോജനം ചെയ്യുന്ന ഒരാളായി മാറാന്‍ പുനരധിവാസം അതിപ്രധാനമാണ്. രോഗിക്ക് അയാളുടെ കഴിവിനൊത്ത് സ്വന്തമായ വരുമാനം ഉണ്ടാക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും പുനരധിവാസം സഹായിക്കുന്നു.

ഫാമിലി തെറപ്പി

അസുഖത്തെക്കുറിച്ചും, അസുഖ ലക്ഷണങ്ങളെക്കുറിച്ചും അസുഖ കാരണങ്ങളെക്കുറിച്ചും ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും രോഗിയോട് കുടുംബാംഗങ്ങള്‍ പെരുമാറേണ്ട രീതികളെക്കുറിച്ചും നടത്തുന്ന വിശദമായ ചര്‍ച്ചകളാണ് ഫാമിലി തെറാപ്പിയില്‍ പ്രധാനം.

Content Summary : World Schizophrenia Day, Schizophrenia; symptoms, causes and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com