ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയന്ത്രണ ചട്ടത്തിൽ ഭേദഗതി വരുത്തി ‘ആയുർവേദ ആഹാരം’ രോഗങ്ങൾക്കു പ്രതിവിധിയാണെന്ന തരത്തിൽ പരസ്യം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കർശനമായി വിലക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കിയിരുന്നു. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആയുർവേദ ആഹാരം തയാറാക്കി വിൽക്കുന്നതും ഇതിൽ വിലക്കിയിട്ടുണ്ട്. ആയുർവേദ ആഹാരത്തിൽ വൈറ്റമിനോ ധാതുപദാർഥങ്ങളോ അമിനോ ആസിഡോ ചേർക്കുന്നത് അനുവദിക്കില്ല. സ്വാഭാവികമായ വൈറ്റമിനും ധാതുപദാർഥങ്ങളും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യവും കവറിൽ വ്യക്തമാക്കണമെന്ന നിർദേശമുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുകയാണ് ആയുർവേദ വിദഗ്ധർ. രോഗശമനത്തിന് ആഹാരം എന്ന രീതിയിൽ പറയുന്നത് പലപ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കാറുണ്ടെന്ന് പട്ടാമ്പി അമിയ ആയുർവേദ നഴ്സിങ് ഹോമിലെ ഡോ. കെ.ടി. വിനോദ് കൃഷ്ണൻ മനോരമ ഓൺലൈനോടു പറഞ്ഞു. ഒരു രോഗചികിത്സയ്ക്കായും പ്രത്യേക ആഹാരരീതി ആയുർവേദം പറയുന്നില്ല. ചികിത്സ ചെയ്യുന്നതിനൊപ്പം ആരോഗ്യം വീണ്ടെടുക്കാനുള്ള ഭക്ഷണം നിർദേശിക്കുന്നുമുണ്ട്.
HIGHLIGHTS
- പ്രത്യേക രോഗങ്ങൾ ഉള്ളവർക്ക് കൊടുക്കുന്ന ആഹാരങ്ങളാണ് ആയുർവേദ ആഹാരങ്ങൾ
- കഷായം പോലുള്ളവയാണ് ആയുർവേദ ഔഷധങ്ങൾ
- ഔഷധം വീര്യമുള്ളതായിരിക്കണം