ADVERTISEMENT

കോവിഡ് അണുബാധ ഹൃദയത്തിന്‍റെ വലതു ഭാഗത്തെ ബാധിച്ച് ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. സ്കോട്‌ലന്‍ഡിലെ എന്‍എച്ച്എസ് ഗോള്‍ഡന്‍ ജൂബിലിയിലെയും യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിലും ഹൃദയത്തിലെയും ശ്വാസകോശത്തിലെയും കോശസംയുക്തങ്ങളുടെ സംരക്ഷണത്തിലും ഗവേഷണഫലം നിര്‍ണായകമാകും. 

 

സ്കോട്‌ലന്‍ഡിലെ 10 തീവ്രപരിചരണ വിഭാഗങ്ങളിലായി കോവിഡ് തീവ്രമായതിനെ തുടര്‍ന്ന് ചികിത്സ തേടിയ 121 രോഗികളിലാണ് പഠനം നടത്തിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവരെല്ലാവരും വെന്‍റിലേറ്ററിലായിരുന്നു. ഇവരില്‍ മൂന്നിലൊരു രോഗിക്ക് എന്ന കണക്കില്‍ ഹൃദയത്തിന്‍റെ വലതു ഭാഗത്ത് പല വിധ പ്രശ്നങ്ങളുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. ശ്വാസകോശത്തിലേക്ക് രക്തം പമ്പ്  ചെയ്യുന്നത് ഹൃദയത്തിന്‍റെ വലതു ഭാഗത്ത് നിന്നാണ്. നിരവധി കാരണങ്ങള്‍ ചേര്‍ന്ന് കോവിഡ് രോഗിയുടെ ഹൃദയത്തിന്‍റെ വലത് ഭാഗത്തിന് കേട് വരുത്തുമെന്നും ഇത്  മരണിലേക്കു വരെ നയിക്കാമെന്നും എന്‍എച്ച്സ് ഗോള്‍ഡന്‍ ജൂബിലിയിലെ കാര്‍ഡിയോതൊറാസിക് കണ്‍സല്‍റ്റന്‍റ് ഫിലിപ്പ് മക് കാള്‍ പറഞ്ഞു.  

 

ഗവേഷണ ഫലം കോവിഡ് രോഗികളുടെ ഹൃദയത്തെ പരിചരിക്കുന്നതിനുള്ള പുതിയ ചികിത്സാ പദ്ധതികള്‍ വികസിപ്പിക്കാന്‍ സഹായകമാകുമെന്ന് ചീഫ് ഇന്‍വസ്റ്റിഗേറ്റര്‍ ബെന്‍ ഷെല്ലിയും അഭിപ്രായപ്പെട്ടു. പഠനഫലങ്ങളുടെ വെളിച്ചത്തില്‍ അള്‍ട്രാസൗണ്ട് സ്കാന്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണയ രീതികളെ വ്യത്യസ്തമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

 

ഗവേഷണത്തില്‍ പങ്കെടുത്ത വെന്‍റിലേറ്ററിലായ രോഗികളില്‍ പകുതിയോളം പേര്‍(47 ശതമാനം) മരണപ്പെട്ടു. കോവിഡ് മൂലമുള്ള ദേശീയ,രാജ്യാന്തര മരണനിരക്കിന് ഏതാണ്ട് അടുത്ത് നില്‍ക്കുന്നതാണ് മരണനിരക്ക്. ഹൃദയത്തിന് പുറമേ വൃക്ക പോലുള്ള ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ക്കും കോവിഡ് ദീര്‍ഘകാല സങ്കീര്‍ണതകള്‍ നല്‍കുമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രോഗികളുടെ വ്യായാമം ചെയ്യാനുള്ള ശേഷിയെയും ജീവിതനിലവാരത്തെയുമെല്ലാം കോവിഡ് ബാധിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Content Summary: Coronavirus Can Severely Damage The Right Side Of Your Heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com