കോവിഡ് മൂലമുള്ള ബ്രെയ്ന്‍ ഫോഗ് ഒരു വര്‍ഷത്തിനു മേല്‍ നീണ്ടുനില്‍ക്കാം

long covid
Photo credit : Elizaveta Galitckaia / Shutterstock.com
SHARE

ബ്രെയ്ന്‍ ഫോഗ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല കോവിഡിന്‍റെ നാഡീവ്യൂഹപരമായ പ്രത്യാഘാതങ്ങള്‍ ഒരു വര്‍ഷത്തിനു മേല്‍ നീണ്ടു നില്‍ക്കാമെന്ന് പഠനം. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 100 രോഗികളെ ഉള്‍പ്പെടുത്തി മുന്‍പ് നടത്തിയ ഹ്രസ്വകാല പഠനത്തിന്‍റെ തുടര്‍ച്ചയെന്ന നിലയിലാണ് പുതിയ ഗവേഷണം. ഇതില്‍ പങ്കെടുത്ത 85 ശതമാനം രോഗികള്‍ക്കും അണുബാധയ്ക്ക് ആറാഴ്ചയ്ക്ക് ശേഷവും കുറഞ്ഞത് നാല് നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍ ഉള്ളതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ബ്രെയ്ന്‍ ഫോഗ്, മരവിപ്പ്, തലവേദന, തലകറക്കം, മങ്ങിയ കാഴ്ച, ചെവിയില്‍ മുഴക്കം, ക്ഷീണം തുടങ്ങിയവയാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍.

പുതിയ പഠനത്തിന്‍റെ ഭാഗമായി സര്‍വകലാശാലയുടെ ന്യൂറോ കോവിഡ് ക്ലിനിക്കില്‍ ചികിത്സ തേടിയ 52 രോഗികളെ 18 മാസത്തോളം നിരീക്ഷണ വിധേയമാക്കി. ഇവരില്‍ നാലില്‍ മൂന്നും സ്ത്രീകളായിരുന്നു. 43 വയസ്സാണ് രോഗികളുടെ ശരാശരി പ്രായം. ഇതില്‍ 80 ശതമാനം പേരും വാക്സീന്‍ എടുത്തവരും എല്ലാവരുംതന്നെ ആശുപത്രി വാസം ആവശ്യമില്ലാത്ത തീവ്രമല്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവരുമാണ്. 

ജീവിതനിലവാരത്തെതന്നെ ബാധിക്കുന്ന നാഡീവ്യൂഹപരമായ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ ശരാശരി 15 മാസത്തിന് ശേഷവും പലരിലും നിരീക്ഷിക്കപ്പെട്ടു. ധാരണാശേഷിക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ മാസങ്ങള്‍ക്കു ശേഷം പലരിലും കുറഞ്ഞ് വന്നെങ്കിലും പൂര്‍ണമായും ഈ ലക്ഷണങ്ങള്‍ മാറിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. രുചിയും മണവും നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറഞ്ഞു വന്നു. അതേ സമയം ഹൃദയമിടിപ്പ്  ഉയരല്‍, രക്തസമ്മര്‍ദത്തിലെ വ്യതിയാനം, വയറും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ പലരിലും വര്‍ധിച്ചു. കോവിഡ് വാക്സീന്‍ എടുത്തത് ലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ടാക്കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

കോവിഡിനെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന പ്രതിരോധ പ്രതികരണമാകാം ദീര്‍ഘകാല കോവിഡിന് കാരണമാകുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് സ്ട്രോക്ക് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. അവിന്ദ്ര നാഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കോവിഡില്‍ നിന്നുള്ള മുക്തി പ്രായം, ആരോഗ്യ സ്ഥിതി എന്നിവയുള്‍പ്പെടെ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നല്‍സ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷണല്‍ ന്യൂറോളജി ജേണലിലാണ് ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Summary: Brain fog and other long COVID symptoms that can last more than a year

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA