ADVERTISEMENT

പ്രഭാതഭക്ഷണം രാജാവിനെ പോലെയും രാത്രിയിലെ അത്താഴം ഭിക്ഷക്കാരനെ പോലെയും കഴിക്കണമെന്നാണ് നാം പറഞ്ഞ് കേട്ടിട്ടുള്ളത്. അമിതഭാരം കുറയ്ക്കാനുള്ള കുറുക്ക് വഴിയായി പലരും അത്താഴംതന്നെ ഉപേക്ഷിച്ച് കാണാറുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനാല്‍ കാലറി ആവശ്യമില്ല എന്ന ചിന്തയാണ് ഇതിനു പിന്നില്‍. എന്നാല്‍ പതിവായി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

അത്താഴം മുടക്കുന്നത് കാലറി കുറയ്ക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് അത്ര ഉത്പാദനക്ഷമമായ കാര്യമല്ലെന്ന് ന്യൂട്രീഷനിസ്റ്റ് ലവനീത് ബത്ര എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാത്രിഭക്ഷണം  മുടക്കുന്നത് പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ഉറക്കത്തിന്‍റെ നിലവാരത്തെ ആയിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയില്‍ വിശന്നിരിക്കുന്നത് ഉറക്കം നഷ്ടമാകാനും ഉറക്കത്തില്‍ ഉണരാനുമൊക്കെ കാരണമാകാം. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിനും മെലടോണിനും ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തോതിലുള്ള കാലറി ആവശ്യമാണ്. അത്താഴം ഉപേക്ഷിക്കുന്നവരില്‍ ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നത് വഴി ഉറക്കത്തിന്‍റെ നിലവാരം കുറയും. 

 

ഇത്തരത്തിലുള്ള ഉറക്കക്കുറവ് വൈറ്റമിന്‍ ഡി അപര്യാപ്തത അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ഒരാളുടെ പ്രതിരോധശേഷി, ചയാപചയ സംവിധാനം, ഊര്‍ജ്ജത്തിന്‍റെ തോത്, മൂഡ് എന്നിവയെ എല്ലാം ഇത് ബാധിക്കാം. അത്താഴം മുടക്കുന്നവര്‍ രാത്രിയില്‍ ഏറെ നേരം ഉണര്‍ന്നിരിക്കുന്നത് അനാരോഗ്യകരമായ സ്നാക്സുകള്‍ കഴിക്കുന്നതിലേക്കും നയിക്കാം. ഇത് ഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനാണ് സാധ്യതയെന്ന് ജപ്പാനിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനവും കൂട്ടിച്ചേര്‍ക്കുന്നു. 

 

അത്താഴം ഉപേക്ഷിക്കുകയല്ല മറിച്ച് ലഘുവായ തോതിലുള്ള അത്താഴം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡയറ്റീഷ്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. എപ്പോള്‍ അത്താഴം കഴിക്കുന്നു എന്നതും പ്രധാനമാണ്. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Content Summary: Skipping dinner daily; Know the side effects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com