ഹൃദ്രോഗികൾക്കു കൂടുതൽ സഹായ പദ്ധതികൾക്കു തുടക്കമിട്ടു നടൻ മമ്മൂട്ടി

rajagiri hospital
SHARE

നിർധനരായ ഹൃദ്രോഗികൾക്കു കൂടുതൽ സഹായ പദ്ധതികൾക്കു തുടക്കമിട്ടു നടൻ മമ്മൂട്ടി. ചെലവേറിയ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം പദ്ധതി വഴി സൗജന്യമായി ലഭ്യമാക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവു വരുന്ന മെക്കാനിക്കൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അർഹരായ നൂറ് പേർക്ക് സൗജന്യമായി നടത്തിക്കൊടുക്കുന്നതാണ് പദ്ധതി. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും മമ്മൂട്ടിയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഹൃദ്യം പദ്ധതിയിൽ വിവിധ ജില്ലകളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികൾക്ക് രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയും രാജ്യത്തെ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ശിവ്. കെ.നായരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തും. പതിനാലായിരത്തോളം ഹൃദയശസ്ത്രക്രിയകൾ നടത്തി പരിചയ സമ്പത്തുള്ള രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാണ്. ഹൃദ്യം പദ്ധതിയിലൂടെ നൂതന ചികിത്സാ രീതികൾ അപ്രാപ്യമായ ധാരാളം രോഗികൾക്ക് രാജ്യത്തെ തന്നെ മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ പറഞ്ഞു. 

മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പന്ത്രണ്ടാം വാർഷികം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മതാതീത പരിഗണനകൾക്ക് അപ്പുറം മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചിരുന്ന മമ്മൂട്ടിയുടെ പ്രവൃത്തികൾ സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മാനവ സ്നേഹത്തിന് മമ്മൂട്ടിയുടെ പ്രവൃത്തികൾ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായിരിക്കുമെന്നും തിരുമേനി അഭിപ്രായപ്പെട്ടു. 

rajagiri1
പതിനാലായിരം ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഡോ. ശിവ്. കെ. നായരെ നടൻ മമ്മൂട്ടി ആദരിച്ചപ്പോൾ. ഫുട്ബോൾ താരം സി.കെ. വിനീത് പകർത്തിയ ചിത്രം

മമ്മൂട്ടിയും സഹപ്രവർത്തകരും കെയർ ആൻഡ് ഷെയറിലൂടെ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരള സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആഭിപ്രായപ്പെട്ടു. കെയർ ആൻഡ് ഷെയറിന്റെ കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ വിശദീകരിച്ചു. 

നിർധനരായ കുഞ്ഞുങ്ങൾക്കുള്ള ഹൃദയശസ്ത്രക്രിയാപദ്ധതിയായ ഹൃദയസ്പർശം, ഗോത്രവർഗക്കാർക്കുള്ള വിവിധ പദ്ധതികൾ അടങ്ങിയ പൂർവികം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള വഴികാട്ടി പദ്ധതി, നിർധനരായ വൃക്ക രോഗികൾക്കായുള്ള സുകൃതം പദ്ധതി, നേത്രരോഗികൾക്കായുള്ള കാഴ്ച പദ്ധതി, നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണ പദ്ധതി ഉൾപ്പെടുന്ന വിദ്യാമൃതം തുടങ്ങി നിരവധി പദ്ധതികൾ കെയർ ആൻഡ് ഷെയറിലൂടെ മമ്മൂട്ടി സമൂഹത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

പതിനാലായിരം ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഡോ. ശിവ്. കെ. നായരെ മമ്മൂട്ടി ആദരിച്ചു. ചടങ്ങിൽ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ശിവ്. കെ.നായർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വിജു ജേക്കബ്ബ്, മാനേജിങ് ട്രസ്റ്റി റോയ്.എം.മാത്യു, ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ, ഡയറക്ടർ മോഹൻ സി.എ, ബോർഡ് ഓഫ് ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവർ  പങ്കെടുത്തു.

ഹൃദ്യം പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8590965542 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA