ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങൾ; പേടിക്കേണ്ട, ചികിത്സ എളുപ്പം

thyroid problem
Photo credit : Peakstock / Shutterstock.com
SHARE

തൈറോയ്ഡ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള തൈറോയ്ഡ് ദിനാചരണം കടന്നു പോയി. തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം ആണ് ഏറ്റവും പ്രധാനമായ തൈറോയ്ഡ് രോഗം. കൂടാതെ തൈറോയ്ഡ് ഹോർമോൺ കൂടുതൽ  ഉണ്ടാകുന്ന തൈറോടോക്സിക്കോസിസ് (ഹൈപ്പർ തൈറോയ്ഡ്) എന്ന രോഗവും തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന മുഴകളും (Nodules) ആണു മറ്റുള്ളവ. 

ലോകത്തിൽ ഏകദേശം 1–2 % പേർക്കു ഹൈപ്പോതൈറോയ്ഡിസം ഉണ്ടെന്നാണു കണക്കുകൾ. ഈ രോഗത്തിനു പ്രധാനമായി 4 കാരണങ്ങളാണ്– (1) ജന്മനാ വളരാത്തതും പ്രവർത്തിക്കാത്തതുമായ തൈറോയ്ഡ് ഗ്രന്ഥികൾ, (2) ശസ്ത്രക്രിയ ചെയ്തു തൈറോയ്ഡ് ഗ്രന്ഥി മാറ്റിയത്, (3) റേ‍ഡിയോഅയഡിൻ ചികിത്സയോ റേഡിയേഷൻ ചികിത്സയോ ചെയ്തത്, (4) ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ. 

ഓട്ടോ ഇമ്യൂൺ തൈറോയ്ഡ് ഡിസീസ് ആണിതിൽ ഏറ്റവും മുഖ്യമായ കാരണം. സ്ത്രീകൾക്കാണു കൂടുതലായി കണ്ടുവരുന്നത്.ഈ രോഗത്തെ ഹഷിമോട്ടോസ് ഡിസീസ് എന്നും പറയുന്നു. 

വളരെ കുറഞ്ഞ ചെലവിലുള്ള തൈറോക്സിൻ ഗുളിക ദിവസവും കഴിച്ചാൽ രോഗം പൂർണമായി നിയന്ത്രിക്കാമെന്നതാണു മെച്ചം. 3–6 മാസത്തിൽ ഒരിക്കൽ രക്തം പരിശോധിച്ച് മരുന്നിന്റെ ഡോസ് ക്രമീകരിക്കണം. തൈറോയ്ഡ് ഹോർമോണിന്റെ അളവ് കണ്ടുപിടിക്കാൻ രക്തപരിശോധന മാത്രം മതി. പഠിക്കാനോ ജോലി ചെയ്യാനോ ഗർഭധാരണത്തിനോ പ്രസവത്തിനോ ഒന്നും ഈ രോഗം തടസ്സമാകില്ല. 

കായിക മത്സരങ്ങളിൽ പങ്കെടുക്കാമോ എന്നു ചിലർ ചോദിക്കാറുണ്ട്. ഗുളിക കഴിച്ചുകൊണ്ട് തീർച്ചയായും പങ്കെടുക്കാം. അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നവർക്കും തൈറോക്സിൻ ഗുളിക കഴിക്കുന്നവർക്കും ആഹാരപഥ്യം ആവശ്യമില്ല.

ചുരുക്കത്തിൽ, രോഗം കണ്ടുപിടിക്കുക എന്നതാണു പ്രധാനം. ചികിത്സ വളരെ എളുപ്പവും ചെലവു കുറഞ്ഞതുമാണ്. ചികിത്സയിലൂടെ പൂർണ ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും. 

(ഇന്ത്യൻ തൈറോയ്ഡ് സൊസൈറ്റി മുൻ പ്രസിഡന്റും ഏഷ്യ–ഓഷ്യാനിക് തൈറോയ്ഡ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് ലേഖകൻ)

Content Summary : Thyroid related problems and hypothyroidism

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA