ADVERTISEMENT

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍). ലോകത്തിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍ പ്രമേഹമുള്ളവരുടെ എണ്ണം എടുത്താല്‍ ആറില്‍ ഒരാളും ഇന്ത്യക്കാരനായിരിക്കും. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിന്‍റെ പശ്ചാത്തലത്തില്‍ ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്കായി പുതിയ  മാര്‍ഗരേഖ ഐസിഎംആര്‍ പുറത്തിറക്കി. ടൈപ്പ് -1 പ്രമേഹം കണ്ടെത്തുന്ന പ്രായം കുറച്ച് കൊണ്ടുവന്ന് വളരെ ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ മാര്‍ഗരേഖ ലക്ഷ്യമിടുന്നു. നിലവില്‍ നഗര, ഗ്രാമ മേഖലകള്‍ വ്യത്യാസമില്ലാതെ 25-34 പ്രായവിഭാഗത്തില്‍ ടൈപ്പ്-1 പ്രമേഹം വ്യാപകമാണ്. 

 

പാന്‍ക്രിയാസ് ഗ്രന്ഥി ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കാതെ വരുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്ന രോഗാവസ്ഥയാണ് ടൈപ്പ്-1 പ്രമേഹം. ഇന്‍സുലിന്‍ ഇല്ലാതെ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളിലേക്ക് കയറാന്‍ സാധിക്കില്ല. ഇവ രക്തപ്രവാഹത്തില്‍ കെട്ടികിടന്ന് പ്രമേഹരോഗമുണ്ടാക്കുന്നു. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന ബീറ്റ കോശങ്ങളെ നശിപ്പിക്കുന്ന ശരീരത്തിലെ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണമാണ് ടൈപ്പ്-1 പ്രമേഹത്തിലേക്ക് നയിക്കുന്നത്. അമ്മയ്ക്കോ അച്ഛനോ സഹോദരങ്ങള്‍ക്കോ പ്രമേഹ രോഗ ചരിത്രമുണ്ടെങ്കില്‍ ടൈപ്പ് -1 പ്രമേഹം വരാനുള്ള സാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്. 

 

ലോകത്ത്  ടൈപ്പ്-1 പ്രമേഹം ബാധിച്ച 20ന് താഴെയുള്ളവര്‍ ഏതാണ്ട് 11 ലക്ഷം വരുമെന്ന് കണക്കാക്കുന്നു. ഓരോ വര്‍ഷവും പുതുതായി 1.3 ലക്ഷം പേര്‍ക്ക് കൂടി രോഗം കണ്ടെത്തുന്നതായും ഇന്‍റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍ പറയുന്നു. ജീവിതശൈലി നിയന്ത്രണം ടൈപ്പ്-1 പ്രമേഹ നിയന്ത്രണത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഐസിഎംആറിന്‍റെ പുതിയ മാര്‍ഗരേഖ പറയുന്നു. ഭക്ഷണക്രമവും ശാരീരിക അധ്വാനവും രോഗനിയന്ത്രണത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു. ടൈപ്പ്-1 പ്രമേഹം വരാതിരിക്കാന്‍ രക്തസമ്മര്‍ദവും ശരീരഭാരവും ലിപിഡ് തോതുകളും നിയന്ത്രിച്ച് നിര്‍ത്തണമെന്നും ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്നു. 

 

ഇന്ത്യക്കാരുടെ പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെയും കിഴക്കന്‍ ഇന്ത്യക്കാരുടെയും ഭക്ഷണത്തില്‍ എളുപ്പം ദഹിക്കുന്ന സിംപിള്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ ശതമാനം വളരെ കൂടുതലാണ്. ആകെ കാര്‍ബോഹൈഡ്രേറ്റ് ആവശ്യത്തിന്‍റെ 70 ശതമാനവും പെട്ടെന്ന് ദഹിച്ച് വിശപ്പുണ്ടാക്കാത്ത കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റ് കൊണ്ടാകണമെന്ന് ഐസിഎംആര്‍ മാര്‍ഗരേഖ പറയുന്നു. ടൈപ്പ്-1 പ്രമേഹ ബാധിതരില്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ തെറാപ്പി വേണ്ടി വരാറുണ്ട്. ഇതിനാല്‍ ഇവയുടെ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐസിഎംആര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാര ആവശ്യമുള്ളതിലും താഴേക്ക് പോകുന്ന ഹൈപോഗ്ലൈസീമിയ, ഭാരം വര്‍ധിക്കല്‍, അണുബാധയ്ക്കുള്ള സാധ്യത എന്നിങ്ങനെ പലവിധ പാര്‍ശ്വഫലങ്ങള്‍ ഇന്‍സുലിന്‍ ഉപയോഗത്തിനുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Summary : Diabetes cases increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com