ADVERTISEMENT

കോവിഡ് ബാധിതരായ കുട്ടികളില്‍ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും നീണ്ടു നില്‍ക്കാമെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണത്തിന്‍റെ റിപ്പോര്‍ട്ട് ദ ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്‍റ് ഹെല്‍ത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു.

 

മഹാമാരി കുട്ടികളുടെ ജീവിതത്തിന്‍റെ നിലവാരത്തെയും ബാധിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. 2020 ജനുവരിക്കും 2021 ജൂലൈക്കും ഇടയില്‍ കോവിഡ് പോസിറ്റീവായ 11,000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇടയ്ക്കിടെയുള്ള മൂഡ് മാറ്റങ്ങള്‍, ചര്‍മത്തില്‍ തിണര്‍പ്പുകള്‍, വയര്‍ വേദന തുടങ്ങിയ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളാണ് മൂന്ന് വയസ്സ് വരെയുള്ള കുട്ടികളില്‍ നിരീക്ഷിച്ചത്. നാലു മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളില്‍ ശ്രദ്ധക്കുറവ്, തിണര്‍പ്പുകള്‍, ഓര്‍മപ്രശ്നം പോലുള്ള ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍ 12-14 വയസ്സുകാരില്‍ ക്ഷീണം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, മൂഡ് മാറ്റം പോലുള്ള ലക്ഷണങ്ങള്‍ നിരീക്ഷിച്ചു. 

 

എല്ലാ പ്രായവിഭാഗത്തിലുമുള്ള കുട്ടികളില്‍ ഒരു ലക്ഷണമെങ്കിലും രണ്ട് മാസമോ അതിലധികം നേരമോ തുടര്‍ന്നതായും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 0-3 പ്രായവിഭാഗത്തില്‍പ്പെട്ട  കോവിഡ് ബാധിതരായ കുട്ടികളില്‍ 40 ശതമാനത്തിനും രണ്ട് മാസത്തിലധികം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു.   4-11 പ്രായവിഭാഗത്തില്‍പ്പെട്ട കോവിഡ് ബാധിതരായ കുട്ടികളില്‍ 38 ശതമാനത്തിനും  ഇതേ കാലയളവിൽ  ലക്ഷണങ്ങള്‍ തുടര്‍ന്നു. 12-14 പ്രായവിഭാഗത്തില്‍ ഇത് 46 ശതമാനമാണ്. മഹാമാരി കുട്ടികളില്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Long Covid In Infected Kids Can Last At Least 2 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com