ADVERTISEMENT

ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. 

 

കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദനയെന്ന് സോയ് കോവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഈ തലവേദന നീണ്ടു നില്‍ക്കാം. തലവേദനയുടെ കാഠിന്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം. തലയില്‍ കുത്തുന്നതു പോലെയോ അമര്‍ത്തുന്നതു പോലെയോ ഒക്കെ ഇത് അനുഭവവേദ്യമാകാം. തലയുടെ ഇരുവശത്തും ഈ തലവേദന അനുഭവപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  ദീര്‍ഘകാല കോവിഡ് ലക്ഷണമായും ചിലപ്പോള്‍ തലവേദന മാറാറുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

കോവിഡ് ബാധിതര്‍ക്ക് ഉണ്ടാകുന്ന മറ്റൊരു വേദനയാണ് പേശികളില്‍ പ്രത്യേകിച്ച് തോളുകളിലെയും കാലുകളിലെയും പേശികള്‍ക്ക് ഉണ്ടാകുന്ന വേദന. ഇതും കോവിഡിന്‍റെ തുടക്കത്തിലെ ഒരു ലക്ഷണമാണ്. ലഘുവായ തോതിലോ അത്യധികമായ ക്ഷീണത്തോടു കൂടിയോ ഒക്കെ ഈ പേശീ വേദന പ്രത്യക്ഷപ്പെടാം. രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലും പേശീ വേദനയുണ്ടാകാം. രണ്ട് മുതല്‍ മൂന്ന് വരെ നാളുകള്‍ ഈ രോഗലക്ഷണം തുടരാം. തലവേദന പോലെതന്നെ ദീര്‍ഘകാല കോവിഡ് ലക്ഷണമായും പേശീവേദന ചിലരില്‍ മാറാറുണ്ട്. 

 

ഈ രണ്ട് വേദനകള്‍ക്ക് പുറമേ ഉയര്‍ന്ന പനി, കുളിര്‍, ചുമ, ശ്വാസംമുട്ടല്‍, തൊണ്ടവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, അതിസാരം തുടങ്ങിയ ലക്ഷണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

Content Summary: Pain in THESE two areas could be an early sign of COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com