ADVERTISEMENT

നടുവേദനയൊക്കെ ഈ പ്രായത്തിൽ സാധാരണയല്ലേ എന്നു മുതിർന്ന പൗരന്മാരോടു പലരും പറയുന്നതു കേട്ടിട്ടുണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് പേശികൾ സ്വാഭാവികമായും ദുർബലമാകുന്ന (ഡീജനറേഷൻ) അവസ്ഥയുണ്ടാകുകയും അത് മറ്റെല്ലാ ശരീരഭാഗങ്ങളെയും എന്നതു പോലെ നട്ടെല്ലിനെയും ബാധിക്കുമെന്നതും ശരിയാണ്. എന്നാൽ, നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ പല വഴികളുണ്ട്. പ്രായമായാൽ നടുവേദന വന്നേ തീരൂ എന്ന നിർബന്ധബുദ്ധിയൊന്നും വേണ്ട. 

 

വേണം, ആരോഗ്യനിക്ഷേപവും

നാളെയിലേക്ക് സമ്പാദ്യവും സൗകര്യങ്ങളും എന്നതുപോലെ ആരോഗ്യവും കരുതിവയ്ക്കാം. ചെറുപ്പത്തിൽ തന്നെ ആരോഗ്യനിക്ഷേപം തുടങ്ങിയാൽ  മുതിർന്ന പൗരന്മാർ ആകുമ്പോഴും ഊർജസ്വലത തുടരാം.

back pain omicron variant

തുടർച്ചയായി മണിക്കൂറുകൾ ഇരിക്കുക, വളഞ്ഞുകൂടി ഇരുന്നും കിടന്നുമെല്ലാം മൊബൈലിൽ ദീർഘനേരം ചെലവഴിക്കുക, മെയ്യനങ്ങിയുള്ള പ്രവൃത്തികൾ കുറയുക, വ്യായാമം ഇല്ലാതിരിക്കുക,  അമിതവണ്ണമുണ്ടാകുക, ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുക – ഇവയെല്ലാം കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തെ താറുമാറാക്കും. 

നല്ല നടപ്പും നല്ല ഇരിപ്പും ചെറുപ്രായത്തിൽ തന്നെ ശീലിച്ചാൽ പ്രായമാകുമ്പോൾ സ്പൈനൽ ഡീജനറേഷന്റെ ഭാഗമായി ഉണ്ടാകാനിടയുള്ള വലിയ പ്രശ്നങ്ങളെ ഒഴിവാക്കുകയും നടുവേദനയെ നിയന്ത്രിക്കുകയും ചെയ്യാം. 

ദിവസം 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നടക്കാം. ഇരിക്കുമ്പോൾ നടുവിനും പുറത്തിനു മുഴുവനായും നല്ല സപ്പോർട്ട് തരുന്ന കസേരകൾ ഉപയോഗിക്കാം. കസേരയുടെ അറ്റത്തു ചെന്നിരിക്കരുത്. നടുവ് വളയാതെ, കസേരയുടെ ചാരിയോടു പുറം മുഴുവനായി ചേർത്ത് ഇരിക്കാം. കാലുകൾക്കും ആയാസമുണ്ടാകരുത്. ഇരുന്നു ജോലി ചെയ്യുന്നവർ അരമണിക്കൂർ ഇടവിട്ടെങ്കിലും എഴുന്നേറ്റ് കൈകാലുകൾ അനക്കുകയും അൽപം നടക്കുകയും ചെയ്യണം. മൊബൈൽ, കംപ്യൂട്ടർ ഉപയോഗം ആരോഗ്യകരമായി  ക്രമീകരിക്കണം. നടുവിന്റെ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുന്നതു വളരെ ഗുണം ചെയ്യും. പ്രായമാകുമ്പോൾ കാൽസ്യം കുറയുന്നത് എല്ലുകളുടെയും പേശികളുടെയും ബലത്തെ ബാധിക്കുന്നതിനാൽ ചെറുപ്പം മുതൽ പോഷക ഗുണമുള്ള സമീകൃത ആഹാരം ശീലിക്കാം.

 

Photo Credit : wavebreakmedia / Shutterstock.com
Photo Credit : wavebreakmedia / Shutterstock.com

നടുവേദനയെ പേടിക്കണോ?

പേടിക്കേണ്ട. എന്നാൽ, അവഗണിക്കുകയും ചെയ്യരുത്. ഭൂരിഭാഗം നടുവേദനകളും ബന്ധപ്പെട്ട പ്രശ്നങ്ങളും കൃത്യമായ ബെഡ് റെസ്റ്റ്, ചൂടുപിടിക്കൽ, ചെറിയ തോതിലുള്ള മരുന്നുകൾ എന്നിവകൊണ്ടു പൂർണമായും മാറും. ‘നടുവൊന്നുമിന്നി, റെസ്റ്റ് എടുത്താൽ കൂടും, അതുകൊണ്ട് ശരിക്കു ജോലി ചെയ്തു’ എന്നു പറയുന്ന ചിലരെ കണ്ടിട്ടുണ്ട്. ഇതു തെറ്റാണ്. നടുവേദന ഉണ്ടായാൽ പൂർണ വിശ്രമമാണ് ആവശ്യം. അതുതന്നെ മികച്ച മരുന്നാണ്. 

നട്ടെല്ലിന്റെ ഡിസ്ക്കിനു പ്രശ്നമുണ്ടാകുന്ന ഡിസ്ക് പ്രൊലാപ്സ്, ചില വാതരോഗങ്ങൾ, പേശികൾ ദുർബലമാകുന്നതിനെ തുടർന്നുണ്ടാകുന്ന സ്പോണ്ടിലോസിസ്, നട്ടെല്ലിനെ ബാധിക്കുന്ന ടിബി (ക്ഷയം) തുടങ്ങി നടുവേദനയ്ക്കു കാരണങ്ങൾ പലതാകാം. അതുകൊണ്ടു തന്നെ എന്താണു നടുവേദനയുടെ കാരണമെന്നു കണ്ടെത്തേണ്ടത് അനിവാര്യമാണ്. മൂത്രാശയ രോഗങ്ങളോ ഗർഭാശയപ്രശ്നങ്ങളോ കിഡ്നി സ്റ്റോണോ ഒക്കെ കാരണവും നടുവേദന വരാം. ചുരുക്കം ചിലരിൽ  കാൻസറിന്റെ ലക്ഷണവുമാകാം. അതുകൊണ്ടാണ് നടുവേദനയെ പ്രായത്തിന്റെ പ്രശ്നമായി മാത്രം തള്ളിക്കളയരുതെന്നു പറയുന്നത്.

ഡിസ്ക് പ്രൊലാപ്സിൽ ബെഡ് റെസ്റ്റ് മികച്ച ഗുണം ചെയ്യും. സ്കാനിങ്ങിലൂടെ  അവസ്ഥ പൂർണമായി വിലയിരുത്തി വേണം മുന്നോട്ടു പോകാൻ. ഗുരുതരസാഹചര്യം ഉണ്ടെങ്കിൽ മാത്രമേ സർജറി നിർദേശിക്കാറുള്ളൂ. അതിസൂക്ഷ്മമായി  ചെയ്യാവുന്ന നൂതന കീഹോൾ സർജറികൾ ഉള്ളതിനാൽ നട്ടെല്ലിന്റെ പൊതുവായ ആരോഗ്യത്തിനു കുഴപ്പമൊന്നും വരാതെ ഡിസ്റ്റക്ടമി ചെയ്യാൻ ഇക്കാലത്തു സാധിക്കുകയും ചെയ്യും. 

 

back pain

വീഴാതെ സൂക്ഷിച്ച്

നടുവിനു പ്രശ്നമുണ്ടാക്കുന്ന ഏറ്റവും വലിയ വില്ലനാണ് വീഴ്ചകൾ. മുതിർന്ന പൗരന്മാരിൽ പലരും കുളിമുറിയിലും മറ്റും തെന്നി വീണു നട്ടെല്ലിനു പരുക്കു പറ്റാറുണ്ട്. വീടുകളും ഓഫിസുകളും പൊതുസ്ഥലങ്ങളുമെല്ലാം സീനിയർ സിറ്റിസൺ ഫ്രണ്ട്‌ലിയാകേണ്ടത് വളരെ അത്യാവശ്യമാണ്. മുതിർന്നവർക്കു പിടിച്ചു നടക്കാൻ കൈവരികളും വഴുതി വീഴാതിരിക്കാൻ പരുപരുപ്പുള്ള ചവിട്ടികളും വാഷ് റൂമുകളിൽ പ്രത്യേക സൗകര്യങ്ങളും ഉണ്ടാകണം. തെന്നിപ്പോകാത്ത ചെരിപ്പുകൾ ധരിക്കാനും ശ്രദ്ധിക്കണം. പ്രായം കൂടുമ്പോൾ ശരീരത്തിന്റെ ബാലൻസ് കുറയാൻ സാധ്യത ഉള്ളതിനാൽ ഇതു കൂടി പരിഗണിച്ചുവേണം വീടുകളിലെ സൗകര്യങ്ങൾ. 

 

ഇക്കാര്യങ്ങൾ ഓർമിക്കാം

∙ ഏറ്റവും ഗൗരവത്തോടെ പരിഗണിക്കേണ്ട നടുവേദനകളെയാണ് റെഡ് ഫ്ലാഗ്സ് ഇൻ ബാക്ക് പെയ്ൻ കൊണ്ടു സൂചിപ്പിക്കുന്നത്. അവ ഇതാണ്: 18 വയസ്സിൽ താഴെയുള്ളവർക്കും 50 വയസ്സിനു മുകളിലുള്ളവർക്കും ഉണ്ടാകുന്ന നടുവേദന പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഉടൻ വിദഗ്ധ ഡോക്ടറെ സമീപിക്കണം. കാൻസർ രോഗികളിൽ ഉണ്ടാകുന്ന നടുവേദനയാണു മറ്റൊന്ന്. നടുവേദനയ്ക്കു ശേഷം കൈകാലുകൾക്കു ബലക്കുറവ് ഉണ്ടാകുക, മൂത്രം പോകാൻ പ്രയാസമുണ്ടാകുക എന്നിവയുള്ളപ്പോഴും കൂടുതൽ ശ്രദ്ധിക്കണം. 

∙ നട്ടെല്ലിൽ ഉണ്ടാകുന്ന അണുബാധയെ തുടർന്നും നടുവേദന വരാനിടയുണ്ട്. പ്രമേഹ ബാധിതരിൽ കാലിലും മറ്റുമുണ്ടാകുന്ന മുറിവും പഴുപ്പും ശ്രദ്ധിക്കാതിരുന്നാൽ ഇതു നട്ടെല്ലിലേക്കു വ്യാപിക്കാനിടയുണ്ട്. പ്രമേഹബാധിതരിൽ ന്യൂറോപ്പതി എന്ന അവസ്ഥയുണ്ടാകുന്നതിനാൽ അവർക്കു വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാറില്ല. അതുകൊണ്ടു കാലുകളിലും മറ്റും മുറിവുണ്ടായാൽ അറിയാൻ സാധിക്കില്ല. പ്രമേഹമുള്ളവർ കുളി കഴിഞ്ഞശേഷം ശരീരത്തിലെ എല്ലാ ഭാഗവും നന്നായി തുടച്ചുണക്കണം. എല്ലായിടവും പ്രത്യേകിച്ച് കാലുകളും കാൽ വിരലുകളും പരിശോധിച്ച് മുറിവുകളോ പോറലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. മറ്റു ചില രോഗാവസ്ഥകളെ തുടർന്നും നട്ടെല്ലിനെ പഴുപ്പ് ബാധിക്കാം.

∙ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും പേശികളുടെ ബലക്ഷയം തടയാനുമായി ഡോക്ടറുടെ നിർദേശപ്രകാരം വേണം വൈറ്റമിനുകളും സപ്ലിമെന്റുകളും കഴിക്കാൻ.

ഡോ. ജോസഫ് സെബാസ്റ്റ്യൻ 

ന്യൂറോ സയൻസസ് വിഭാഗം മേധാവി, 

കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം

Content Summary: Back pain relef tips and remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com