ADVERTISEMENT

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഡ് വാക്സീനായ കോവോവാക്സ് ഏഴിനും 11നും ഇടയിലുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഇന്ത്യയുടെ തദ്ദേശീയ നിര്‍മിത വാക്സീനായ കോവോവാക്സ് പ്രായമായവരിലും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

 

അമേരിക്കയിലെ നോവവാക്സ് (NVX-CoV2373 ) വാക്സീന്‍റെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പതിപ്പാണ് പ്രോട്ടീന്‍ അധിഷ്ഠിത  വാക്സീനായ കോവോവാക്സ്. 2020 ഓഗസ്റ്റില്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇന്ത്യയടക്കമുള്ള   രാജ്യങ്ങളില്‍ നോവവാക്സ് നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. മറ്റ് വാക്സീനുകളെ പോലെതന്നെ കൊറോണ വൈറസിന്‍റെ മുന പോലുള്ള സ്പൈക് പ്രോട്ടീനെയാണ് കോവോവാക്സും ലക്ഷ്യമിടുന്നത്. 

 

0.5 മില്ലിലീറ്റര്‍ വീതമുള്ള രണ്ട് ഡോസുകളായാണ് കോവോവാക്സ് നല്‍കുക. ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയിലുള്ള ഇടവേള മൂന്നാഴ്ചയാണ്. 225 മുതല്‍ 900 രൂപ വരെ വിലയില്‍ കോവോവാക്സ് വാക്സീന്‍ വില്‍ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപ വരെ സര്‍വീസ് ചാര്‍ജായും ഈടാക്കാം. കോവിഡ് മൂലമുള്ള മിതമായതും തീവ്രമായതുമായ രോഗബാധയ്ക്കെതിരെ 96.4 ശതമാനം കാര്യക്ഷമതയാണ് കോവോവാക്സ് വാക്സീന്‍ വാഗ്ദാനം ചെയ്യുന്നത്. ആദ്യ ഡോസിന് രണ്ടാഴ്ച ശേഷം 83.4 ശതമാനം സംരക്ഷണവും ഈ വാക്സീന്‍ നല്‍കുന്നതായി പഠനങ്ങൾ  തെളിയിക്കുന്നു. 

 

മിതമായ തോതിലുള്ള തലവേദന, പനി,  ക്ഷീണം, പേശിവേദന, കുത്തിവയ്പ്പെടുത്ത ഇടത്തില്‍ വേദന എന്നീ പാര്‍ശ്വഫലങ്ങള്‍ കോവോവാക്സ് മൂലമുണ്ടാകാമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ ഇവയെല്ലാം 48 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്നതിനാല്‍ ഭയപ്പെടാനൊന്നുമില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. 

Content Summary: Covovax COVID-19 Approved For Kids Aged 7 To 11 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com