‘മുഖ്യമന്ത്രിയെയും സൂപ്പർസ്റ്റാറിനെയും കർഷകനെയും ഒരുപോലെ നോക്കുവാൻ ഭാഗ്യം സിദ്ധിച്ച ഡോക്ടർ’; എനിക്കുമാകണം പാവങ്ങളുടെ പണിക്കർ സർ

doctor's day 2022
ഡോ.ജോൺ പണിക്കർ, ഡോ. സുൽഫി നൂഹു
SHARE

‘പുവർ മെൻസ് പണിക്കർ ഡോക്ടർ അല്ലെങ്കിൽ പാവങ്ങളുടെ പണിക്കർ ഡോക്ടർ’. പണിക്കർ സാർ ആയില്ലെങ്കിലും പാവങ്ങളുടെ പണിക്കർ ഡോക്ടർ എന്നെങ്കിലും അറിയപ്പെട്ടാൽ മതിയെന്നായിരുന്നു ആദ്യ കാലം മുതലുള്ള ആഗ്രഹം.

ഡോക്ടേഴ്സ് ഡേയിൽ ഇഷ്ടപ്പെട്ട ഒരു ഡോക്ടറെ കുറിച്ച് ഒരു കുറിപ്പെഴുതണമെന്ന് ഒരു മാധ്യമ സുഹൃത്ത് ആവശ്യപ്പെടുന്നു. ചികിത്സിച്ച ഡോക്ടർ വേണമോയെന്ന ചോദ്യം പ്രസക്തമാണെങ്കിലും ഇതുവരെ കാര്യമായ രോഗങ്ങൾ വരാത്തതുകൊണ്ട് ആ സാധ്യത വെട്ടി. എങ്കിലും പെട്ടെന്ന് ഒരു 100 പേരുടെ പേര് പൊങ്ങിവന്നു. അടുത്തറിയാവുന്ന ഒരു നൂറോളം പേര്. അതിൽ എട്ട് പത്തോളം ആൾക്കാർ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. 

മരിച്ചുപോയ ജോയ് ഫിലിപ്പ് സാർ തന്നെയാകണം ഒരുപക്ഷേ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. കരിക്കുലത്തിൽ രോഗികളോട് എങ്ങനെ ഇടപെടണമെന്ന് പരിശീലിപ്പിക്കാനുള്ള പരിശീലനം 2019 നാഷനൽ മെഡിക്കൽ കമ്മീഷൻ ഉൾപ്പെടുത്തുന്നു. അതിനുമുമ്പ്, അതിനൊക്കെ വളരെ വളരെ മുൻപ്, ഏതാണ്ട്  40 കൊല്ലങ്ങൾക്കു മുൻപുതന്നെ  രോഗിയോടുള്ള സമീപനവും  പെരുമാറ്റവുമാണ് ഡോക്ടറെ ഏറ്റവും മികച്ചതാക്കുന്നതെന്ന ആദ്യപാഠം ചൊല്ലി പഠിപ്പിച്ച ജോയ് ഫിലിപ്പ് സർ.

മികച്ച ന്യൂറോസർജനായിരിക്കുമ്പോഴും എന്തിനും ഏതിനും സമയം കണ്ടെത്തുന്ന  മാർത്താണ്ഡ പിള്ള സർ. രാജ്യത്താകമാനം പറന്നു നടക്കുമ്പോഴും തലസ്ഥാനത്തെ പ്രധാന ആശുപത്രി നടത്തിക്കൊണ്ടു പോകുമ്പോഴും ഇങ്ങനെ സമയം കണ്ടെത്താൻ കഴിയുന്നത് അത്ഭുതമായി തുടരുന്നു. ഉറക്കം ചിലപ്പോഴൊക്കെ  എയർപോർട്ടുകളിലെ സ്വന്തം ലഗേജ് ബാഗിന്റെ മുകളിലാണെന്ന് കേട്ടിട്ടുണ്ട്. രോഗിയെ നോക്കി കൊണ്ടിരിക്കുമ്പോൾ മരിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ യുവതലമുറ നോക്കി കാണേണ്ടതുതന്നെയാണ് അദ്ദേഹത്തിന്റെ രീതികൾ.

അങ്ങനെ ധാരാളം പേരുകൾ പെട്ടെന്ന് പെട്ടെന്ന് പറയാൻ കഴിയും. അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു പേരായി എനിക്ക് തോന്നിയത് ജോൺ പണിക്കർ സാറിന്റെ തന്നെയാണ്. അതിന് ഒരു 100 കാരണങ്ങൾ എനിക്ക് പറയാൻ കഴിയും. അതുകൊണ്ടുതന്നെയാണ് പണിക്കർ സാറിനെ പോലെ ആയില്ലെങ്കിലും പാവങ്ങളുടെ പണിക്കർ എന്നറിയപ്പെടാൻ ആദ്യ കാലം മുതൽ ആഗ്രഹിച്ചു പോയത്.

അതെന്താ ഈ പണിക്കർ സാറിന് ഇത്ര പ്രത്യേകതകൾ എന്നു ചിന്തിക്കാൻ വരട്ടെ, ഒരു മികച്ച ഇഎൻടി സർജൻ ആയിരിക്കുന്നുവെന്നുള്ളത് തന്നെയാണ് ആദ്യ കാരണം.

ഒരുപക്ഷേ സംസ്ഥാനത്തിന്റെ നിരവധി മുഖ്യമന്ത്രിമാർ മുതൽ  സമൂഹത്തിലെ ഹൂ ഈസ് ഹൂ വിനെയൊക്കെ ചികിത്സിക്കുന്ന പണിക്കർ സാർ. കൂടെ തികച്ചും സാധാരണക്കാരെയും.

സൂപ്പർസ്റ്റാറുകളിൽ തുടങ്ങി ബ്യൂറോക്രസിയുടെ അങ്ങേ അറ്റത്ത് നിൽക്കുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ മുതൽ ഐഎഎസ്, ഐ പി എസ് തലങ്ങളിലെ മികച്ച ഉന്നത  ഉദ്യോഗസ്ഥന്മാരും മാധ്യമപ്രവർത്തകരും സർവരും .

സമൂഹത്തിൽ  അങ്ങനെ അറിയപ്പെടാത്തവരെയും പിന്നോക്കം  പോയവരെയുമൊക്കെ ഒരുപോലെ കാണുവാനും അദ്ദേഹം ശ്രമിക്കുവെന്നുള്ളത് ഒരു വശം. പക്ഷേ അതിനുമൊക്കെ അപ്പുറം പാവപ്പെട്ടവരുടെ പണിക്കർ സാർ ആകണമെന്ന് ആഗ്രഹിച്ച പോയതിന് കാരണങ്ങൾ മറ്റു ചിലത് കൂടിയാണ്.

അദ്ദേഹത്തിന് ഇതിനൊക്കെ എപ്പോഴാ സമയമെന്ന് പലപ്പോഴും അന്തവും കുന്തവുമില്ലാതെ ഞാൻ ചിന്തിച്ചിട്ടുണ്ട്. മികച്ച സർജനും കേരളത്തിലെ അറിയപ്പെടുന്ന അതിപ്രശസ്തരുടെ ചികിത്സകനുമായിരിക്കുമ്പോഴും മറ്റെല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന് സമയമുണ്ട്.

ഒരു ദിവസം മുഖ്യമന്ത്രിയെയും സൂപ്പർസ്റ്റാറിനെയും പറമ്പിലെ കർഷകനെയും ഒരുപോലെ നോക്കുവാൻ ഭാഗ്യം സൃഷ്ടിച്ച വ്യക്തി അതേ ദിവസങ്ങളിൽ തന്നെ അധിക ശബ്ദത്തിനെതിരെ പ്രസ്ഥാനങ്ങൾ തട്ടിക്കൂട്ടുന്നു. അലുമ്നി അസോസിയേഷനിലും  ഐഎംഎയിലും തുടങ്ങി അത്യാവശ്യം ചില  സാമൂഹിക സാഹിത്യ പ്രസ്ഥാനങ്ങളിലുമൊക്കെ തന്നെ മസിൽ പെരുകിക്കാട്ടും അദ്ദേഹം. അദ്ദേഹത്തിന്റെ അതി സുദൃഢമായ വ്യക്തിബന്ധങ്ങൾ അത്ഭുതപ്പെടുത്തും

മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരം അത്രപെട്ടെന്നൊന്നും കിട്ടില്ലാന്ന് പറയാതെ പറയും , പ്രവൃത്തികൊണ്ട്, എല്ലാവരെയും സഹായിച്ചുകൊണ്ട്. ശത്രുവിനെ സഹായിച്ച്  അവന്റെ മനം കവരുന്ന ആ ടെക്നിക് ഒന്ന് കണ്ടു പഠിക്കേണ്ടതാണ്. സൂപ്പർസ്റ്റാറുകൾ മുതൽ മുഖ്യമന്ത്രിമാർ തുടങ്ങി കേന്ദ്ര മന്ത്രിമാർ വരെയുള്ളവരുടെ ഒരു സുന്ദരമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതു നോക്കി പഠിക്കേണ്ടതാണ്.

ചിലപ്പോൾ തോന്നും, ഇദ്ദേഹത്തിന് അറിയാത്ത, ഇദ്ദേഹം ചികിത്സിക്കാത്ത, അല്ലെങ്കിൽ ചികിത്സയിൽ ഇടപെടാത്ത വ്യക്തികളാരും ഈ ഭൂമി മലയാളത്തിലില്ല എന്നു പോലും. എന്നെപ്പോലെ പലരോടും കൂടെപ്പിറപ്പിനെ പോലെയുള്ള സ്നേഹം.

അവസാന തെളിവ് ഇങ്ങനെ.

ഡോക്ടേഴ്സ് ഡേയ്ക്ക്  ഒരു സ്പെഷ്യൽ റൈറ്റ് അപ്പ് മറ്റൊരു ഡോക്ടറെ കുറിച്ച് വേണമെന്നുള്ള ആവശ്യത്തെക്കുറിച്ച് ചിന്തിച്ച് പല പേരുകളും എടുത്ത് അമ്മാനമാടി അവസാനം പണിക്കർ സാർതന്നെ മതിയെന്നു വിചാരിച്ചിരിക്കുമ്പോൾ സാർ വീണ്ടും ഞെട്ടിച്ചു.

ഫോണിന്റെ മറുതലക്കൽ പണിക്കർ സർ

"അഭിനന്ദനങ്ങൾ സുൽഫി, എപ്പോഴാ  ഡൽഹിയിൽ പോകുന്നത്"

 "പോകണമോ വേണ്ടയോയെന്ന് പോലും തീരുമാനിച്ചിട്ടില്ല."– ഞാൻ മറുപടി പറഞ്ഞു.

"അതങ്ങനെ പറ്റില്ലല്ലോ തീർച്ചയായും പോണം"

"സ്വന്തം ഐഎംഎയുടെതാണെങ്കിലും ദേശീയ അംഗീകാരമല്ലേ, കേരളത്തിൽ മറ്റാർക്കും കിട്ടിയില്ലല്ലോ തീർച്ചയായും പോകണം".

അവസാനത്തെ വാചകം എന്നെ വീണ്ടും ഞെട്ടിച്ചു.

"ഒറ്റയ്ക്ക് പോകണ്ട ഞാനും വരുന്നു കൂട്ടിന്.!

അങ്ങനെയാണ് പണിക്കർ സർ.

അയ്യോ ഇല്ല ഞാൻ ഒറ്റയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോഴും ഇല്ല ഞാനും വരുന്നുവെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

മനസ്സിൽ വീണ്ടും ആ പഴയ ആഗ്രഹം ഒന്നുകൂടെ അടിവരയിട്ടു.

"പാവങ്ങളുടെ പണിക്കർ സർ ആകണം"

 മെഡിക്കൽ ശാസ്ത്രം പറഞ്ഞുതന്ന എല്ലാവർക്കും നെഞ്ചിൽ സ്ഥിര പ്രതിഷ്ഠ നേടിയ അധ്യാപകർക്കും വെറുപ്പിച്ച  ചുരുക്കം ചില ഡോക്ടർമാർക്കും മറ്റെല്ലാ ഡോക്ടർമാർക്കും

പ്രത്യേകിച്ച് പണിക്കർ സാറിനും  ഡോക്ടേഴ്സ് ദിനാംശംസകൾ. "പണിക്കർ സാർ ആയില്ലെങ്കിലും പാവങ്ങളുടെ പണിക്കർ ആകാനുള്ള എൻറെ ശ്രമം തുടരും."

Content Summary: National Doctor’s Day 2022 - Dr. Sulphi Nooh's memoir about Dr. John Panicker

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS