ADVERTISEMENT

ഈ ഡോക്ടേഴ്സ് ദിനത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ഡോക്ടറെക്കുറിച്ച് എഴുതാം എന്നാലോചിച്ചപ്പോൾ പല മുഖങ്ങളും മനസ്സിൽക്കൂടി കടന്നു പോയി. അപ്പോഴാണ് കോട്ടയത്തിന്റെ സ്വന്തം ഡോക്ടർ എന്നറിയപ്പെടുന്ന, നമുക്കെല്ലാവർക്കും അഭിമാനത്തോടെ പറയാവുന്ന ഡോ. മാത്യു പാറയ്ക്കൻ സാറിനെക്കുറിച്ച് ഞാൻ കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കു വയ്ക്കാമെന്നു വിചാരിച്ചത്.

പഠനകാലവും ഔദ്യോഗികജീവിതവും 

കേരളത്തിൽ എംബിബിഎസ് തുടങ്ങുന്നതിനു വർഷങ്ങൾക്കു മുൻപ്, 1950 ൽ മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ഡിഗ്രി നേടിയ ചുരുക്കം ചില മലയാളികളിൽ ഒരാളാണ് പാറയ്ക്കൻ സർ. 1959 ൽ ബോംബെ ഗ്രാന്റ് മെഡിക്കൽ കോളജിൽനിന്നു ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി തിരിച്ചു കേരളത്തിലെത്തിയ അദ്ദേഹം 1963 ൽ കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ എംബിബിഎസ് ബാച്ച് ആരംഭിക്കുവാൻ നേതൃത്വം നൽകി. ഇന്ന് കോട്ടയം ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കോട്ടയത്തെ ആദ്യത്തെ എംബിബിഎസ് ബാച്ചിന്റെ പഠനം ആരംഭിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. ഇടയ്ക്കു കോഴിക്കോട്ടേക്കു സ്ഥലംമാറിയപ്പോൾ അവിടെയും എംബിബിഎസ് ബാച്ച് ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. പിന്നീട് തിരിച്ചു കോട്ടയത്തെത്തിയ പാറയ്ക്കൻ സർ കോട്ടയം മെഡിക്കൽ കോളജിലെ ഇന്നത്തെ  ജനറൽ മെഡിസിൻ വിഭാഗത്തിന്റെ വളർച്ചയിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു.

ഇന്നത്തെപ്പോലെ സ്കാനിങ്ങോ മറ്റ് ഇൻവെസ്റ്റിഗേഷനുകളോ ലഭ്യമല്ലാതിരുന്ന ആ കാലത്ത് രോഗിയുടെ വിവരണങ്ങളിലൂടെയും ക്ലിനിക്കൽ  പരിശോധനയിലൂടെയും പാറയ്ക്കൻ സർ കൃത്യമായ രോഗനിർണയം നടത്തിയിരുന്നത് ‘ഒരു കല’ ആയിരുന്നെന്ന് അദ്ദേഹത്തിന്റെ വിദ്യാർഥിയും പിൽക്കാലത്തു സഹപ്രവർത്തകനുമായ കേശവൻ സർ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ പലവിദ്യാർഥികളും ഇന്ന്  ദേശീയ, രാജ്യാന്തര തലങ്ങളിൽ  പ്രശസ്തരാണ്. അദ്ദേഹത്തിന്റെ ക്ലിനിക്കൽ സ്കില്ലുകളെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചും എല്ലാവർക്കും അറിവുള്ളതിനാൽ അതിലേക്കു ഞാൻ അധികം കടക്കുന്നില്ല.1988 ൽ പാറയ്ക്കൻ സർ സർവീസിൽനിന്നു വിരമിച്ചു. പിന്നീട് കുറച്ചു കാലം കാരിത്താസിലും അതിനു ശേഷം കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലും സേവനം അനുഷ്‌ഠിച്ചു.

 

ഹൃദയാഘാത സമയത്തുണ്ടായ അവിസ്മരണീയമായ ഒരു സംഭവം 

സർവീസിൽനിന്നു വിരമിച്ചു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. 1997 ൽ ഒരു ദിവസം അദ്ദേഹത്തിന് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ട് അത്യാഹിത വിഭാഗത്തിൽ എത്തി. കോട്ടയത്തിന്റെ ജനകീയ ഡോക്ടറെ രോഗിയായി കണ്ടപ്പോൾത്തന്നെ ഡ്യൂട്ടി ഡോക്ടറുടെ പകുതി ജീവൻ പോയി. ആദ്യ പരിശോധനകൾക്കു ശേഷം ഇസിജി നിർദ്ദേശിച്ചു ഡ്യൂട്ടി ഡോക്ടർ അന്നു കോട്ടയത്തെ ഹൃദ്രോഗ വിദഗ്ധരായ ജോർജ് ജേക്കബ് സാറിനെയും മാത്യു പുളിക്കൽ സാറിനെയും മാഞ്ഞൂരാൻ സാറിനെയും ഫോണിൽ ബന്ധപ്പെടുവാനായി പോയി. പാറയ്ക്കൻ സാറിന്റെ ഇസിജി എടുത്തപ്പോൾ കാണിക്കുവാനായി ഡോക്ടർമാർ ആരുമില്ല. ഡ്യൂട്ടിയിലുള്ള നഴ്സ് ആകെ പരിഭ്രാന്തയായി. അപ്പോൾ മറ്റൊരു രോഗിയുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആ ആശുപത്രിയിലെ കൺസൽറ്റന്റ് സർജൻ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. നഴ്സ് ഇസിജി ആ സർജനെ കാണിച്ചു.

ഇസിജി നോക്കിയിട്ട് അദ്ദേഹം നഴ്സിനെ “എന്നോടെന്തിനീ പരാക്രമം?”എന്ന മട്ടിൽ ഒന്നു നോക്കി.

“അയ്യോ സാറേ ഇത്  പാറയ്ക്കൻ സാറിന്റെയാ. ഒന്ന് നോക്കിയിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു പറയാമോ?”

പാറയ്ക്കൻ സാറിന്റെ വിദ്യാർഥി കൂടി ആയിരുന്ന ആ സർജൻ ഓടി വന്നു സാറിനോട് ചോദിച്ചു: ‘‘സാറേ എന്നോടൊന്നും തോന്നരുത്. ഈ ഇസിജി യിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?”

പാറയ്ക്കൻ സാർ വേദന സഹിച്ചു കൊണ്ട് ആ ഇസിജി ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു: "എടോ ഇത് എസ്ടി എലിവേഷൻ എം ഐ ആണ്"

ബാക്കി മുഴുമിപ്പിക്കാൻ  അദ്ദേഹത്തിന്റെ വിദ്യാർഥിയായ സർജൻ നിന്നില്ല “സിസ്റ്ററെ സാറിനു ഹാർട്ട് അറ്റാക്ക് ആണ് വേഗം ഐസിയുവിലേക്കു ഷിഫ്റ്റ് ചെയ്യൂ" 

തക്കസമയത്തു കാർഡിയോളജിസ്റ്റുകൾ എത്തുകയും ചികിത്സ നൽകുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം മദ്രാസിൽ പോയി ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. 

കുറച്ചുദിവസം മുൻപ്, മലയാള മനോരമയുടെ ഹൃദയപൂർവം പദ്ധതിയോടനുബന്ധിച്ച് അന്നത്തെ ശസ്ത്രക്രിയാ ടീമിലുണ്ടായിരുന്ന ഡോക്ടർമാർ കോട്ടയത്ത് എത്തിയപ്പോൾ  പാറയ്ക്കൻ സർ അവരെ പോയി കാണുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

സാറിന്റെ ഓർമയിലെ മറക്കാനാവാത്ത ഒരു സംഭവം

പാറയ്ക്കൻ സാർ കോഴിക്കോട് മെഡിക്കൽ കോളജിലെ ആർഎംഒ ആയി ജോലി ചെയ്യുന്ന കാലം. അന്നവിടെ യുകെയിൽ നിന്ന് പഠനം കഴിഞ്ഞു വന്ന ഒരു ന്യൂറോളജിസ്റ്റ് ഉണ്ടായിരുന്നു. ഒരു ദിവസം അത്യാഹിത വിഭാഗത്തിൽ കലശലായ ശാരീരിക ബുദ്ധിമുട്ടുകളുമായി ഒരു രോഗി വന്നു.  ന്യൂറോളജിസ്റ്റായിരുന്നു ഡ്യൂട്ടിയിൽ. അദ്ദേഹം രോഗിയെ പരിശോധിച്ചതിനു ശേഷം, ‘രോഗിക്ക് അഡ്മിഷൻ വേണം, പക്ഷേ രോഗനിർണയം (diagnosis) പൂർത്തിയായില്ല, രോഗിയെ വാർഡിലേക്ക് അഡ്മിറ്റ് ചെയ്തോളൂ’ എന്നു പറഞ്ഞു. രോഗത്തെപ്പറ്റി ചിന്തിച്ച് അദ്ദേഹവും സഹപ്രവർത്തകരും നിസ്സഹായരായി ഇരിക്കുന്ന സമയം, കറുപ്പൻ എന്ന അറ്റൻഡർ എത്തി രോഗിയെ വാർഡിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. കറുപ്പൻ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് “സാറേ, ഇദ്ദേഹത്തെ ടെറ്റനസ് വാർഡിലേക്കല്ലേ കിടത്തണ്ടത് ?”

ആ ചോദ്യം കേട്ടപ്പോഴാണ് ഡോക്ടറുടെ മനസ്സിൽ ആ ഡയഗ്നോസിസ് കൃത്യമായി ഉദിച്ചത് ‘യെസ് ഇറ്റ്സ് ടെറ്റനസ്’.

ഇന്ന് ഇന്ത്യയിലെ  ഭൂരിഭാഗം ഡോക്ടർമാരും ടെറ്റ്നസ് എന്ന രോഗം കണ്ടിട്ടുണ്ടാവില്ല. അതുപോലെയായിരുന്നു അന്ന് യുകെയിൽനിന്ന് ഉപരിപഠനം കഴിഞ്ഞെത്തിയ ആ ഡോക്ടറും. ആർഎംഒ ആയിരുന്ന പാറയ്ക്കൻ സാറിനായിരുന്നു പാരാമെഡിക്കൽ സ്റ്റാഫിന്റെ ചാർജ്. ആ ന്യൂറോളജിസ്റ്റ് പങ്കുവച്ച ഈ അനുഭവം ഇന്നും സാറിന്റെ ഓർമയിൽ തങ്ങി നിൽക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങൾ സാറിനൊപ്പം ഒരു സഹപ്രവർത്തകനായി, സർജനായി ജോലി ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഇന്നും ഒരു മീറ്റിങ്ങിനോ ചടങ്ങിനോ വിളിച്ചാൽ സ്വന്തം വണ്ടിയിൽ സ്വയം ഡ്രൈവ് ചെയ്തു കൃത്യസമയത്തിന് അഞ്ചു മിനിറ്റ് മുൻപ് എത്തിച്ചേരാൻ നമ്മളിൽ എത്ര പേർക്കു സാധിക്കുമെന്ന് ആലോചിച്ചാൽതന്നെ നമുക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർധിക്കും. ഈ ഡോക്ടേഴ്സ് ദിനത്തിൽ സാറിനോട് ഞാൻ ഒരു ചോദ്യമാണ് ചോദിച്ചത് “സർ ഈ വർഷങ്ങൾക്കിടയിൽ കേരളത്തിലെ ആതുര ശുശ്രുഷാരംഗത്ത് എന്ത് പ്രകടമായ വ്യത്യാസമാണ് സാറിനു തോന്നിയത്. പ്രത്യേകിച്ച് രോഗീ പരിചരണത്തിൽ ?”

“ബിബിനേ, ഇത്രയും വർഷങ്ങൾക്കിടയിൽ ഡോക്ടർ –രോഗീ ബന്ധത്തിൽ വലിയ ഒരകൽച്ച എനിക്കനുഭവപ്പെട്ടു. അതിനു പല കാരണങ്ങൾ ഉണ്ടാകാം. പക്ഷേ എന്നും ഒരു ഡോക്ടറും രോഗിയും ആയുള്ള rapport നമ്മുടെ ചികിത്സയുടെ ഒരാണിക്കല്ലാണെന്നു തന്നെ പറയാം”

വരുന്ന സെപ്റ്റംബർ 27 ന് നവതി ആഘോഷിക്കുന്ന, കോട്ടയത്തിന്റെ കൈപ്പുണ്യമായ ഡോ. മാത്യു പാറയ്ക്കൻ സാറിന് ഈ ഡോക്ടേഴ്സ് ദിനത്തിൽ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. ഡോക്ടർമാരുടെ യുവതലമുറയെ ഇത്രയ്ക്കു സ്വാധീനിക്കാൻ തക്ക മറ്റൊരു പ്രതിഭയും ഇന്നു ജീവനോടെ ഇല്ല എന്ന് നിസംശയം പറഞ്ഞു കൊണ്ട് എല്ലാവർക്കും ഡോക്ടേഴ്സ് ദിനാശംസകൾ നേരുന്നു.

(ഐഎംഎകോട്ടയം ജില്ലാ പ്രസിഡന്റ് ആണ് ലേഖകൻ)

Content Summary: Doctor's Day 2022, Dr. Mathew Parackal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com