ADVERTISEMENT

‘മോൻ പതിയെ എഴുന്നേൽക്ക്, ഞാൻ താങ്ങി പിടിക്കാം.....’ മെഡിക്കൽ കോളജിലെ മെഡിക്കൽ പേ വാർഡിൽ അച്ഛന്റെ കട്ടിലിനരികിലായി തറയിൽ ഒരു ബെഡ്ഷീറ്റിൽ പനിച്ചു വിറങ്ങലിച്ചു കിടക്കുന്ന 7 -ാം ക്ലാസ്സുകാരനെ ഡോ. അഹമ്മദ് പിള്ള താങ്ങിപിടിച്ച് എഴുന്നേൽപ്പിച്ചു. എന്റെ അച്ഛനാകട്ടെ പ്രമേഹം മൂർച്ഛിച്ച് അതീവ ഗുരുതരാവസ്ഥയിലും!. അമ്മ എന്ത് ചെയ്യണമെന്നറിയാതെ പൊട്ടി പൊട്ടി കരയുകയാണ്. ചുറ്റും സന്ദർശകരാണ്. വിവിധ സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ അച്ഛനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയുമാണ്. 

ഞാൻ കുഞ്ഞു നാളിലെ 'അഹമ്മദ് അങ്കിൾ' എന്ന് വിളിക്കുമായിരുന്ന, ഡോ.അഹമ്മദ് പിള്ള എന്ന മെഡിക്കൽ കോളജിലെ ഡോക്ടർ  എന്നെ പതിയെ നടത്തി തൊട്ടടുത്തുള്ള മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി; പരിശോധനകൾക്കായി രക്തമെടുത്തു, മരുന്നുകൾ തന്നു, കുത്തിവയ്പും എടുത്തു.  ഒരു മണിക്കൂറിനുള്ളിൽ തന്നെ എനിക്ക് എന്റെ നഷ്‌ടപ്പെട്ട ഊർജ്ജം തിരികെ കിട്ടി, ഞാൻ എന്റെ  'ഡ്യൂട്ടിയിൽ' തിരികെ പ്രവേശിച്ചു. പ്രമേഹരോഗികൂടിയായ എന്റെ  അമ്മയും കടുത്ത പനി അവഗണിച്ചുകൊണ്ടാണ് അൽപ്പം പോലും വിശ്രമിക്കാതെ അച്ഛനെ ശുശ്രുഷിക്കുന്നത്. ഞാനും അഹമ്മദ് അങ്കിളും കൂടി നിർബന്ധിച്ച് 5 മിനിറ്റ് അമ്മയെ അച്ഛന്റെ അടുക്കൽ നിന്നും മാറ്റി ഔഷധങ്ങൾ നൽകി. 

12 വയസുകാരനായ എന്നെ അന്ന് ഡോ.അഹമ്മദ് പിള്ള ജീവിതത്തിലെ ഒരു വലിയ പാഠമാണ് പഠിപ്പിച്ചത്. ഞങ്ങൾ ഡോക്ടർമാർ ദിനംപ്രതി 100 കണക്കിന് രോഗികളെ കാണും. അവരോടൊപ്പം ആശുപത്രിയിലെത്തുന്ന ഉറ്റ ബന്ധുക്കളോട് ഒരുപാട് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും. എന്നാൽ നമ്മൾ രോഗിയോടൊപ്പം എത്തുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചോ ആരോഗ്യനിലയെക്കുറിച്ചോ ചിന്തിക്കാറില്ല. പലപ്പോഴും ഇതിനു പ്രധാനകാരണം സമയമില്ലാത്തതുകൊണ്ടാണ്. എന്നാൽ ചികിത്സയിലെ വിജയാപജയങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത് ഈ ഘടകമാണ്. 

മേൽ വിവരിച്ച സംഭവം നടന്നിട്ട് 4 പതിറ്റാണ്ടിലധികം  പിന്നിട്ടെങ്കിലും എന്റെ അമ്മ സീതാലക്ഷ്മിദേവ് ഇപ്പോഴും അത് ഓർമിപ്പിക്കാറുണ്ട്. 'ഡോ. അഹമ്മദ് പിള്ള എത്ര വലിയ മനുഷ്യസ്നേഹിയാണ്, അദ്ദേഹത്തിന്റെ പ്രവൃത്തികളിൽനിന്നു ഡോക്ടർമാർക്ക് മാത്രമല്ല സാധാരണക്കാരായ നമുക്കും ഒരുപാട് പഠിക്കാനുണ്ട്'. കലയെയും സാഹിത്യത്തെയും കുഞ്ഞുനാളിലെതന്നെ നെഞ്ചോടടുപ്പിച്ചിരുന്ന  ഈ ഡോക്ടർ പഠിച്ചുകൊണ്ടിരുന്ന വേളയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. വർഷങ്ങളോളം യൂണിയന്റെ പലവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന അദ്ദേഹം എന്റെ അച്ഛൻ പി.കേശവദേവിനെ മെഡിക്കൽ കോളജിലെ നിരവധി യോഗങ്ങളിൽ പ്രഭാഷകനായും ഉദ്ഘാടകനായും  കൊണ്ടു പോയിട്ടുണ്ട്. 'ജ്യോതിയെ എനിക്ക് നിക്കറിട്ടു നടക്കുന്ന പ്രായത്തിലേ അറിയും' ഇടയ്ക്കിടെ അദ്ദേഹം ഓർമകൾ അയവിറക്കും .

 

ചെറുപ്പത്തിലേ തന്നെ, മലയാളക്ലാസ്സിക്കുകളെല്ലാം ഹൃദ്യമാക്കിയതുകൊണ്ട് കൂടി ആകാം രോഗികളുടെ നനുത്ത ഭാവങ്ങളും, മനോവികാരങ്ങളും കൂടി ഉൾക്കൊള്ളുവാൻ അദ്ദേഹത്തിനു കഴിയുന്നത്. എന്റെ 17–ാം വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിയായി ഞാൻ പ്രവേശിച്ചു. അതേ തുടർന്ന് ഡോ. അഹമ്മദ് പിള്ളയെ  രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിലും അധ്യാപകനെന്ന നിലയിലും അടുത്തറിയുവാൻ എനിക്ക് സാധിച്ചു. ക്ഷമയോടെ രോഗവിവരങ്ങൾ കേട്ടിരിക്കുക, അൽപ്പം പോലും ദേഷ്യപ്പെടാതെ, കുറ്റപ്പെടുത്താതെ രോഗികളോടും ബന്ധുക്കളോടും ഇടപഴകുക - ഒരു ഉത്തമഡോക്ടർക്ക് വേണ്ടുന്ന ഒട്ടു മിക്ക ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. 

ഒരു ഭിഷഗ്വരൻ രോഗികളെ ചികിത്സിക്കുക മാത്രമല്ല, സമൂഹത്തെയും സേവിക്കണം എന്നദ്ദേഹം ഞങ്ങൾ കുറച്ച് മെഡിക്കൽ വിദ്യാർഥികളെ അദ്ദേഹത്തിന്റെ തന്നെ ചില പദ്ധതികളിൽ ഉൾപ്പെടുത്തി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമാണ് ചെയ്തത്. നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പദ്ധതികൾ അങ്ങനെ ഞങ്ങൾ ഒരുകൂട്ടം മെഡിക്കൽ വിദ്യാർഥികൾക്ക് കിട്ടിയ ശില്പശാലകളുടെ പട്ടിക നീണ്ടതാണ്. ഒരു പാഠപുസ്തകത്തിൽ നിന്നും ഇത് പഠിച്ചെടുക്കുവാൻ കഴിയില്ല. പിൽക്കാലത്ത് ഒരു ഡോക്ടറായി മാറിയ എന്നെ ഡോ.അഹമ്മദ് പിള്ളയുടെ പ്രത്യേകതകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

സ്വന്തം ആരോഗ്യം പോലും അവഗണിച്ചുകൊണ്ടാണ് ഇപ്പോൾ വൃദ്ധജനപരിപാലനത്തിലും ചികിത്സയിലും അദ്ദേഹം വ്യാപൃതനായിരിക്കുന്നത്. കാണുമ്പോഴെല്ലാം ഞാൻ ഓർമിപ്പിക്കും "അങ്കിൾ സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണം, അത് വളരെ പ്രധാനമാണ്."

ഒരു ഭിഷഗ്വരൻ ഉത്തമ ഡോക്ടർ ആകുന്നത് എപ്പോഴാണ്? ഞാൻ ഇവിടെ പറയാൻ പോകുന്ന മാനദണ്ഡങ്ങൾ പ്രായോഗികമല്ല എന്ന് തോന്നിയേക്കാം.

എന്നാൽ ഇതിൽ 80% എങ്കിലും ഉണ്ടെങ്കിൽ അത് സമൂഹത്തിന് ഒരു മുതൽക്കൂട്ടാകും.

1 . രോഗികളോട് ക്ഷമയോടെ, അനുകമ്പയോടെ, സ്നേഹത്തോടെ ഇടപഴകുക.

2 . അൽപ്പം കൂടുതൽ സമയമെടുത്ത് ചികിത്സാ തീരുമാനങ്ങൾ എടുക്കുകയും, നിർദ്ദേശങ്ങൾ വിശദമാക്കുകയും ചെയ്യുക (രോഗികളുടെ എണ്ണം കൂടുതലാണെങ്കിൽ നിർഭാഗ്യവശാൽ ഇത് സാധ്യമല്ല)

3 . രോഗികളുടെ ഒപ്പം വരുന്നവരുടെ ശാരീരിക, മാനസിക ആരോഗ്യം കൂടി പരിഗണിക്കുക.

4 . വൃദ്ധജനങ്ങളെ പരിപാലിക്കുന്ന മക്കളും 60 വയസ്സ് കഴിഞ്ഞവരാകാം. അവർക്കും രോഗങ്ങളും, അവശതകളും ഉണ്ടാകാം.

5 . ശാസ്ത്രം ഓരോ നിമിഷവും പുരോഗമിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങൾ രോഗികൾക്ക് കിട്ടണമെങ്കിൽ, ഡോക്ടർ എന്നും പഠനത്തിനായി സമയം കണ്ടെത്തണം. (തിരക്ക് കൂടുമ്പോൾ തുടർ പഠനത്തിനും സമയം കണ്ടെത്തുവാൻ ബുദ്ധിമുട്ടാണ്.)

6 . കുടുംബത്തിനായി സമയം കണ്ടെത്തണം; സ്വന്തം ആരോഗ്യത്തിനായും സമയം കണ്ടെത്തണം (വ്യായാമത്തിനായി പോലും സമയം ഇല്ലാത്തതിനാൽ കേരളത്തിൽ  തിരക്കുള്ള ഡോക്ടർമാർക്ക് ശരാശരി ആയുർദൈർഘ്യം കുറവാണ്).

എന്നെ സ്വാധീനിച്ച നൂറുകണക്കിന് അധ്യാപക ഭിഷഗ്വരന്മാരുണ്ട്. ഞാൻ ഓരോ വ്യക്തിയിൽ നിന്നും അവരുടെ നന്മകൾ മാത്രം സ്വായത്തമാക്കാനാണ് ശ്രമിച്ചത്. ഞാൻ ഉൾപ്പെടെ ആരും തന്നെ നൂറു ശതമാനവും പൂർണരല്ല. പക്ഷേ, ഞങ്ങൾ എല്ലാവരും സ്വന്തം സുഖങ്ങൾ ത്യജിച്ച് സമൂഹത്തിനായി ജീവിതം സമർപ്പിച്ചവരാണ്. മനുഷ്യനായാലും യന്ത്രമായാലും തെറ്റുകൾ സംഭവിക്കാം. അത് ഒരിക്കലും മനഃപൂർവമല്ല. നിങ്ങളോരോരുത്തരും ഞങ്ങൾ ഡോക്ടർമാർക്ക് തരുന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊള്ളുന്നു.

(ജ്യോതിദേവ്സ് ഡയബറ്റിസ് റിസേർച്ച് സെന്റേഴ്സ് ചെയർമാൻ ആണ് ലേഖകൻ)

Content Summary: Doctor's Day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com