ADVERTISEMENT

ഒരാളെ ആദ്യം പരിചയപ്പെടുമ്പോൾ തന്നെ നാം ആദ്യം ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ മുടി. ചുരുളന്‍ മുടിക്കാരി, കോലന്‍ മുടിക്കാരന്‍ എന്നിങ്ങനെ പേര് മറന്നാലും മുടിയുടെ പ്രത്യേകത പലരും മറക്കാറില്ല. ഇതിനാല്‍തന്നെ നമ്മുടെ വ്യക്തിത്വത്തിന്‍റെ അളവ് കോലായി പലപ്പോഴും മുടി മാറാറുണ്ട്. നല്ല ആരോഗ്യവും ഇടതൂര്‍ന്നതുമായ മുടി ഒരാളുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റ് ആകുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതേ സമയംതന്നെ ചെറുപ്രായത്തിലുള്ള മുടി കൊഴിച്ചില്‍ ആത്മവിശ്വാസക്കുറവ് അടക്കമുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

 

ഉത്കണ്ഠ , മാനസിക സമ്മര്‍ദം, വിഷാദം  എന്നിവ മുതല്‍ ആത്മഹത്യ പ്രവണത വരെ മുടികൊഴിച്ചില്‍ വ്യക്തികളില്‍ ഉണ്ടാക്കുമെന്ന് വിവിധ നഗരങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ചോദ്യോത്തര രൂപത്തിലുള്ള സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെ മുതിര്‍ന്നവരില്‍ ദ എസ്തെറ്റിക്ക് ക്ലിനിക്സ് എന്ന കോസ്മെറ്റിക് സ്ഥാപനമാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മുടി കൊഴിച്ചില്‍ ഏല്‍പ്പിക്കുന്ന ആഘാതം അടിവരയിടുന്ന പഠന റിപ്പോര്‍ട്ട് ഡെര്‍മറ്റോളജിക്കല്‍ റിവ്യൂസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

 

18 വയസ്സിനു മുകളിലുള്ള 800 ഓളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 442 പേര്‍ പുരുഷന്മാരും 358 പേര്‍ സ്ത്രീകളുമാണ്. 18-30 പ്രായവിഭാഗത്തിലുളള 30 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും മുടികൊഴിച്ചില്‍ തങ്ങളുടെ സാമൂഹിക ജീവിതത്തെ ബാധിക്കുന്നതായി അഭിപ്രായപ്പെട്ടു. ഇത് മൂലം വിഷാദരോഗമുണ്ടായതായും പുറത്തിറങ്ങാതെ പലപ്പോഴും വീട്ടില്‍തന്നെ ഇരിക്കുന്ന അവസ്ഥയുണ്ടായെന്നും ഇവര്‍ പറയുന്നു. മുടി കൊഴിച്ചില്‍ നാണക്കേടും അപമാനവും ദേഷ്യവും നിരാശയുമെല്ലാം നല്‍കിയതായും പലരും ചൂണ്ടിക്കാട്ടി. 

 

കഷണ്ടിയുള്ള പുരുഷന്മാരെ സമൂഹം ഏതാണ്ട് അംഗീകരിച്ച മട്ടാണെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലെന്നും മുടിയെ സമൂഹം സ്ത്രീത്വത്തിന്‍റെ അടയാളമായി ഇപ്പോഴും വീക്ഷിക്കുന്നതായും ഗവേഷണം നടത്തിയ എസ്തെറ്റിക് ക്ലിനിക്കിലെ ചര്‍മരോഗ വിദഗ്ധ ഡോ. റിങ്കി കപൂര്‍ പറഞ്ഞു. ഇതിനാല്‍തന്നെ  നിരവധി പ്രയാസങ്ങള്‍ മുടികൊഴിച്ചിലും കഷണ്ടിയും സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. മുടികൊഴിച്ചില്‍ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം വേണമെന്നും പല ചികിത്സാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഒരു സമീപനം ഇതിന്‍റെ ചികിത്സയ്ക്ക് ആവശ്യമാണെന്നും ഡോ. റിങ്കി കൂട്ടിച്ചേര്‍ത്തു. 

Content Summary: Hair loss and mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com