ADVERTISEMENT

ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഫ്ളാഗ്ഷിപ് കമ്പനിയായ  ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ബിസിനസ് വിഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് ഇന്‍സുലിന്‍ സൂക്ഷിക്കുന്നതിനായി  പ്രത്യേകം രൂപകല്‍പ്പന ചെയ്ത  രണ്ടു നവീന ശീതീകരണികള്‍ പുറത്തിറക്കി. ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍ക്ക്  അവ  നിശ്ചിത താപനിലയില്‍, സുരക്ഷിതമായി സൂക്ഷിക്കുന്നതിനാണ് ഗോദ്റെജ് ഇന്‍സുലികൂള്‍, ഗോദ്റെജ് ഇന്‍സുലികൂള്‍ പ്ലസ് എന്നീ രണ്ടു ശീതീകരണികള്‍ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. 

 

വില 5999 രൂപ മുതല്‍. കമ്പനിയുടെ  ഇ- സ്റ്റോറുകളിലും ആമസോണ്‍ പോലുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മരുന്നു കടകളിലും ഈ ശീതീകരണികള്‍ ലഭ്യമാണ്.  

 

കണക്കുകളനുസരിച്ച് ഇന്ത്യയില്‍ 7.4 കോടിയോളം ആളുകള്‍ പ്രമേഹബാധിതരാണ്. 2030-ഓടെ ഇതില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നും കണക്കാക്കുന്നു. ഇതില്‍ കുറഞ്ഞത് 10 ശതമാനത്തിനെങ്കിലും ഇന്‍സുലിന്‍ ചികിത്സ വേണ്ടി വരും. ഇന്‍സുലിന്‍ ഏറ്റവും ഫലപ്രദമാകണമെങ്കില്‍ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണമെന്നാണ് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളത്. താപനിലയിലെ വ്യത്യാസം ഇന്‍സുലിന്‍റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും.

 

ദൈനംദിന ആവശ്യത്തിനുള്ള ഇന്‍സുലിന്‍ നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കുന്നതി നായി സ്വീകരിക്കുന്ന സംഭരണ രീതികള്‍ ഇന്ത്യയിലും മറ്റു നിരവധി രാജ്യങ്ങളിലും വലിയ വെല്ലുവിളിതന്നെയാണ്. യാത്രയില്‍ ഇതു കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യുന്നു. ഇപ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഐസ് പായ്ക്കുകള്‍ പോലുള്ള പരിഹാരങ്ങള്‍ ഇന്‍സുലിന്‍ സൂക്ഷിക്കുന്നതിന് നിര്‍ദ്ദേശിക്കാനാവില്ല. വീടുകളില്‍ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളും അനുയോജ്യമല്ല. കാരണം, ഇടയ്ക്കിടെ വാതില്‍ തുറക്കുന്നത് താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. ഉചിതരീതിയിലല്ലാതെ ഇന്‍സുലിന്‍  സൂക്ഷിക്കുന്നത് അതിന്‍റെ ശക്തി കുറയുന്നതിന് കാരണമാകും. കാലക്രമേണ ഡോസ് വര്‍ധിപ്പിക്കേണ്ടതായും വരും. നിര്‍ദ്ദേശിച്ചിട്ടുള്ള താപനിലയില്‍, ശരിയായ രീതിയില്‍ സൂക്ഷിക്കുന്ന ഇന്‍സുലിന്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു.

 

നൂതന സോളിഡ് സ്റ്റേറ്റ് തെര്‍മോഇലക്ട്രിക് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗോദ്റെജ് ഇന്‍സുലികൂള്‍ ഉത്പന്നം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മാത്രവുമല്ല, 43 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷ ഊഷ്മാവില്‍ പോലും സിസ്റ്റത്തിന്‍റെ ആന്തരിക താപനില എപ്പോഴും 2-8 ഡിഗ്രിയിലായിരിക്കും. യൂണിറ്റിന്‍റെ മുന്‍വശത്തുള്ള ഡിസ്പ്ലേ ഇന്‍ഡിക്കേറ്റര്‍ ഇന്‍സുലിന്‍ ശരിയായ താപനിലയില്‍ സൂക്ഷിക്കുന്നതായി കാണിക്കുന്നു. 560 എംഎല്‍ സംഭരണ ശേഷിയുള്ള ഇതില്‍ 9 കുപ്പികള്‍  സൂക്ഷിക്കാം. അല്ലെങ്കില്‍ 2 പേനകളും 5 കാട്രിഡ്ജുകളും കുപ്പികളുടെ ഹോള്‍ഡര്‍ നീക്കം ചെയ്തു സൂക്ഷിക്കാം. 

 

കൃത്യമായ താപനില ഉറപ്പാക്കുന്നതിനു പുറമേ,  ഇത് എങ്ങോട്ടുവേണമെങ്കിലും എടുത്തുകൊണ്ടുപോകാമെന്നതാണ് മറ്റൊരു സവിശേഷത. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഇന്‍സുലികൂളില്‍ ഒരു ഷോള്‍ഡര്‍ ബെല്‍റ്റുമുണ്ട്. യൂണിറ്റിനൊപ്പം നല്‍കിയിട്ടുള്ള പവര്‍ അഡാപ്റ്ററിന് പുറമേ, 4 മണിക്കൂര്‍ ബാക്കപ്പ് നല്‍കുന്ന എക്സ്റ്റേണല്‍ പവര്‍ ബാങ്ക് പോലുള്ള അധിക  ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്കിടയില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള കാര്‍ അഡാപ്റ്റര്‍ കിറ്റും ലഭ്യമാണ്. ഉയര്‍ന്ന വേരിയന്‍റായ ഇന്‍സുലികൂള്‍ പ്ലസ് ഉത്പന്ന കിറ്റില്‍ ബാഹ്യ പവര്‍ ബാങ്കും ലഭിക്കും. യാത്ര ചെയ്യുന്ന സമയത്ത് തണുപ്പ് നഷ്ടപ്പെടാത്ത വിധത്തില്‍ സുരക്ഷിതമായ സംവിധാനം  ഒരുക്കിയിട്ടുണ്ട്. 

 

ഊഷ്മാവ് സംവേദനക്ഷമതയുള്ള വാക്സിനുകള്‍, മരുന്നുകള്‍, തുള്ളിമരുന്നു കുപ്പികള്‍, മറ്റ് മെഡിക്കല്‍ സാമ്പിളുകള്‍, സ്പെസിമെന്‍ തുടങ്ങിയവ 2 ഡിഗ്രി - 8 ഡിഗ്രി സെല്‍ഷ്യസ് എന്ന കൃത്യമായ താപനിലയില്‍ സൂക്ഷിച്ച് അവയുടെ കാര്യക്ഷമത നിലനിര്‍ത്താനും ഈ ഉത്പന്നം ഉപയോഗിക്കാം. 

 

ഇന്ന് ഒരു രാജ്യത്തിന്‍റെ വളര്‍ച്ചയുടെ പ്രധാന പിന്‍ബലങ്ങളിലൊന്നാണ് ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളാണെന്നും നമ്മുടെ നിലവിലെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികള്‍ക്കു പരിഹാരം കാണുവാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിനും നൂതന സംഭാവനകള്‍ക്കും സാധിക്കുമെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ഗോദ്റെജ് ആന്‍ഡ് ബോയ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൈറിക ഹോള്‍ക്കര്‍ പറഞ്ഞു. മെച്ചപ്പെട്ട ഇന്‍സുലിന്‍ ശീതീകരണ പരിഹാരങ്ങളുടെ അഭാവം നമ്മുടെ  രാജ്യത്തെ പ്രമേഹ ചികിത്സയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഞങ്ങള്‍ പഠിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനും ദശലക്ഷക്കണക്കിന് ഇന്‍സുലിന്‍ ആശ്രിത പ്രമേഹരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നൂതനമായ ഒരു പരിഹാരം കണ്ടെത്തുവാന്‍  മെഡിക്കല്‍ കോള്‍ഡ് ശൃംഖലയിലെ ഞങ്ങളുടെ വൈദഗ്ധ്യം ഞങ്ങളെ പ്രാപ്തരാക്കി. ഗോദ്റെജ് ഇന്‍സുലികൂള്‍ ശ്രേണിയുടെ രൂപകല്‍പ്പനയിലാണ് അതു ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

സാധാരണ വീട്ടില്‍ ഇന്‍സുലിന്‍ സൂക്ഷിക്കുവാന്‍ റെഫ്രജിറേറ്ററുകളാണ് ഉപയോഗിക്കുന്നത്. പല തവണ ഇതു തുറക്കുന്നതുമൂലം താപനിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇത് ഇന്‍സുലിന്‍റെ കാര്യക്ഷമതയെ ബാധിക്കുന്നു. മാത്രവുമല്ല, യാത്ര ചെയ്യുമ്പോള്‍ മിക്കയാളുകളും ശരിയായ ശീതീകരണ രീതികള്‍ ഉപയോഗിക്കുന്നുമില്ല.

 

ഇന്‍സുലിന്‍ നിര്‍ബന്ധമായും 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണമെന്നും ഇതില്‍ വ്യത്യാസം സംഭവിക്കുമ്പോള്‍ ഇന്‍സുലിന്‍റെ കാര്യക്ഷമത കുറയുമെന്നും പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റും ദീനനാഥ് മങ്കേഷ്കര്‍ ഹോസ്പിറ്റല്‍  എന്‍ഡോക്രൈനോളജി മേധാവിയും സ്പിയര്‍  സ്ഥാപകയുമായ ഡോ. വൈശാലി ദേശ്മുഖ് പറഞ്ഞു. രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാന്‍ നിശ്ചിത ഡോസ് ഇന്‍സുലിന്‍ ഉപയോഗിക്കുന്നു. എന്നാല്‍ കാര്യക്ഷമത കുറയുന്നതുമൂലം ഉദ്ദേശിച്ച ഫലം കിട്ടാതെ പോകുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  

 

ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുവാന്‍  ഞങ്ങള്‍ അശ്രാന്തം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗോദ്റെജ് അപ്ലയന്‍സസിന്‍റെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു. പ്രമേഹ രോഗികള്‍ നേരിടുന്ന അത്തരത്തിലുള്ള ഒരു പ്രശ്നത്തിനു പരിഹാരമായാണ് ഞങ്ങള്‍ ഗോദ്റെജ് ഇന്‍സുലികൂള്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചിട്ടുള്ളത്. ശുപാര്‍ശ ചെയ്യുന്ന 2-8 ഡിഗ്രി സെല്‍ഷ്യസില്‍  ഇന്‍സുലിന്‍ സൂക്ഷിക്കുവാന്‍ സഹായിക്കുന്ന ഉപകരണമാണ് ഗോദ്റെജ് ഇന്‍സുലികൂള്‍.  കൃത്യമായ താപനിലയില്‍ ഇന്‍സുലിന്‍ സൂക്ഷിക്കുകയെന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാണിത്.  കൂടാതെ വീട്ടിലോ ഓഫീസിലോ യാത്രയിലോ ഉപയോഗിക്കാന്‍ തക്കവിധത്തിലാണ് ഇതിന്‍റെ രൂപകല്‍പ്പന. ഇത് ഇന്ത്യയിലെ പ്രമേഹ നിയന്ത്രണത്തെ ഗുണപരമായി സ്വാധീനിക്കുമെന്നും പ്രമേഹ രോഗികളുടെ ജീവിതനിലവാരം  ഒരുപാട് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com